Friday, July 13, 2012

ഈച്ച (Eecha )

അണ്ണാ ഒന്ന് നിന്നേ.എങ്ങോട്ടാ ഈ ധൃതി പിടിച്ചു? കയ്യിലെന്താ ?

അനിയാ ഇതു എന്‍റെ സ്ഥിരം വിമര്‍ശകരില്‍ ഒരാളും ക്രാന്തദര്‍ശിയുമായ ശ്രീ സുശീലനുള്ള ഒരു കത്താണ് .

കത്തോ? തെറിയായിരിക്കും അല്ലെ? അല്ലെങ്കിലെ നിങ്ങള്‍ മൊത്തത്തില്‍ ഉടക്ക് ലൈനാണല്ലോ അല്ലെ ?

ഒന്ന് പോടേ. ഇതു സത്യത്തില്‍ സുശീലന് നന്ദി പറഞ്ഞു കൊണ്ടുള്ള കത്താണ് .

നന്ദിയോ എന്തിനു ?

സത്യസന്ധമായി പറഞ്ഞാല്‍ സുശീലന്‍റെ ഒരു കമന്റ്‌ ആണ് ഈച്ച എന്ന ചിത്രം കാണാന്‍ ഇടയാക്കിയത് .

ഈച്ചയോ? ഇതെന്തു പടം.വല്ല പാതിരാ പടവുമാണോ ?

അല്ല അനിയാ തെലുങ്കിലെ രാജമൌലി എന്ന സംവിധായകന്‍ എടുത്ത ഈഗ എന്ന തെലുങ്ക് ചിത്രത്തിന്‍റെ മലയാളം പരിഭാഷയാണ് ഈച്ച .

അയ്യേ ഡ ബ്ബിംഗ് പടമോ ? നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ പേര് തന്നെ കേട്ടില്ലേ ഈച്ച പോലും ....?

അനിയാ ഒരു ഈച്ച കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സിനിമക്ക് നരസിംഹം എന്നോ പൊറോട്ടയും ബീഫും എന്നോ പേരിടാന്‍ പറ്റില്ലല്ലോ നീ ക്ഷമി.

ഈച്ചയോ? അപ്പോള്‍ മനുഷ്യര്‍ ആരും ഇല്ലെ ഈ ചിത്രത്തില്‍ ?

താര നിര എന്നൊന്നും പറയാനില്ല.പ്രധാനമായും മൂന്ന് കഥാപത്രങ്ങള്‍ നാനി (നാനി),സുദീപ് (സുദീപ് ),ബിന്ദു (സാമന്ത).കഥയുടെ തുടക്കം പഴയ രീതില്‍ തന്നെ.പ്രണയബദ്ധരായ നാനിയും ബിന്ദുവും.അതേ നഗരത്തിലെ കോടീശ്വരനും സ്ത്രീ ലംബടനുമായ സുദീപ്.യാദ്രിചികമായി ബിന്ദുവിനെ കാണുകയും അവളില്‍ അനുരക്തനാവുകയും ചെയ്യുന്നു.എന്നാല്‍ ബിന്ദുവിനു വേറൊരു കാമുകന്‍ ഉണ്ടെന്നു മനസിലാക്കുന്ന അയാള്‍ കാമുകനായ നാനിയെ രഹസ്യമായി കൊലപ്പെടുത്തുന്നു.ഇതെല്ലാം വളരെ പെട്ടന്ന് തീരും .(ആദ്യത്തെ ഒരു ഇരുപതു- മുപ്പതു മിനിട്ടുകള്‍ക്കുള്ളില്‍ )

ഹോ ഇതാണോ വലിയ സംഭവം .. സ്ഥിരം കഥ

തോക്കില്‍ കേറി വെടി വയ്ക്കാതെ.കൊല്ലപ്പെടുന്ന നാനി ഒരു ഈച്ചയായി പുനര്‍ജനിക്കുന്നു.കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍മ്മ വരുന്ന ഈച്ച (നാനി)വില്ലനായ നനിയോടു പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നു ഒപ്പം നായികയെ വില്ലന്‍റെ കയ്യില്‍ നിന്നും രക്ഷിക്കാനും.ഇതിനായുള്ള ഈച്ചയുടെ ശ്രമങ്ങളും അതിന്‍റെ അവസാനവുമാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

ഇത്രയും പണക്കാരനായ ഒരാളെ ഒരു ഈച്ച എന്ത് ചെയ്യാനാണ്? ഗ്രാഫിക്സ് ഒക്കെ കുറച്ചു ഭേദം ആണെന്നാണല്ലോ കേട്ടത്.ഒള്ളത് തന്നേ ?

അനിയാ ഗ്രാഫിക്സിന്‍റെ വിജയമായി എനിക്ക് തോന്നുന്നത് ചിത്രത്തില്‍ ഉടനീളം അത് ഒട്ടും മുഴച്ചു നില്‍ക്കുന്നില്ല എന്നിടത്താണ്. ഈച്ചയുടെ ആത്മഗതങ്ങളോ സംസാരമോ ഉള്‍പ്പെടുത്തി വൃത്തികേടാക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍.എന്നാല്‍ ഒരു നിമിഷം പോലും കാണികള്‍ക്ക് ബോര്‍ അടിക്കാതെ ഈ ചിത്രം കാണാന്‍ സാധിക്കും എന്നിടത്താണ് സംവിധായകന്‍റെ വിജയം.സാധാരണ ഡബ്ബിംഗ് ചിത്രങ്ങളില്‍ കാണാറുള്ള മലയാള സംഭാഷണത്തിലെ വൃത്തികെട് ഈ ചിത്രത്തില്‍ തീരെ തോന്നിയില്ല.നായകന്‍ ഈച്ചയായി പുനര്‍ജനിക്കുമ്പോള്‍ ഉള്ള ആദ്യ നിമിഷങ്ങള്‍,സര്‍വശക്തനായ നായകനെ ഈച്ച എതിരിടുന്ന രംഗങ്ങള്‍ ഇവയൊക്കെ മനോഹരമായി കാണി കളിലേക്ക് പകരാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നിടത്താണ് രാജമൌലി ശരിക്കും വിജയിക്കുന്നത് അഥവാ ഈ ചിത്രം വിജയിക്കുന്നത് .ഇനി ഒരു കാര്യം കൂടി പറഞ്ഞോട്ടെ, കോടികള്‍ മുതല്‍ മുടക്കുള്ള മഗധീര എന്ന ബ്രമാണ്ട ചിത്രമെടുത്ത അതേ സംവിധായകനാണ് കേവലം മൂന്ന് കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഈ ചിത്രം സംവിധാനം ചെയ്തത് എന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?നമ്മുടെ മലയാളത്തില്‍ മഗധീര പോലൊരു പടം വിജയിച്ചാല്‍ അതിനു പുറകെ മഗധീര സിംഹം (പില്‍കാലത്ത് ഇതാണ് ഈ സീരിയസിലെ അവസാന ചിത്രം എന്ന് പറഞ്ഞതായി രേഖയും ഉണ്ടാകും),മഗധീര പ്രഭു,മഗധീരഉത്സവം,മഗധീരപതി ഇങ്ങനെ ഒരു നൂറെണ്ണം വന്നു കഴിഞ്ഞിട്ടല്ലേ സംഗതി വേറൊരു കുപ്പിയില്‍ കെട്ടുന്ന കാര്യം പോലും ചിന്തിക്കൂ? അപ്പോള്‍ പിന്നെ നമുക്ക് ഈ രാജ മൌലിയോടൊക്കെ അസൂയ തോന്നാതെ വേറെ എന്ത് തോന്നാന്‍? (പത്മരാജന്‍റെ കഥയും പറഞ്ഞിരിക്കുന്നതിന് ഒരു പരിധിയില്ലേ?)

ഇതെഴുതുമ്പോള്‍ ഈ ചിത്രം സിനിമശാലകളില്‍ നിന്ന് പോയിട്ടുണ്ടാകും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഈ ചിത്രത്തെ കുറിച്ച് ആദ്യം തന്നെ എഴുതേണ്ടതായിരുന്നു എന്നൊരു കുറ്റ ബോധം ഇല്ലാതില്ല .ഈ കൊച്ചു ബ്ലോഗില്‍ എഴുതിയാല്‍ ഉടന്‍ മലയാള ജനത മൊത്തമായി ഈച്ച കാണാന്‍ കേറി കളയും എന്നൊരു മൂഡ വിശ്വാസം കൊണ്ടല്ല . മറിച്ചു നമ്മുടെ അഭിപ്രായം ആദ്യമേ പറഞ്ഞു എന്നൊരു സമാധാനം ഉണ്ടായേനെ എന്നാണു സൂചന.ഈ ചിത്രം സി ഡി വരുമ്പോള്‍ എങ്കിലും കാണാന്‍ ശ്രമിച്ചാല്‍ നല്ലൊരു ചിത്രം കാണാന്‍ കഴിഞ്ഞേക്കും.

അപ്പോള്‍ ഒരിക്കല്‍ കൂടി. നന്ദിയുണ്ട് സുശീലാ ഒരായിരം നന്ദി !!!! :)

9 comments:

  1. ഇതു കൊള്ളാമല്ലോ. ഏതു കോടീശ്വര്ന്റ്റേയും തലയിലിരുന്നു മുള്ളാനും അതിനപ്പുറം ചെയ്യാനും ഈച്ചകള്ക്കു യതൊരു ബുദ്ധിമുട്ടുമില്ല എന്നറിയാമല്ലോ. അതില് കൂടുതല് എന്തു പ്രതികാരം.

    ReplyDelete
    Replies
    1. ക്ലൈമാക്സ്‌ ഈച്ച കോടീശ്വരനെ കൊല്ലുന്നത് ആണെങ്കിലോ ????? :)

      Delete
  2. അണ്ണാ,(ആക്കിയതല്ല, ആത്മാര്‍ത്ഥമായിത്തന്നെ)

    അണ്ണനെ ഇടയ്ക്കെപ്പോഴൊക്കെയോ വായിച്ചിട്ടുണ്ട്. കമന്റിയിട്ടില്ല. 'തട്ടത്തിന്‍ മറയ'ത്തിനെപ്പറ്റി വായിച്ചതോടെ കമന്റാതിരിക്കാന്‍ നിവൃത്തിയില്ലാതായി; പഴയ പോസ്റ്റുകള്‍ വായിക്കാതിരിക്കാനും.

    അണ്ണന്‍ ദോഷൈകദൃക്കാണെന്ന് പലരും പറയുന്നു. അത് അണ്ണന്റെ ദോഷമല്ലെന്നും മലയാളസിനിമയുടെ ദോഷമാണെന്നും ഈയുള്ളവനെപ്പോലെയുള്ള നിശ്ശബ്ദവായനക്കാര്‍ക്കറിയാം (എങ്ങനെയുണ്ട് ആ പ്രയോഗം- 'നിശ്ശബ്ദവായനക്കാര്‍'!!) അണ്ണന്റെ വ്യത്യസ്തമായ വിമര്‍ശനപാത തികച്ചും യുക്തിഭദ്രവും ലക്ഷ്യവേധിയും അഘാതക്ഷമവുമാണ് ('അഴീക്കോട്ബാധ' ദയവായി ക്ഷമിക്കുക).

    അണ്ണന്‍ പറഞ്ഞതുപോലെ, ചാനലില്‍ പാട്ടുസീന്‍ കണ്ടപ്പോള്‍, ഭൂതകാലത്തുനിന്ന് അപ്രതീക്ഷിതമായി പാഞ്ഞുവന്നുകേറിയ 'കുളിര്' അടുത്തിരുന്ന പ്രിയതമ കാണുമോയെന്ന് ചെറുതായി ഭയന്നു. ഇപ്പടം ഒന്നു കാണണമെന്ന് അപ്പോ വിചാരിച്ചതാണ്. തീയറ്ററില്‍ പോയി സിനിമ കണ്ടെന്നറിഞ്ഞാല്‍ കടക്കാര്‍ കുത്തിനു പിടിക്കുമെന്നറിയാവുന്നതുകൊണ്ട് കുറേക്കാലമായി അത്തരമൊരു സാഹസത്തിനു ത്രാണിയില്ലാത്തവനാണു ഞാന്‍. ഒരു പാട്ടും പിന്നെ പരസ്യവും കണ്ടിട്ട് പിന്നീട് (മുന്തിരിങ്ങ പുളിച്ച കുറുക്കനെപ്പോലെ) ഞാന്‍ ഊഹിച്ചത് ഏകദേശം ശരിയാണെന്ന് അണ്ണന്‍ എഴുതിയതില്‍നിന്ന് മനസ്സിലായി.

    ശരി തന്നെ, ഇഷാ തല്‍വാറിനെ കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷേ, ആ ഉമ്മച്ചിക്കഥാപാത്രമായി അവര്‍ പറ്റില്ല. ഓര്‍മ്മയില്ലേ, 'ബോംബെ'യില്‍ മണിരത്നം കൊണ്ടുവന്ന മനീഷാ കൊയ്രാളയെ? അത്തരമൊരു യാഥാസ്ഥിതിക മുസ്ളിം സമ്പന്ന പെണ്‍കൊടിയുടെ ഫീല്‍ പകരാന്‍ (എന്നെ സംബന്ധിച്ച് ആ പാട്ടുസീനിലെങ്കിലും) ഇഷാ തല്‍വാറിന് (അഥവാ, വിനീത്‌മോന്)കഴിഞ്ഞില്ല. ആ 'തട്ട'ത്തിനെ പ്രാധാന്യത്തോടെ വളര്‍ത്തിയെടുക്കാന്‍ മൂപ്പര്‍ക്ക് കഴിഞ്ഞോ?

    ഞാന്‍ സിനിമ കണ്ടില്ല. അതിനാല്‍ മുഴുക്കഥയെപ്പറ്റി പറയാന്‍ ഞാനാളല്ല. എന്നാലും, 'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായര്‍‌പയ്യന്‍' എന്ന പരസ്യവാക്യം 'എന്തോ ഒരിത്' തോന്നിപ്പിച്ചു. നായിക- 'ഉമ്മച്ചി' മാത്രം. അല്ലാതെ, സുന്നിയാണോ ഷിയായാണോ മുജാഹിദീന്‍ ആണോ എന്നൊന്നും സൈഡ് ഹെഡ്ഡിങ്ങ് ഇല്ല. നായകന്‍- കൃത്യം നായര്‍! ഹിന്ദുവായാല്‍ പോര. (എന്നാപ്പിന്നെ, ബാലന്‍പിള്ള-കെണേശന്‍ തര്‍ക്കത്തില്‍ ഏതു സൈഡില്‍ എന്നു കൂടി കൊടുക്കാമായിരുന്നു!) ഹിന്ദുലീഗിനെ ഇങ്ങനെ കൊച്ചാക്കുന്ന നടപടി യുവസംവിധായകനു ചേര്‍ന്നതല്ല, അണ്ണാ. എന്തായാലും അണ്ണന്‍ അവതരിപ്പിച്ച 'പ്രതികഥ' ഗംഭീരം!

    ശ്രീനിവാസന്‍ പല കാര്യങ്ങളിലും മാതൃകയല്ലേ അണ്ണാ.സ്വന്തം അപകര്‍ഷതയെ വിറ്റുകാശാക്കിയില്ലേ? പിന്നെ, ആ 'ഗാന്ധിനഗര്‍ സെക്കന്ഡ് സ്ട്രീറ്റില്‍', കള്ളനായി വന്ന് പിടിക്കപ്പെട്ട്, തിരക്കഥയില്‍ നിന്ന് സ്വയം ഒഴിവാകുന്ന ആ തന്ത്രത്തിനു മുന്നില്‍ ഇന്നത്തെ സകല അലവലാതികളും കുമ്പിടണ്ടേ അണ്ണാ?

    എന്തരായാലും, മലയാളസിനിമ ഹൂറികളുടെ നൃത്തവേദിയല്ലെന്നും വിദേശസുന്ദരികളുടെ പ്രേതങ്ങളെ ലോക്കല്‍ മന്ത്രവാദികള്‍ ആവാഹിച്ചുകൊണ്ടുവന്ന് ചുടലനൃത്തം ചെയ്യിക്കുന്ന പാതിരാക്കളമാണെന്നും അണ്ണനെങ്കിലും വിളിച്ചു പറയുന്നുണ്ഠല്ലോ. നന്ദിയുണ്ടണ്ണാ, നന്ദി.....

    ReplyDelete
    Replies
    1. പ്രതികരിച്ച സ്ഥലം മാറിപോയോ? ഇതു ഈച്ചയല്ലേ :) ???

      Delete
  3. ക്രിസ്റ്റിJuly 14, 2012 at 6:18 PM

    ഈച്ച കണ്ടു. നാലഞ്ച് സിനിമകള്‍ കളിക്കുന്ന കോംപ്ലക്സിലെ ടിക്കറ്റ് കൌണ്ടറില്‍ ചേട്ടാ രണ്ട് ഈച്ച എന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങിയപ്പോള്‍ തുടങ്ങിയ രസം സിനിമ തീരുന്നത് വരെ ഉണ്ടായിരുന്നു .സുപ്പര്‍ പടം. ഗ്രാഫിക്സ് കലക്കന്‍ തന്നെ .പക്ഷെ സംവിധായകന്‍ ഈ കഥ പറഞ്ഞിരിക്കുന്ന രീതി തന്നെയാണ് ഈച്ചയെ വ്യതസ്തമാക്കുന്നത് . പിന്നെ സുദീപ്...വില്ലന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് വില്ലന്‍.ചുമ്മാ സ്റ്റൈല്‍ മാത്രം കാണിക്കാതെ ആ വില്ലത്തരം നമുക്ക് ഫീല്‍ ചെയിപ്പിക്കും

    ReplyDelete
  4. നെറ്റില്‍ ഇതിന്റെ ട്രെയിലര്‍ കണ്ടിരുന്നു. തീര്‍ച്ചയായും കാണണം

    ReplyDelete
  5. ഇതാണല്ലെ ഷബീര്‍ പറഞ്ഞ ഈച്ച...ഹത് ശരി..ഇവെനിപ്പൊ എവിടെയുണ്ട്,കാണണമല്ലൊ.

    ReplyDelete
  6. അണ്ണന്‍ അവധിയിലായിരുന്നതുകൊണ്ട് ഗ്രാന്‍ഡ്മാസ്റ്റര്‍ ഓടി. അടുത്ത അവധി നേരത്തേ പറയണേ...മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പടങ്ങള്‍ ഇറക്കാനാ.....

    ReplyDelete
  7. The best fantasy entertainer in Indian movies. If this movie was made by a hollywood company, it would have been an international hit.
    There are only some silly hickups in the whole movie, which is not a simple thing, considering this is an Indian movie.

    ReplyDelete