Wednesday, August 17, 2011

കഥയിലെ നായിക

അനിയാ ആത്മഹത്യ ചെയ്യുന്നത് കുറ്റമാണോ?

പിന്നല്ലാതെ? ഭയങ്കര കുറ്റമല്ലേ .ഈ നാട്ടില്‍ നമ്മളെയൊക്കെ കണ്ട അവനും ഇവനും ഒക്കെ ഡെയിലി എടുത്തു ഉടുത്താലും സഹിച്ചു ജീവിച്ചോണം എന്നാ നിയമം പറയുന്നേ.

ശരി അപ്പോള്‍ ആത്മഹത്യ പ്രേരണയോ?

ഇവിടുത്തെ ഒരു വ്യവസ്ഥിതി പറയുന്നത് കുറ്റത്തെക്കാള്‍ വലിയ തെറ്റാണു അതിനു പ്രേരിപ്പിക്കുന്നത് എന്നാണ് . അതിരിക്കട്ടെ ചോദിക്കാന്‍ കാരണം ?

ഈയടുത്ത് ഒരു മലയാള ചിത്രം കണ്ടതിനു ശേഷം എന്താണെന്നു അറിയില്ല ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്തെ മനസില്‍ ശക്തമാവുന്നു അനിയാ. ഇതൊരു രോഗം വല്ലതും ആണോ ?

എന്ന് ചോദിച്ചാല്‍ ... മലയാള സിനിമ കാണുന്നവരുടെ ഒക്കെ മാനസിക ആരോഗ്യം പഠന വിധേയം ആക്കേണ്ടത് തന്നെയാണ് . അതിരിക്കട്ടെ ഏതാ ഈ ചിത്രം ?

നവാഗതന്‍ (എന്ന് ഞാന്‍ കരുതുന്ന ) ശ്രീ ദിലീപ് സംവിധാനം ചെയ്ത കഥയിലെ നായിക എന്നതാണ് പ്രസ്തുത സംഭവം. സിനോജ് നെടുങ്ങോലം രചിച്ച സംഭ്രമജനകമായ കഥ തിരകഥ ഈ ചിത്രത്തിലെ ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്നാണ്.നോബി ശ്യാം എന്നിവര്‍ ആണ് ഈ ചിത്രം നിര്‍മിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്.അഭിനയിക്കുന്നവര്‍ ഉര്‍വശി,റോമ,കലാഭവന്‍ പ്രചോദ്,സായി കുമാര്‍,ബോബന്‍ അലുമൂടന്‍,കോട്ടയം നസീര്‍,കെ പി എസ് സി ലളിത,സുകുമാരി,ശാരി എങ്ങനെ കുറെ പേര്‍ ഈ ചിത്രത്തില്‍ ഉണ്ട് .

ശരി പടം എങ്ങനെയുണ്ട്? സകുടുംബം ശ്യാമള,മമ്മി ആന്‍ഡ്‌ മി എന്നെ ചിത്രങ്ങളുടെ വിജയം ആയിരിക്കണം ഉര്‍വശിയെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടും ഒരു കുടുംബകഥ ഒരുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് അല്ലിയോ?

അനിയാ നീ ഇതിനെ കുടുംബ കഥ എന്ന് മാത്രം വിളിച്ചു ഒതുക്കരുത്‌.മേല്‍പറഞ്ഞത്‌ കൂടാതെ ഒരു പ്രണയ - ത്രില്ലെര്‍ - ഹാസ്യ --സെന്റിമെന്റല്‍ - കുടുംബ ചിത്രം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.ഈ ചിത്രം തുടങ്ങുന്നത് തന്നെ ഒരു നാലംഗ സംഘം മുഖം മൂടി ധരിച്ചു ഒരു വീട്ടില്‍ കയറി രണ്ടു പേരെ കൊല്ലുന്നതാണ് (ഈ കൊലപാതകത്തിന് മുന്‍പ് മര്‍മ്മപ്രധാനമായ വല്ലതും ഉണ്ടായിരുന്നോ എന്നറിയില്ല രണ്ടാമത്തെ കൊലപാതകം കഴിഞ്ഞപ്പോളാണ് ഞാന്‍ അകത്തു കേറിയത്‌ ) കൊലയും അത് കഴിഞ്ഞുള്ള കൊള്ളയും കഴിഞ്ഞു പുറത്തേക്കിറങ്ങാന്‍ തുടങ്ങുന്ന സംഘം കാണുന്നത് ഹാളില്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ(രാധിക)ആണ് (കുട്ടി പരിപാടിയുടെ അവതാരകനുമായി പഞ്ചാര അടിക്കുന്ന തിരക്കില്‍ അകത്തു നടക്കുന്ന കൊലപാതകവും മോഷണവും ഒന്നും അറിയുന്നില്ല). അതിനെയും തലക്കടിച്ചു കൊന്നിട്ട് സംഘം ഇരുളില്‍ മറയുന്നു.

ഇതാണോ കുടുംബ കഥ ?

അനിയാ കുടുംബം വരുന്നതേ ഉള്ളു.ഇനിയുള്ള ഒരു മിനിറ്റ് ശ്വാസം പിടിച്ചിരുന്നാല്‍ ഈ സിനിമയില്‍ എനിക്ക് തോന്നിയ ഏക പുതുമ കാണാം.ടൈറ്റിലുകള്‍ കാണിക്കുന്നത് ഒരാള്‍ സൈക്കിളില്‍ നഗര കാഴ്ചകള്‍ കണ്ടു കൊണ്ട് നഗരത്തിന്‍റെ പലഭാഗത്തായി ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതു കാണിക്കുന്നു എന്നിട്ട് ആ പോസ്റ്റര്‍കളുടെ ക്ലോസപ്പിലൂടെ ആണ് ടൈറ്റിലുകള്‍ കാണിക്കുന്നത്.

ശരി,അത് കഴിഞ്ഞു പടം നേരെ ചെന്ന് നില്‍ക്കുന്നത് വിധവയും രണ്ടു കുട്ടികളുടെ അമ്മയും അയ നന്ദിനി എന്ന മുന്‍സിപ്പാലിറ്റി ക്ലെര്‍ക്കിലാണ്.ശിവ (കലാഭവന്‍ പ്രചോദ്)എന്ന സഹോദരനും അമ്മയും പത്മാവതിയും (ലളിത)അമ്മായി അമ്മ അന്നാമ്മയും (സുകുമാരി) അടുങ്ങുന്ന കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത് നന്ദിനിയാണ്.ഇവര്‍ക്ക് എല്ലാ സഹായത്തിനു അയല്‍ക്കാരനും നന്ദിനിയുടെ ഓഫീസില്‍ ജോലി ചെയുന്ന ആളുമായ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം (പേര് നമുക്ക് തല്ക്കാലം ശശി എന്ന് വിളിക്കാം .ചിത്രത്തില്‍ വിളിക്കുന്ന പേര് ഓര്‍മ്മയില്ല :))

ശിവ എന്ന് പറയുന്ന സഹോദരന്‍ നാളെ സൂപ്പര്‍ സ്റ്റാര്‍ ആകും എന്നും പറഞ്ഞു ചാനലില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് . ശ്രദ്ധിച്ചു കേട്ടോണം ഇനിയാണ് നേരത്തെ കണ്ട കൊലപാതകം എന്ന ത്രില്ലെര്‍ ഭാഗവും ഇതു വരെ കണ്ടു കുടുംബ ഭാഗവും ഒത്തു ചേരുന്ന മര്‍മ പ്രധാനമായ ഭാഗം.നാലംഗ സംഘം അവസാനം അടിച്ചു കൊന്ന പെണ്‍കുട്ടി ഫോണ്‍ ചെയ്തിരുന്നത് ശിവ അവതരിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് ആയിരുന്നു.അപ്പോള്‍ വില്ലന്മാര്‍ ടെലിവിഷനില്‍ ശിവയുടെ മുഖം വ്യക്തമായി കണ്ടിരുന്നു !!!

ശെടാ അതിനെന്താ അവരല്ലേ ശിവയെ കണ്ടത് ശിവ അവരെ കാണുന്നില്ലല്ലോ പിന്നെന്താ?

എടേ ഇതേ ചോദ്യം ആ സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നുണ്ട് പക്ഷെ എന്തോ സംഘത്തലവന് ഒരു തൃപ്തി വന്ന മട്ടില്ല .(കൊച്ചു ആ സമയത്ത് വല്ല ഇന്ത്യാവിഷനോ റിപ്പോര്‍ട്ടര്‍ ചാനലോ കാണാതിരുന്നത് നമ്മുടെ നികേഷ് കുമാറിന്റെ ഒക്കെ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി )

ഇതില്‍ പ്രണയം എവിടെ അണ്ണാ?

ഇതേ ചോദ്യം ഇതിന്‍റെ സംവിധയകനോടോ മറ്റോ ആരോ ചോദിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്.ഒരു ദിവസം ശിവയുടെ പരിപാടിയിലേക്ക് അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ കാള്‍ വരുന്നു(ആരും വിളിക്കാത്തത് കൊണ്ട് സാധാരണ സുകുമാരിയും ലളിതയും ചെറുപ്പക്കാരികളുടെ ശബ്ദത്തില്‍ വിളിക്കുകയാണ്‌ പതിവ്.(കോമഡി ആണ് ഇവിടെ ഉദേശിച്ചത്‌ എന്ന് തോന്നുന്നു)) നേരത്തെ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ചു മരിച്ച കുട്ടി ഇവളുടെ അടുത്ത സുഹൃത്തായിരുന്നു എന്നും അവള്‍ അവസാനമായി വിളിച്ചത് ഈ പരിപാടിയിലേക്ക് ആയതു കൊണ്ട് വിളിക്കുകയാണ്‌ എന്നും പറയുന്നു (ഇതെങ്ങനെ പിടി കിട്ടി എന്ന് എപ്പോളും മനസിലാകുന്നില്ല.നാലംഗ സംഘം കൊച്ചിനെ തട്ടി കഴിഞ്ഞു പ്രചോദിന്റെ പ്രകടനം സഹിക്കാനാവാതെ ആകണം ടി വി തകര്‍ക്കുന്നുണ്ട്).നേരില്‍ കാണണം എന്ന് പറയുന്ന അര്‍ച്ചനയുടെ അവശ്യപ്രകാരം പാര്‍ക്കില്‍ എത്തുന്ന ശിവ അര്‍ച്ചനയെ കണ്ടതും പ്രണയത്തില്‍ ആകുന്നു (ഒരു പാട്ടും ഉണ്ട്) .പോരെ സമാധാനം ആയോ ?

ശരി സെന്റിമെന്റ്സ് ..?

നീ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വെല്ലു വിളി ആയേക്കാവുന്ന ഒരു കഥാ പാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് .സാധാരണയായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ സഹിക്കുക എന്നതാണ് പ്രേക്ഷകര്‍ക്ക്‌ മുന്നിലുള്ള വെല്ലുവിളി.ഇയാളും ഭാര്യയും സ്ഥിരമായി വഴക്കാണ് (കോമഡി പറയാത്തപ്പോള്‍).കുട്ടികളില്ല. ആ വിഷമം ഭാര്യക്ക്‌ ഉണ്ടാകാതിരിക്കാനാണ് ഇയാള്‍ എന്നും മദ്യപിച്ചു വന്നു ഭാര്യയെ തല്ലുന്നത് എന്ന് വിളിപ്പെടുതുന്ന നിമിഷം !! ഹോ ഏതു ശിലാഹൃദയനും (ഉറക്കം അല്ലെങ്കില്‍ ) ഈ രംഗം എത്തുമ്പോള്‍ പൊട്ടിക്കരഞ്ഞു പോകും ഉറപ്പാ ..

എന്‍റെ അമ്മോ ?

ഹാ ... തീര്‍ന്നില്ലന്നെ.പ്രധാനഭാഗം പറയാന്‍ വരുന്നതല്ലേ ഉള്ളു.നന്ദിനി എന്ന ഉര്‍വശി അവതരിപ്പിക്കുന്ന കഥാപാത്രം സാദാ വിലകയറ്റത്തെ കുറിച്ച് പരാതിപ്പെടുകയും കുടുംബത്തിലെ മറ്റു അംഗങ്ങളെ ചെലവു ചുരുക്കാത്തതിനു ശകാരിച്ചും കേരളത്തിലെ വീട്ടമ്മമാരുടെ മനസ്സിലേക്ക് ഇടിച്ചു കേറും എന്ന് പ്രതീക്ഷിക്കുന്നു.ജോലിക്ക് പുറമേ കല്യാണ ബ്രോക്കെര്‍ ആയുംഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട് (അത് കാശിനു വേണ്ടി എന്നതിലുപരി എന്തരോ സാമൂഹ്യ സേവനം ആണെന്നാണ് പറയുന്നത്) ഓഫീസില്‍ ഓരോ കാര്യത്തിന് (ഉദാ :വീടിന്‍റെ പ്ലാന്‍ അപ്രുവലിനു വേണ്ടി) വരുന്നവരോട് കല്യാണം കഴിഞ്ഞതാണോ? നാളെ വീടിന്‍റെ പ്ലാനും ഗ്രഹനിലയും ആയി വന്നോളു എന്ന് പറയുന്ന നന്‍മ നിറഞ്ഞ കഥാപാത്രം.അതാണ് ഈ ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന നന്ദിനി.

ഇതിനു ഒരവസാനമില്ലേ ? അതോ ഭാരതീയന്‍റെ ഗതികേട് പോലെ ഇത് അവസാനമില്ലാതെ പോകുമോ ?

സിനിമ അവസാനം അടുക്കുമ്പോള്‍ ട്വിസ്റ്റ്‌ കള്‍ ചറ പറാ വരുന്നു (ഇനി അതില്ല എന്ന് വേണ്ട.ട്രാഫിക്‌ ഒക്കെ ഓടുന്ന കാലമല്ലേ.യേത് ) അര്‍ച്ചന എന്നാ കഥപാത്രം കൊല നടക്കുമ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു എന്നും മുഖം മൂടി ധരിച്ച നാലംഗ സംഘത്തെ കണ്ടു മുറിയില്‍ കയറി കതകു അടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടത് ആണെന്ന ഞെട്ടിപ്പിക്കുന സത്യം പിന്നീടാണ് നമ്മള്‍ അറിയുന്നത് . അര്‍ച്ചനയുടെ അച്ഛന്‍ മേനോന്‍ (സായി കുമാര്‍ ) ഇടയ്ക്ക് വരുന്നു .(മകളുടെ പ്രണയത്തിനു ആദ്യം എതിര്‍ക്കാനും പിന്നീടു സമ്മതിച്ചു കല്യാണം നടത്തി കൊടുക്കാനും).ഒരു കോണ്‍ട്രാക്ടര്‍ അയ ഇയാള്‍ ഇടയ്ക്ക് എപ്പോളോ ബില്ല് മാറാന്‍ ഒക്കെയായി നന്ദിനിയെ കാണുന്നുണ്ട്.ഒരു അന്തവും കുന്തവും ഇല്ലാത്ത ഗുണ്ട ഫല്‍ഗുനന്‍ (കോട്ടയം നസീര്‍)ഇടയ്ക്ക് വന്നു പോകുന്നു.അര്‍ച്ചനയും ശിവയും പ്രേമത്തില്‍ ആയതു നാലംഗ സംഘത്തിന്റെ ഉറക്കം കെടുത്തുന്നു (എന്തിനാണാവോ ?) .അവസാനം ശിവയെ വിളിക്കുന്ന അവരുടെ കാള്‍ എടുക്കുന്ന നന്ദിനി നേരിട്ട് അവര്‍ പറഞ്ഞ സ്ഥലത്ത് ഒറ്റയ്ക്ക് വന്നു ഇവര്‍ ആരുമല്ല മരിച്ചു താന്‍ ആണ് ഈ സംഘം കൊല നടത്തി രക്ഷപ്പെടുന്നതിനു ദൃക്സാക്ഷി എന്ന് സ്വമേധയാ വെളിപ്പെടുത്തുന്നു.(ഞെട്ടിയോ ?)സംഘം നന്ദിനിയെ പിടിച്ചു കെട്ടിയിടുന്നു.ശിവ വരുന്നു.നാലംഗ സംഘത്തെ അടിച്ചിടുന്നു. പോലീസില്‍ ഏല്‍പ്പിക്കുന്നു.അര്‍ച്ചനയെ കെട്ടുന്നു,സുഖം സുഖകരം .

അണ്ണാ എത്രയും കേട്ടപ്പോള്‍ തന്നെ എനിക്കൊരു ആത്മഹത്യ തോന്നല്‍ ഉണ്ടാകുന്നോ എന്നൊരു സംശയം . അപ്പോള്‍ അഭിനയം ....?

നീ വാങ്ങും........ ഈ കഥയില്‍ എന്തോന്ന് അഭിനയം ? എന്ന് കരുതി ആര്‍ക്കും ഉത്സാഹകുറവ് ഒന്നും ഇല്ല. എല്ലാരും വാശിയോടെ ആണ് അഭിനയിച്ചിരിക്കുന്നത് പ്രചോദ് അഭിനയിച്ചു തകര്‍ക്കുന്ന പ്രേമ രംഗങ്ങള്‍,റോമയുടെ തടി,ഉര്‍വശിയുടെ സാധാരണക്കാരി ചമയല്‍ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്ന് മാത്രം.സുരാജിന്റെ പരാക്രമങ്ങള്‍ സഹിക്കാന്‍ ഒരു വിധം മലയാളി ശീലിച്ചു കഴിഞ്ഞത് കൊണ്ട് പ്രശ്നം ഇല്ല

അപ്പോള്‍ ചുരുക്കത്തില്‍ ..?

സ്വന്തം .. സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഇത്തരം ചിത്രങ്ങള്‍ കാണുക

2 comments:

  1. ഒരു ഉത്തരവാദിത്വവുമില്ലാത്തവന്മാരല്ലേ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് എന്നാണ് എന്റെ സംശയം

    ReplyDelete
  2. തീരെ ഉത്തരവാതിത്വം ഇല്ലാത്തവരാണ് ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുന്നത്...

    ReplyDelete