Sunday, May 15, 2011

മഹാരാജാ ടാക്കീസ് (Maharaja Takies )

അണ്ണാ ഒരു ചെറിയ സഹായം ...

എന്തുവാടെ നിന്നെ സഹായിക്കാനായി ഈ കണ്ട കൂറ പടങ്ങളൊക്കെ കണ്ടു മനസിന്‍റെ സമനില തെറ്റാറായി . അത് പോരെ ?

അതല്ല അണ്ണാ.കഴിഞ്ഞ ദിവസം നമ്മുടെ വിപ്ലവ പാര്‍ട്ടിയുടെ നേതാവിനെ കണ്ടു. അവരുടെ സിനിമ ലേഖകന്‍ അമേരിക്കയില്‍ നേഴ്സ് പണിക്കു വിസ കിട്ടി പോയത് കൊണ്ട് അത്യാവശ്യമായി ഒരാളെ വേണമത്രെ.ഞാന്‍ നമ്മുടെ ബ്ലോഗിന്റെ കാര്യമൊക്കെ പറഞ്ഞു ഒന്ന് മുട്ടി നോക്കി അങ്ങേര്‍ക്കു വലിയ വിവരം ഒന്നും ഇല്ല ഈ ബ്ലോഗ്ഗര്‍,ബ്ലോഗിങ്ങ് ഇവയെ പറ്റി.പിന്നെ അവരൊക്കെ സ്വന്തമായി കുറച്ചു ഈ സാധനം വാങ്ങി വെച്ചിട്ടുണ്ടെന്ന് ഏതോ രഹസ്യ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞു കേട്ടിടുണ്ടാത്രേ .പിന്നെ അതൊക്കെ രാഷ്ട്രീയ ബ്ലോഗ്‌ ആണെന്നും ഇങ്ങനത്തെ സാധനം പാര്‍ടിക്ക് ഇല്ലെന്നും ഒക്കെ പറഞ്ഞു അയാളെ ബോധവല്‍ക്കരിച്ചു ഒരു മണിക്കൂര്‍ വായിലെ വെള്ളം വറ്റിച്ചു . അവസാനം അവസാനം ഇറങ്ങിയ പടത്തെ അഭിപ്രായം എഴുതി കൊണ്ട് വരാന്‍ പറഞ്ഞു.അണ്ണാ കിട്ടിയാല്‍ ഊട്ടി.പോന്നു അണ്ണാ അവിടെ ഒക്കെ ജോലി ചെയുമ്പോള്‍ മാത്രമല്ല പിരിഞ്ഞു പോയാല്‍ പോലും ഒടുക്കത്തെ ആനുകൂല്യങ്ങള്‍ ആണ്. നമ്മുടെ കാളകൂടം വാരിക മുതലാളി ഈപ്പച്ചന്‍ മര്യാദക്ക് ശമ്പളം പോലും തരുന്നില്ല.ഒന്ന് ഉത്സാഹിച്ചു ഒരു തകര്‍പ്പന്‍ സാധനം ഇങ്ങു തന്നേ..നമ്മുടെ വിപ്ലവ നേതാവ് മൂക്കും കുത്തി വീഴണം .

അനിയ നിന്‍റെ സമയം ആ പടം ഇന്നലെ പോയി കണ്ടതേ ഉള്ളു. എന്താണെന്നറിയില്ല ഇന്നലെ വരെ എന്നോട് രൂക്ഷമായി തര്‍ക്കിച്ചു കൊണ്ട് ഇരുന്ന ,എന്‍റെ കൂടെ സിനിമക്ക് കമ്പനി തരാറുള്ള ,സുഹൃത്ത്‌ ശ്രീനി,ഈ ചിത്രം കണ്ടത് മുതല്‍ തികഞ്ഞ ദയവോടെ ആണ് എന്നോട് പെരുമാറുന്നത് അവന്‍റെ തന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ,"നിന്‍റെ ഒക്കെ അവസ്ഥ ... ഈ ജാതി പടവും കാണണം . അഭിപ്രായവും എഴുതണം ...." എന്നാണ് .

അണ്ണാ അതൊക്കെ ശരി . ഈ സാധനം ....?

ശരി നിന്‍റെ കാര്യം അല്ലെ ഇന്നാ പിടിച്ചോ . താരാധനയുടെ നീര്‍ ചുഴിയില്‍ വട്ടം കറങ്ങുന്ന മലയാള സിനിമയില്‍ പുതുമയുടെ ഒരു നവജീവനായി കാണാവുന്ന ചിത്രമാണ് മഹാരാജാടാക്കീസ് .അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം നേരിടുന്ന പ്രതിസന്ധികളും സ്ത്രീ ശാക്തീകരണത്തിന്‍റെ ക്രിയാത്മക പ്രതിരോധവും ഈ ചിത്രത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.ഒരു സിനിമ തീയറ്റര്‍ നടത്തിക്കൊട്നു പോകുന്ന നാലു സഹോദരിമാരുടെ കഥ പറയുന്ന ഈ ചിത്രം ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ചിത്രം അന്നെന് തോന്നും എങ്കിലും അങ്ങനെ അല്ല . ഈ ചിത്രത്തിലൂടെ സംവിധായകന്‍ ദേവിദാസന്‍ പറയാന്‍ ശ്രമിക്കുന്നത് തൊഴിലാളി വര്‍ഗത്തെ എന്നും എതിര്‍ക്കാനും നശിപ്പിക്കാനും കിണഞ്ഞു ശ്രമിക്കുന്ന ബൂഷ്വ കുത്തക വര്‍ഗത്തെ അനാവരണം ചെയ്യാനാണ്.മൂര്‍ഖന്‍ പറമ്പില്‍ പാപ്പച്ചന്‍ എന്ന (പേര് കേട്ടാല്‍ തന്നേ മനസിലാകില്ലേ ദുഷ്ടനാണെന്ന്) കുത്തക മുതലാളിയെ വിജയരാഘവന്‍ അവതരിപ്പിക്കുന്നു. രണ്ടു തലമുറ മുന്‍പ് ഈ തീയറ്റര്‍ ഇവരുടേത് ആയിരുന്നു എന്ന പേരില്‍ അത് തിരിച്ചു പിടിച്ചു അവിടെ ഒരു എ സി, ഡി ടി എസ് തീയറ്റര്‍ ഉണ്ടാക്കാന്‍ ഇയാള്‍ നടത്തുന്ന ശ്രമങ്ങള്‍ സാമൂഹ്യ ബോധം ഉള്ള (ബോധം ഉണ്ടായിട്ടു വേണ്ടായോ സാമൂഹ്യ ബോധം ഇവനൊക്കെ !!) ഏതൊരു പൌരന്റെയും ചോര തിളപ്പിക്കുന്നതാണ്.എന്നും ബൂഷ്വ കുത്തക മുതലായിമാരുടെ പിണിയാളായി നിന്നിട്ടുള്ള മധ്യവര്‍ഗത്തിനെ ഹരി ശ്രീ അശോകന്‍ പ്രതിനിധീകരിക്കുന്നു (പാപ്പച്ചന്‍ മുതലാളിടെ ശിങ്കിടി).നായിക ഉര്‍വശി അവതരിപ്പിക്കുന്ന നായിക വിമല ഈ മുന്നണിയിലെ നമ്മുടെ പാര്‍ട്ടിയുടെ ശക്തമായ പ്രതീകമാണ്‌.ഏതു പ്രതിസന്ധിയും ധീരമായി നേരിടുന്ന വിമലയുടെ മൂന്ന് സഹോദരിമാര്‍ക്ക് നമ്മുടെ ഘടകകക്ഷികളുമായി ഉള്ള സാമ്യം ഒരിക്കലും യാദ്രിശ്ചികം ആണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഏറ്റവും ഇളയ സഹോദരി ഊമയും കൂടിയാകുമ്പോള്‍ സദൃശ്യം തികച്ചും പൂര്‍ണം .ഒരു രംഗത്ത് മാത്രം വരുന്ന തമിഴ് അശ്ലീല സിനിമ വിതരണക്കാരന്‍ സാമ്രാജ്യത്വ കുത്തകകള്‍ പൊരുതുന്ന സമൂഹത്തിനു (ഇവിടെ സമൂഹത്തിനു മനസമാധാനമായി ഒരിടത്തു ഇരിക്കാന്‍ പറ്റുന്നില്ല അപ്പോളല്ലേ പൊരുതുന്നത് !!) കൊടുക്കുന്ന ഔട്ട്‌സോര്‍സിംഗ് പോലുള്ള അപ്പ കഷ്ണങ്ങള്‍ കൊണ്ട് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്‌ .മനോഹരം എന്നല്ലാതെ മറ്റൊരു വാക്ക് ഇതിനെ കുറിച്ച് പറയാനില്ല .
പിന്നെ ഈ കഥ നടക്കുന്ന ഗ്രാമത്തിലെ പഞ്ചായത്ത് ഭരിക്കുന്നത്‌ തികച്ചും വിപ്ലവ ബോധം ഇല്ലാത്ത ബൂഷ്വ പാര്‍ട്ടികള്‍ അന്നെന്നത് വ്യക്തമായി കാണികളിലേക്ക് സംവേദിച്ചിട്ടുണ്ട് .പേരെടുത്തു പറയാതെ തന്നെ ഇപ്പോളും അപവാദങ്ങള്‍ പോസ്റ്റര്‍ ആക്കി കവലയില്‍ ഒട്ടിക്കുന്ന പ്രാകൃതമായ രീതികള്‍ പിന്തുടരുന്ന പാര്‍ട്ടി ഏതാണെന്ന് ആര്‍ക്കും ഒരു സംശയും ഉണ്ടാകില്ല.ഇതിനു പകരം നായികയെ ഒരു പുരുഷനോടൊപ്പം രാത്രി,സംസാരിച്ചിരിക്കുമ്പോള്‍ വീട് വളഞ്ഞു പിടിച്ചു പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചാനല്‍ കൂടി തല്‍സമയ സംപ്രേക്ഷണം നടത്തി ആഘോഷിക്കുകയും ചെയുന്നതായി കാണിച്ചിരുന്നെങ്കില്‍ ‍ തീര്‍ച്ചയായും അത് കാണികളില്‍ ആശയകുഴപ്പം ഉണ്ടാക്കിയേനെ.ഇതൊന്നും ഒന്നുമല്ല ഏതാണ്ട് അവസാനം അടുക്കുമ്പോള്‍ ആണ് നമുക്ക് കുത്തക മുതലാളി പാപ്പച്ചന്‍ ഒരു ഉപകരണം മാത്രം ആണെന്നും പാപ്പച്ചന്റെ പിന്നില്‍ ഒളിഞ്ഞിരുന്നു പ്രവര്‍ത്തിച്ചിരുന്നത് സാമ്രാജ്യത്വ - പ്രതിലോമ ശക്തികളുടെ അന്തര്‍ധാരയുടെ മൂര്‍ത്തീഭാവമായ അമേരിക്കക്കാരന്‍ സിബിച്ചന്‍ (പാപ്പച്ചന്‍റെ അനിയന്‍ ) ആണെന്ന് അറിയുന്നത്. സിബിച്ചന്‍ വരുന്നതോടെ പാപ്പച്ചന്‍ അപ്രത്യക്ഷന്‍ ആകുന്നു എന്നത് തികച്ചും സ്വാഭാവികം (സാമ്രാജ്യത്വതിനു മുന്നില്‍ എന്തോന്ന് കുത്തക ?) ഒടുവില്‍ തന്‍റെ സ്വന്തം ഘടകകക്ഷിയെ ക്ഷമിക്കണം സഹോദരിയെ നശിപ്പിക്കാന്‍ പോലും ശ്രമിക്കുന്ന സാമ്രാജ്യത്വത്തെ ഒരു സംഹാരരുദ്രയായി മാറി ചുവന്ന ഒരു തൊട്ടി കൊണ്ട് അടിച്ചു അടിച്ചു കൊല്ലുന്ന വിമല അഥവാ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം ഓരോ പ്രേക്ഷകനെ കൊണ്ടും മനസിലെങ്കിലും ഒരു ഇങ്ക്ലാബ്‌ സിന്ദാബാദ്‌ വിളിപ്പിക്കാതെ പുറത്തോട്ട് വിടും എന്ന് തോന്നുന്നില്ല .(പറയുമ്പോള്‍ എല്ലാം പറയണമല്ലോ അവസാന രംഗങ്ങളില്‍ (ബലാത്സംഗശ്രമ രംഗം ) നാലു പേര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ട് പോലും സാമ്രാജ്യത്വം ലക്‌ഷ്യം കൈവരിക്കാന്‍ നടത്തുന്ന ധീരമായ ശ്രമം സമതിക്കണം .എന്തൊരു നിശ്ചയദാര്‍ഡ്യം!!!!)

ഡാ...... ഇതു തന്നെ സാധനം. കൊണ്ട് കൊടുക്കെടെ പണി നിനക്ക് തന്നെ ..

ശരി ഇനി പറ പടം എങ്ങനെയുണ്ട് ?

രണ്ടു വരിയില്‍ ഈ പടത്തിന്റെ കഥ പറയാം . ഒരു ഗ്രാമത്തില്‍ ഒരു ബി ക്ലാസ്സ്‌ തീയറ്റര്‍. നടത്തുന്നത് നാലു സഹോദരിമാര്‍ .വില്ലന് ഈ തീയറ്റര്‍ വേണം അതിനു ചോദിക്കുന്ന വിലകൊടുക്കാനും അയാള്‍ തയാറാണ് . നായിക (ഉര്‍വശി ) അടുക്കുന്നില്ല .(അവര്‍ക്ക് ശകലം വട്ടുണ്ടോ എന്ന് സംശയമുണ്ട്‌ . സഹോദരിമാരെ ഒരു ജോലിക്കും വിടില്ല.എന്നിട്ട് ആ നാട്ടിലെ സകല അഭാസന്മാരും വരുന്ന സിനിമ ശാലയില്‍ ടിക്കറ്റ്‌ കൊടുക്കാനും ആളെ കയറ്റി വിടാനും നിര്‍ത്തും.പ്രബുദ്ധരായ ജനങ്ങള്‍ പിള്ളേരെ തോണ്ടിയതിന്റെ പേരിലുള്ള ബഹളം വേറേ).ഒരു ഹാസ്യ ചിത്രം അല്ലെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്ന കുറെ രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് . ഏറ്റവും മികച്ചത് പശ്ചാത്തല സംഗീതം ആണ് നാലേ നാലു കഷ്ണം സംഗീതം അത് മാറ്റി മാറ്റി ഈ ചിത്രത്തിന്റെ സംഭാഷണത്തിന് പിന്നണി ആയി കേള്‍പ്പിച്ചു കൊണ്ടിരിക്കും .ചെലവു കുറയ്ക്കാന്‍ സ്റ്റണ്ട്, സംവിധായകന്‍ നേരിട്ട് തകര്‍തെന്നാ തോന്നുന്നേ. സംഘട്ടന രംഗത്ത് ഇതാ എവിടെ അടിച്ചോ എന്നാ മട്ടില്‍ ഗുണ്ടകള്‍ തിരിഞ്ഞു നില്‍ക്കുന്നത് ഇടയ്ക്ക് ഇടയ്ക്ക് കാണാം.ഈ സിനിമ ശാലയിലെ ഏക പുരുഷ പ്രജയായ സ്വാമിനാഥന്‍ (ഇടുക്കി ജാഫര്‍) ഈ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ മുണ്ട് മടക്കി കുത്തു അഴിച്ചു കൂടുതല്‍ പൊക്കി മടക്കി കുത്തുന്നത് ഹാസ്യം ആയിരിക്കാം. അവസാനം വില്ലനെ നേരിട്ട് തല്ലി കൊന്നു, സഹോദരിമാരെ ഒക്കെ ഓരോ വായിനോക്കികള്‍ക്ക് കെട്ടിച്ചു കൊടുത്തു നായിക പൂര്‍വകാമുകനും ഒത്തു സന്തോഷ ഭരിതമായ ഒരു ജീവിതത്തിലേക്ക് മന്ദം മന്ദം പോകുമ്പോള്‍ (ഉര്‍വശിക്ക് അത്രയെ പറ്റു ഭയങ്കര തടി !!) ചിത്രം അവസാനിക്കുന്നു

ചുരുകത്തില്‍ പറഞ്ഞാല്‍ ...

ഒരു നിലവാരവും ഇല്ലാത്ത ഈ ചിത്രത്തിന് മുകളിലത്തെ ഒരൊറ്റ പാരഗ്രാഫ് ധാരാളം . എന്നാലും എന്തിനെയും ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും കണ്ണിലൂടെ മാത്രം കാണുന്ന പുതിയ മലയാള ആസ്വാദനത്തിനും അതിനൊക്കെ തലയാട്ടുന്ന ബഹു ഭൂരിപക്ഷം മലയാളി കോന്തന്‍മാരെയും ഓര്‍ക്കുമ്പോള്‍ ഇങ്ങനെ ഒന്ന് എഴുതാതെ വയ്യ

3 comments:

  1. ഈ സിനിമ കാണാന്‍ കൂടെ വരുന്ന ശ്രീനി എന്ന കഥാപാത്രം പണ്ട് ജയകൃഷ്ണന്റെ ബ്ലോഗിലും ഉണ്ടായിരുന്നതല്ലേ? എന്റെ ഓര്‍മ പിശകാണോ, അതോ ഈ പ്രേക്ഷകന്‍ എന്ന് പറയുന്നത് ജയകൃഷ്ണന്‍ തന്നെ ആണോ?

    ReplyDelete
  2. അനിയാ, താങ്കളെ പോലെ ജയന്‍റെ നിരൂപണങ്ങളുടെ ഒരു വായനക്കാരന്‍ ആയിരുന്നു.ശ്രീനി എന്ന പേര് മുന്‍പ് പറഞ്ഞത് പോലെ ജയന്‍റെ വിടവ് നികത്താന്‍ ശ്രമിക്കുന്ന ഒരു പാവം ഭീമന്‍ രഘുവിന്‍റെ തമാശ മാത്രം

    ReplyDelete