Sunday, November 18, 2012

തീവ്രം (Theevram : review )

അനിയാ വെറുതെ പറയുകല്ല ഈ തീവ്രം എന്നത് ഒരു സിനിമയല്ല

പിന്നെ എന്താ എന്താ അട്ടക്കഥയോ,
ദഫ്  മുട്ടോ, മാര്‍ഗം കളിയോ ?

നീ ഒരു മാതിരി പരിഹാസം അടിക്കരുത് . സംഗതി ഒരു അനുഭവമാണ്‌ . Experience തീവ്രം എന്നല്ലേ പോസ്റ്ററില്‍ പോലും ഏഴുതി വെച്ചിരിക്കുന്നത്.

 അതും കണ്ടു അല്ലേ .നന്നായി . ഇനി നിങ്ങളുടെ അഭിപ്രായം കൂടെ ഒന്ന് പറഞ്ഞാല്‍ ഉപകാരമായി .രൂപേഷ് പീതാംബരന്‍ എന്നാ പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം ഒരുക്കീയിരിക്കുന്നതു. ഓര്‍മ്മ ശരിയാണെങ്കില്‍ ഇദേഹം ലാസ് ജോസിന്‍റെ മറ്റൊരു സംവിധാന സഹായി ആയിരുന്നു .മലയാളികളുടെ പുതിയ രോമാഞ്ചവും കുടുംബപരമായി ഹിറ്റ്‌ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പാരമ്പര്യം മാത്രമുള്ള ആളും സര്‍വോപരി അഹങ്കാരം എന്ന വാക്ക് കേട്ടിട്ട് പോലും ഇല്ലാത്ത നവയുഗ നായകന്‍ ചാലു മോന്‍ അഭിനയിക്കുന്ന ആദ്യ ആക്ഷന്‍  ചിത്രമല്ലേ സംഭവം അതുന്നും പറഞ്ഞു സമയം കളയണ്ട.വിഷയത്തിലേക്ക് കടന്നേ  വേഗം.

അനിയാ ആദ്യമായി , ഈ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത‍ ഈ സിനിമക്ക് രണ്ടു പ്രത്യേകതകളാണ് ഉള്ളത് ആദ്യത്തേത് ചാലുമോന്‍ ആദ്യമായി ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രസ്തുത നടന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം ആണ് ഇതു എന്നതും ആണ് .( സത്യമായും ഇതു ഞാന്‍ പറഞ്ഞതല്ല മുന്‍ നിര മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചത് പറഞ്ഞെന്നെ ഉള്ളു ) .

അതിനിപ്പം എന്ത് ഉണ്ടായി എന്നാ ഈ പറയുന്നേ ?


ആദ്യം പറഞ്ഞത് ശരിയാണ് നായകന്റെ പേര് ഹര്‍ഷവര്ധന്‍ എന്ന് തന്നെ പിന്നെ ആക്ഷന്‍ പോയിട്ട് അതിന്റെ ഒരു മൂഡ്‌ പോലും ഈ ചിത്രത്തില്‍ ഇല്ല . അതിനു ഞാന്‍ സംവിധായകനോട് എന്നും കടപ്പെട്ടിരിക്കും (തുമ്പിയെ കൊണ്ടു കല്ലെടുപ്പികാത്ത നല്ല മനസ്സിന്.ഇനി ഈ ചിത്രം ഭയങ്കര ത്രില്ലര്‍ ആണെന്ന പ്രചരണം വൈകാതെ തന്നെ തുടങ്ങും) .

മതി എങ്ങനെ കാടും പടലും തല്ലാതെ കഥയെ പറ്റി പറയാമോ


പിന്നെന്താ സിനിമ തുടങ്ങുന്നത് ഒരു ഹോട്ടലില്‍ യുവമിഥുനങ്ങളില്‍ നിന്നാണ് . ഇവര്‍ ഉടനെ വിവാഹിതര്‍ ആകാന്‍ പോകുന്നവര്‍ ആണെന്ന് സംസാരത്തി ല്‍ നിന്നും നമുക്ക് മനസിലാകുന്നു . പെങ്കൊച്ചിനു തീരെ താല്പര്യം ഇല്ലാത്ത മട്ടിലാണ്‌ ഇരുപ്പു. പോരാത്തതിനു പറ പറാ മെസ്സേജ് അയക്കലും . ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ പെട്ടന്ന്‌ കൊച്ചിന് വിമാനം ലാന്‍ഡ്‌ ചെയുന്നത് കാണണം . അത് കാണാനായി രണ്ടു പേരും കൂടി വിജനമായ ഒരു  സ്ഥലത്ത്  നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരാള്‍ ബൈക്കില്‍ നിന്ന് വന്നു പയ്യനെ തലക്ക്കടിച്ചു വീഴ്ത്തുന്നു. പെട്ടന്ന് തന്നെ ബൈക്കില്‍ വന്ന വേറൊരുത്തന്‍ അടിച്ചവന്‍റെ  മേല്‍ ചാടി വീണു ആക്രമിച്ചു ഓടിക്കുന്നു , ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ തലക്കടി കൊണ്ട പ്രതിശ്രുത വരന്‍ മരിക്കുന്നു .

ഹോ കിടിലം തുടക്കമാണല്ലോ അണ്ണാ . എനിക്ക് കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു . ഇതു സംഭവം ന്യൂ ജനറെഷന്‍ തന്നെ . എന്നിട്ട് .......

എന്നിട്ട്... കുന്തം!!! നമ്മള്‍ വിചാരിക്കും ഇതെന്തോ സിനിമയുടെ മര്‍മ പ്രധാനമായ ഭാഗമാണെന്നു . ഈ കാണിച്ചതിന് സിനിമയുമായുള്ള ആകെ ബന്ധം അലക്സാണ്ടര്‍ (ശ്രീനിവാസന്‍ ) എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മിടുക്ക് കാണിക്കുക എന്നതിന് മാത്രമാണ് .ആദ്യമേ പറഞ്ഞോട്ടെ ശവം കണ്ടാല്‍ തല കറങ്ങി വീഴുന്ന മനുഷ്യനാണ് ഇദ്ദേഹം (ആ സമയത്തുള്ള ഗോഷ്ട്ടി മമ്മൂട്ടിയുടെ നൃത്തം പോലെ മലയാളിക്ക് ഒരു ശീലം ആയി പോയത് കൊണ്ട് നമുക്ക് സഹിക്കാം ) .ഇനി അദ്ദേഹം ബുദ്ധിപരമായി ഈ കേസ് അന്വേഷിക്കുന്നത് എങ്ങനെ എന്ന് കാണാം .ആദ്യമായി അടിച്ചവനെ അന്വേഷിച്ചു കണ്ടു പിടിക്കുന്നു .പക്ഷെ അവന്‍ കുറ്റം സമ്മതിക്കുന്നില്ല . എന്ത് ചെയ്യും ? അവിടെയാണ് ബുദ്ധി . പ്രതിശ്രുത വധുവിനെ വേറൊരു മുറിയില്‍ ഇരുത്തിയിട്ട് ഇയാള്‍ നേരെ ചെന്ന് പിടിയില്‍ ആയവനോട് പറയുന്നു അവള്‍ എല്ലാം ഏറ്റു പറഞ്ഞു .അത് കൊണ്ട് അവള്‍ രക്ഷപെട്ടു നിന്റെ കാര്യം പോക്കാണെന്നു . അതോടെ പിടിയിലയവാന്‍ പൊട്ടിത്തെറിച്ചു ആ ....മോള്‍ പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്തതു എന്ന് വിളിച്ചു പറയുന്നു (ബുദ്ധി ബുദ്ധി ..കണ്ടല്ലോ ).

ശരി ഇനി കഥ തുടങ്ങുന്നു . നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ അയാള്‍ സ്ഥിരമായി ഒരു വിവാഹിതയായ സ്ത്രീയെ ഓഫീസില്‍ വിടുകയും വിളിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു .അയാള്‍ ആകെ ചെയ്യുന്ന തെറ്റ് ആ സ്ത്രീ ഇറുകിയ വസ്ത്രങ്ങള്‍ക്ക് അകത്തു വീര്‍പ്പു മുട്ടുന്ന ശരീര ഭാഗങ്ങളെ അവരറിയാതെ നോക്കുന്നു എന്നതാണ് (അത് പിന്നെ മനുഷ്യനല്ലേ പോരെങ്കില്‍ മലയാളിയും !!!) .ഒരു ദിവസം പെട്ടന്ന് അത്യാവശ്യമായി വീട്ടില്‍ എത്താനായി ഓട്ടോയില്‍ കേറുന്ന അവര്‍ക്ക് പെട്ടന്ന് എത്തണം എന്ന് പറയുന്നു .ഡ്രൈവര്‍ മറ്റൊരു വഴി ഉണ്ടെന്നും ശകലം ദൂരകൂടുതല്‍ ഉണ്ടെങ്കിലും തിരക്ക് കുറവായത് കൊണ്ട് പെട്ടന്ന് ഓടിച്ചെത്താം എന്ന് പറയുന്നു ആ വഴിക്ക് പോകുന്നു .വഴി ആകെ വിജനം പെങ്കൊച്ചു പേടിച്ചിരിക്കുന്നു  .വഴിയില്‍ പെട്ടന്ന് ടയര്‍ പഞ്ചര്‍ ആകുന്നതോടെ പെങ്കൊച്ചു വണ്ടിയില്‍ നിന്ന് ചാടി ഓടുന്നു .ഡ്രൈവര്‍ പുറകെ മാഡം എന്ത്  പറ്റി എന്നും ചോദിച്ചു . പെട്ടന്ന് ഒരാള്‍ പുറകില്‍ നിന്ന് വന്നു ഡ്രൈവറെ അടിച്ചു വീഴ്ത്തുന്നു .അത് തീര്‍ന്നു


ഡാ വരുന്നു അടുത്ത സീനില്‍ നായകന്‍ ചാലു മോന്‍. അദേഹം ഒരു പിയാനോ ടീച്ചര്‍ ആണ് .നമ്മെ ആദ്യം കാണിക്കുന്നത് .നേരത്തെ കണ്ട ഡ്രൈവറിനെ കെട്ടിവലിച്ചു വീട്ടില്‍ കൊണ്ട് വന്നു പൂടിയിട്ടു  മയക്കു മരുന്ന് കൊടുത്തു ബോധം കെടുത്തി നഖം പറിച്ചെടുക്കുക,പല്ല് പിഴുതു എടുക്കുക തുടങ്ങിയ പരിപാടികള്‍ നിര്‍വഹിക്കുന്നതാണ് . ഇതെല്ലാം ചെയ്യുമ്പോള്‍ തികച്ചും അദേഹത്തിന്‍റെ നിര്‍വികാരമായ മുഖം കാണുമ്പോള്‍ ഞാന്‍ സത്യമായും വിചാരിച്ചത് ഇയാള്‍ ഏതോ കോള്‍ഡ്‌ blooded  കൊലപാതകി ആയിരിക്കും എന്നാണ് .സംഗതി അദേഹത്തിന്‍റെ കൂള്‍ ആയ അഭിനയം ആയിരുന്നു എന്ന് പിന്നെയാണ് മനസിലായത് . പ്രേമിച്ചാലും ,ഭാര്യയെ ആരേലും കൊന്നാലും,അതിനു  പ്രതികാരം ചെയ്താലും ഒക്കെ കൂള്‍ !!!!രണ്ടു ദിവസം കഴിഞ്ഞു ഓട്ടോ ഡ്രൈവറുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വരുന്നു . തൊട്ടു പുറകെ തന്‍റെ  ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചു,ആ ഓട്ടോയില്‍  പേഴ്സും മറ്റും നഷ്ട്ടപെട്ടു എന്ന പരാതിയുമായി നേരത്തെ ഓട്ടോയില്‍ കയറുകയും ഓടുകയും ചെയ്ത പെങ്കൊച്ചും ഭര്‍ത്താവു ഡോക്റെരും എത്തുന്നു (ഇതു എന്തിനായിരുന്നു എന്ന് സിനിമ കഴിയുന്ന വരെ എനിക്ക് മനസിലായില്ല ).അന്വേഷണം ബുദ്ധിമാനായ ശ്രീനിവാസന്‍ ..ആദ്യം തന്നെ ഈ ഡോക്ടറും അപ്പുറത്ത് ഡ്രൈവറിന്‍റെ പല്ല് പറിച്ചു കളിക്കുന്ന ഹര്‍ഷവര്ധന ചാലു മോനും സുഹൃത്തുക്കള്‍ ആണെന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട് . പിന്നെ നമുക്ക് അകെ അറിയേണ്ടത് എന്തിനാണ് ഈ പല്ല് പറി എന്ന് മാത്രമാണ്.

          രണ്ടാം പകുതി മൊത്തം ആ ചോദ്യത്തിനുള്ള ഉത്തരമാണ് . ഒരു സംഗീത സംവിധായകന്‍ ആകാന്‍ വേണ്ടി മെഡിക്കല്‍ പഠനം ഉപേക്ഷിച്ച സംഗീത പ്രേമിയായ ചാലു മോന്‍, കാമുകി നാട്ടിന്പുറത്തുകാരിയായ നായിക മായ (രൂപത്തിലും ശരീരഭാഷയിലും ആ നാട്ടിന്‍ പുറത്വം തെളിഞ്ഞു കാണാം !!!!)  തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും മറ്റു ബന്ധുക്കളും ഇവരെല്ലാം ചേര്‍ന്ന് രണ്ടാം പകുതി സമ്പന്നം ആക്കുന്നു , (ഇതെല്ലാം കണ്ടു നമ്മുടെ ചാലു മോനെ പോലെ കൂള്‍ ആയി ഇരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് സത്യമായും ആശിച്ചു പോയി അനിയാ !!!!). ഇവരുടെ മത്സരിച്ചുള്ള  പ്രകടനം പ്രകടനം കഴിഞ്ഞു യുവ മിഥുനനങ്ങള്‍ വിവാഹിതര്‍ ആകുന്നു . പ്രതിഭാശാലിയായ ഭര്‍ത്താവിനു അവസരം തേടാന്‍  വേണ്ടി മായ ഒരു കാള്‍ സെന്‍റ്ററില്‍  ജോലിക്ക് പോകുന്നു.അവിടത്തെ ഒരു ഡ്രൈവ റുമായി ഉടക്കില്‍ ആകുന്നു .മായ പരാതിപ്പെടുന്നതോടെ ഡ്രൈവര്‍ ഭയങ്കര കലിപ്പ് . ഒരു ദിവസം മായയെ പറ്റിച്ചു ഒരു വിജന സ്ഥലത്ത് കൊണ്ട് പോയി തല്ലി കൊല്ലുന്നു.(മറ്റേ കാള്‍ സെന്‍റ്റര്‍ ജീവനക്കാരിയെ ടാക്സി ഡ്രൈവര്‍ കൊന്ന സംഭവം . ഇവിടെ  കമ്പനി സ്റ്റാഫ്‌ ആണ് ഡ്രൈവര്‍ എന്നും ഓര്‍ക്കണം ). പിന്നെ നായകനും സുഹൃത്തും മത്സരിച്ചു ഒരു ദുഖിക്കലുണ്ട് .നായകന്‍റെ ദുഃഖം തികച്ചും കൂള്‍ ആയതിനാല്‍ കൂട്ടുകാരന്‍ (ഡോക്ടര്‍ ) ദുഃഖം ' മരിച്ചു ' അഭിനയിച്ചു കാണിക്കുമ്പോള്‍ നായകനെക്കാള്‍ സങ്കടം ഇവനാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികം മാത്രം !!!!

അന്വേഷണം അപ്പോളും ബുദ്ധിമാനായ ശ്രീനിവാസന് .ഡ്രൈവര്‍ കൊലപാതകവും കഴിഞ്ഞു പിറ്റേന്ന് മുതല്‍ മിടുക്കനായി ഓഫീസില്‍ വരുന്നത് കൊണ്ട് കേസ് എളുപ്പത്തില്‍ കഴിയുന്നു . അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാളെ ജയിലിലെ നല്ല നടപ്പിനും പിന്നെ ഇയാളുടെ കുടുംബത്തിന്‍റെ ദേനീയ സ്ഥിതിയെ പറ്റി  വന്ന ടി വി പരിപാടിയും കാരണം ശിക്ഷ ഇളവു ചെയ്തു വിടുന്നു.അയാള് നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത ഓടോയും ഓടിച്ചു കുടുംബം നോക്കി കഴിയുന്നു .ഇയാളോട് ചെയ്യുന്ന പ്രതികാരമാണ് ആദ്യ പകുതിയില്‍ കണ്ടത്.

 എന്നിട്ട് .....?


എന്നിട്ട് എന്തോന്ന് ....? ശരീര ഭാഗങ്ങള്‍ കിട്ടുന്നു പക്ഷെ തെളിവൊന്നും ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല അത്രെ .ബുധുമാനായ ശ്രീനിവാസന്‍ പോലും തോല്‍വി സമ്മതിച്ചു കഴിയുമ്പോള്‍ എന്തരോ ഒരു തട്ട് പൊളിപ്പന്‍ പറ്റും കൂടെ കാണിച്ചു എ ഫിലിം ബൈ രൂപേഷ് പീതാംബരന്‍ എന്ന് എഴുതി കാണിച്ചതും വായിച്ചു കഴിഞ്ഞാല്‍ വല്ലതും ബാക്കി ഉണ്ടേല്‍ ഇറങ്ങി പോകാം

അല്ല ബാക്കി


എന്തോന്ന് ബാക്കി ഈ സിനിമയില്‍ എല്ലാരോടും മോശമയെ അഭിനയിക്കാവു എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ഉണ്ട് . (അല്ലെങ്കില്‍ ചാലു മോന്‍ മികച്ചു നിന്നു എന്ന് എഴുതാന്‍ പറ്റില്ലല്ലോ ).നായികാ ശിഖ നായര്‍ ആണെങ്കില്‍ ഒരു ഗ്രാമീണ കഥാപാത്രമായി ജീവിക്കയാണ് ഈ ചിത്രത്തില്‍ .നായികയുടെ അച്ഛനും (ശ്രീ കുമാര്‍ ) ബന്ധുക്കളും കുറഞ്ഞത്‌ രണ്ടു ഓസ്കാറിനു അഭിനയിച്ചിട്ടുണ്ട്


അല്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ .....


തികച്ചും അമേച്വര്‍ എന്ന് പറയാവുന്ന ഒരു ചിത്രം.ഈ രൂപേഷ് പീതാംബരന്‍ നമ്മുടെ ലാല്‍ ജോസിന്‍റെ അസിസ്റ്റന്റ്‌ എന്ന് വായിച്ചു. ഈ ജവാന്‍ ഓഫ് വെള്ളിമലയും ഇതു പോലെ ലാല്‍ ജോസിന്‍റെ സംവിധാന സഹായി ആയിരുന്ന ആളാണ് എന്നാണ് ഓര്‍മ്മ . എനിക്കാകെ ശ്രീ ലാല്‍ ജോസിനോടും മമ്മുട്ടിയോടും ചോദിയ്ക്കാന്‍ ഒരേ ഒരു ചോദ്യം മാത്രം . ഇതു പോലെ ഇനി എത്രയെണ്ണം കൂടി സ്റ്റോക്ക്‌ ഉണ്ട് ?

വാല്‍ കഷ്ണം : ഈ ചിത്രം പറയുന്നത് ഇന്ത്യയിലെ ശിക്ഷ നിയമങ്ങള്‍ അപര്യാപ്തമാണ് ഇവിടെയൊക്കെ അറബി രാജ്യങ്ങളിലെ പോലുള്ള നിയമങ്ങള്‍ നടപ്പാക്കണം എന്നാണ് .അറബി അവിടെ നില്‍ക്കട്ടെ അപര്യാപ്തത എന്ന സംഗതിയോടു എനിക്കും യോജിപ്പുണ്ട് (ദിവസവും പത്രം വായിക്കുന്ന ഏതൊരു സാധാരണക്കാരനും യോജിക്കും എന്നാണ് വിശ്വാസം )  .പക്ഷെ ആ ചിത്രത്തില്‍ കാണിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ ഒരാളെ തിരുത്താന്‍ തികച്ചും പര്യാപ്തമാണ് എന്നല്ലേ ? ഈ വൈരുധ്യമാണ് ഈ സിനിമയെ ഒരു കോപ്രായം ആക്കി മാറ്റുന്നത് എന്ന് തോന്നുന്നു


Friday, November 16, 2012

മൈ .... ബോസ്സ് (My Boss : Review )

അനിയാ ജീവിതം ധന്യം ആയെടെ ......

ഓ .. നമ്മുടെ സിനിമാ സമരം സമരം പിന്‍വലിച്ചത്  കൊണ്ടാണോ?

അല്ല അനിയാ നമ്മുടെ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ച്‌ ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത മൈ .... ബോസ് എന്ന ചിത്രം കണ്ട വകയിലാണ് എന്‍റെ ഈ പാവം ജീവിതം ധന്യം  ആയതു. അഭിനേതാക്കള്‍ ദിലീപ് ,മംത , സായി കുമാര്‍ , സീത  തുടങ്ങിയവരാണ് .

അല്ല ആദ്യമേ ശ്രദ്ധിച്ചതാ എന്താ ആ പേര് പറയുമ്പോള്‍  ഒരു വലിച്ചില്‍ ? ഇയാള്‍ എന്താ ന്യൂ ജനറെഷന്‍ ആളാണോ അശ്ലീലം പറയാന്‍ ?

നീ പോയി കണ്ടു നോക്ക് ഞാന്‍ ആയതു കൊണ്ട് ഇത്രയെ പറയുന്നുള്ളൂ .
 
ഓര്‍മയുണ്ട്  ആ ജിത്തു ജോസഫ്‌ മമ്മി ആന്‍ഡ്‌ മി  ഒക്കെ എടുത്ത സംവിധയകനല്ലേ ?

തന്നെ അനിയാ തന്നെ ഡിക്ക്റ്ററ്റിവ്  എന്നാ ആദ്യ  ചിത്രത്തില്‍  നിന്നും മമ്മി ആന്‍ഡ്‌ മി എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ ഒരു സംവിധായകന്‍റെ ക്രമാനുഗതമായ വളര്‍ച്ചയാണ് ഞാന്‍ കണ്ടത് .(ഈ വളര്‍ച്ച എന്ന് പറഞ്ഞ സാധനം കണ്ടിട്ടില്ലാത്തവര്‍  ദയവായി എന്നെ കടിച്ചു തിന്നാന്‍ വരരുത് ). എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹം നമ്മളെ പാടേ  നിരാശര്‍  ആക്കുന്നു.

ഒന്ന് ചുമ്മാതിരി അണ്ണാ  ഒരു ഐ റ്റി പശ്ചാത്തലത്തില്‍ ഉള്ള ഒരു കോമഡി ചിത്രം ആണെന്ന് പോസ്റ്റര്‍ കണ്ടാല്‍ തന്നെ അറിയാമല്ലോ . അത് തന്നെ ഒരു പുതുമയല്ലേ ?

ആണെടെ ആണ് . ഞാന്‍  കഥ അങ്ങ് ചുരുക്കത്തില്‍  പറഞ്ഞേക്കാം.കൊല്ലം മുന്‍പ് ബി ടെക് കഴിഞ്ഞ (ഉന്നത വിജയം ) , അതിനു ശേഷം ആലപ്പുഴയില്‍  ഒരു ജോലിയും ഇല്ലാത്ത (മറ്റുള്ളവരുടെ കല്യാണത്തിന് പോകുന്ന പണി അല്ലാതെ  ) പ്രമാണിയായ അച്ഛനെ സഹായിച്ചു (?) ജീവിച്ച മനു ഒരു സുപ്രഭാതത്തില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു .മുംബയില്‍ ഒരു കമ്പനിയുടെ സേല്‍സ് വിഭാഗം മേധാവി ആയ പ്രിയയുടെ  (മംത ) അസിസ്റ്റന്റ്‌ പണിയാണ്  ഇയാള്‍ക്ക് ജോലി കിട്ടുന്നത് . ഈ   പ്രിയ ആണെങ്കില്‍  മൊത്തം ഓഫീസിനെ വിറപ്പിക്കുന്ന ആളും മുടിഞ്ഞ കാര്യക്ഷമത ഉള്ള ആളും ആണ്.(എങ്കിലും മനു ആള്  ദിലീപ്  ആയതു  കൊണ്ട്  അത്യാവശ്യം  കോമഡി  ഒക്കെ  കാണിച്ചു  പിടിച്ചു  നില്‍ക്കുന്നു ) , കമ്പനിയില്‍  സി ഇ ഓ പോസ്റ്റ്‌ ഒഴിവു വരുന്നു .പരിഗണിക്കപ്പെടുന്ന രണ്ടു പേര്‍  ഒന്ന് പ്രിയയും മറ്റേതു സീനിയര്‍ ആയ മാത്യുവും ആണ് .സ്ഥാനം തനിക്കു  കിട്ടാനായി മാത്യു പല ബുദ്ധിപരമായ തന്ത്രങ്ങളും പയറ്റുന്നു . (എന്ന് വെച്ചാല്‍  കൊട്ടേഷന്‍ വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ ) അങ്ങനെ ഇരിക്കുമ്പോളാണ് ആസ്ട്രേലിയന്‍ പൌരത്വം ഉള്ള പ്രിയയുടെ വിസ കാലാവധി തീരാറാകുന്നത്.ഭാരതം അഭ്യന്തര സുരക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഒരു രാജം ആയതു കൊണ്ട് വിസ പുതുക്കാന്‍ ഒരു വഴിയും കാണാതെ പ്രിയ വിഷമിക്കുന്നു . !! കാലാവധി കഴിഞ്ഞാല്‍ ആസ്ട്രേലിയക്കുപറഞ്ഞു വിടുകയുംപിന്നെ എന്നെങ്കിലും നിയമത്തില്‍ അയവ് വന്നാല്‍ മാത്രമെ തിരിച്ചു വരാന്‍ പറ്റുഎന്നതാണ് അവസ്ഥ!!! എന്ത് ചെയുമെന്നു പറ ? അപ്പുറത്ത് ,മാത്യു സന്തോഷം കൊണ്ട് കുപ്പി പൊട്ടിക്കുന്നു(ഇവിടെ നാട്ടില്‍ കേറ്റരുത്‌ എന്ന് പറഞ്ഞ ഏതോ നീഗ്രോയെ തലസ്ഥാന നഗരത്തില്‍ പണ്ട്  ആഘോഷമായ് ആദരിച്ചു കൊണ്ടു വന്നു മൈതാനത്തില്‍ പ്രസംഗവും പാട്ടും നടത്തി തിരിച്ചു വിട്ടിട്ടു ഒരുത്തന്‍റെയും പൂട പോലും പറിക്കാത്ത മഹത് രാജ്യമാണ് നമ്മുടെ എന്ന് നമുക്ക് മറക്കാം ).

അത് നില്‍ക്കട്ടെ വിസ പുതുക്കി കിട്ടാന്‍ ഒരു വഴിയും കാണാതെ വരുമ്പോള്‍  ഗത്യന്തരമില്ലാതെ പ്രിയ ചെയര്‍മാനോട് താന്‍ മനുവുമായി പ്രണയത്തില്‍ ആണെന്നും ഉടനെ തന്നെ വിവാഹിതര്‍ ആക്കാന്‍ പോകുവനെന്നും പ്രഖ്യാപിക്കുന്നു .മുകേഷ് ആണ് ചെയര്‍മാന്‍ ആയി വരുന്നത് (കാണിക്കുന്ന ഷോട്ടില്‍ എല്ലാം അദേഹത്തിന്റെ നെഞ്ച് വരെയേ കാണിക്കുന്നുള്ളൂ .സത്യമായും താഴെ കൈലി ആണോ ഉടുത്തിരിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്). പക്ഷെ  ചെയര്‍മാനെ  പറ്റിച്ചിട്ട് എന്ത് കാര്യം ? വിസ  പുതുക്കി  കൊടുക്കേണ്ടത്   സര്‍ക്കാരല്ലേ ? അവിടെ നമ്മുടെ ഗണേശ മന്ത്രി ആണ് അഭിനയിക്കുന്നത് . അദേഹത്തിന് ഇവരുടെ അഭിനയം കണ്ടു സംശയം തോന്നുന്നു  (ആര്‍ക്കായാലും തോന്നും !!) അത് കൊണ്ട് വിശദമായി ഇവരുടെ രണ്ടു പേരുടെയും വീടിലോക്കെ അന്വേഷിക്കും എന്ന് പറയുന്നു .ചുരുക്കത്തില്‍ അഭിനയം കുറച്ചു കൂടി തുടരണം എന്ന് ചുരുക്കം (ചിത്രം സിനിമ മുതല്‍ കണ്ടു വരുന്ന സ്ഥിരം സംഭവം ) .

ഇതിനിടെ മാത്യുവുമായി ധാരണയില്‍ എത്തുന്ന മനു കുറച്ചു കാലം പ്രിയയെ അകറ്റി നിര്‍ത്താനായി നാട്ടിലേക്കു കൊണ്ട് പോകുന്നു (വീട്ടുകാരെ പറ്റിക്കാന്‍ .എങ്ങാനും ഗണേഷ് കുമാര്‍  അന്വേഷിക്കാന്‍ വന്നാലോ !!!). അങ്ങനെ ഭാര്യ വേഷം കെട്ടി നാട്ടിലെത്തി കുറച്ചു നാളുകള്‍ക്കകം പ്രിയ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നു .

എന്താണത് അണ്ണാ ? ആര്‍ക്കെങ്കിലും വല്ല മാരക രോഗവും ...... വല്ല അക്യുട്ട് സെറിബ്രല്‍ ഡി .. അങ്ങനെ എന്തെങ്കിലും ...?

അതായിരുന്നു അനിയ ഭേദം . ഇതു അതൊന്നുമല്ല ഈ സ്നേഹം സ്നേഹം എന്ന് പറയുന്ന സാധനം ഉണ്ടല്ലോ . അത് ശരിക്കും കൊച്ചു ഇതു വരെ കൊച്ചു ഭാരതത്തിലും ആസ്ട്രേലിയയിലും കണ്ടതൊന്നുമല്ല . നല്ല ഉഗ്രന്‍ 916 പരിശുദ്ധി ഉള്ള സ്നേഹം കാണണം എങ്കില്‍ ആലപ്പുഴ -ചേര്‍ത്തല ഭാഗത്ത്‌ പോണം . അവിടെ തന്നെ വേറെ പണിയൊന്നുമില്ലാത്ത മുടിയും കറുപ്പിച്ചു നാട്ടുകാരുടെ കല്യാണത്തിന് പോയി നടക്കുന്ന ഗ്രഹനാഥന്മാരും ഗ്രഹഭരണവുമായി കഴിയുന്ന വീട്ടമ്മമാരും ചേരുന്ന ചുരുക്കത്തില്‍ പറഞ്ഞാല്‍ തിലകന്‍ - കവിയൂര്‍ പൊന്നമ്മ ലൈന്‍  ദമ്പതിമാര്‍ ഉള്ള വീടിലാണ് ശരിയായ സ്നേഹം കുടി കൊള്ളുന്നത്‌ എന്നതാണ് പ്രിയ മനസിലാക്കുന്നത്‌.പിന്നെ ഈ  മനു മനു എന്ന് പറയുന്നത് പൊന്നപ്പനല്ല  തങ്കപ്പനാണ് എന്ന സത്യം വേറെ . അപ്പോളേക്കും വിവരം അറിഞ്ഞു ചില കൂട്ടുകാരും ആയി എത്തുന്ന മാത്യുവിനെ (നല്ല ബെസ്റ്റ് കൂട്ടുകാര്‍ !!!) പെട്ടന്ന് അടിച്ചൊതുക്കി സംഗതി ക്ലീന്‍ ആക്കി മനു -  പ്രിയമാര്‍ സുഖമായി കല്യാണം കഴിക്കുന്നു .

ഇതെന്തോന്ന്? സീരിയലോ റിയാലിറ്റി ഷോ യില്‍ കാണിക്കുന്ന സ്കിറ്റോ ?

അനിയാ , അത് തന്നെയാണ് എനിക്കും തോന്നിയത് . ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ് കാസ്റ്റ് എന്ന് എനിക്ക് തോന്നിയത് നടന്‍ ദിലീപാണ് .തനിക്കു ഒരു തരത്തിലും ചേരാത്ത (പ്രായം കൊണ്ടും ശരീരഭാഷ കൊണ്ടും ) കഥാ പാത്രമായി എന്തൊക്കെയോ കാണിക്കുന്നു ഈ നടന്‍.ജയസുര്യ  മുതല്‍  താഴോട്ട്  ആരെങ്കിലും  ചെയ്തിരുന്നെങ്കില്‍  ഒരു  പക്ഷെ  ഇത്രയധികം   ഏച്ചു  കെട്ടലുകള്‍  ഒഴിവാക്കാമായിരുന്നു .ദിലീപ് കഴിഞ്ഞാല്‍ എടുത്തു പറയേണ്ട മറ്റൊരു വ്യക്തി മംതയാണ് .ആദ്യമായി ഈ നടി കോമഡി വേഷം ചെയ്യുന്നു എന്ന് പടം കണ്ടു കഴിഞ്ഞു പത്രത്തില്‍ വായിച്ചപ്പോളാണ് മനസ്സിലായത് .നന്നായിരിക്കട്ടെ !!!! ഐ റ്റി കമ്പനി അടിസ്ഥാനമാക്കി ഒരു  കഥ ചെയ്യുമ്പോള്‍, കോമഡി യോ സീരിയസോ ആകട്ടെ , ചെയ്യേണ്ട മിനിമം പഠനം പോലും ഈ ചിത്രത്തി ന്‍റെ പിന്നണിക്കാര്‍ നടത്തിയതായി തോന്നുന്നില്ല .(കണ്ട സായിപ്പിനെ ചുരണ്ടാന്‍ പോകുന്ന നേരത്ത്  യാരെടി നീ മോഹിനി എന്നാ ചിത്രം ഒന്ന് കാണുക എന്ന ഉപകാരം എങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ )


അണ്ണാ ഒന്നും തോന്നരുത് . നിങ്ങള്ക്ക് ഒരു വിവരവും ഇല്ല  എന്നതാണ് സത്യം . ഈ പടം എന്‍റെ കയ്യില്ലോട്ടു ഒന്ന് കിട്ടിയിരുന്നെങ്കില്‍ .. ഹോ ..ഞാന്‍    തകര്‍ത്തേനെ ...

ഈ പടത്തില്‍  ഇനി എന്തോന്ന് തകര്‍ക്കാന്‍ ?

അണ്ണാ ഈ പടം ഇങ്ങനെ ഒന്നുമല്ല എടുക്കേണ്ടത് .കഥ നടക്കുന്നത് കൊച്ചിയില്‍ .അവിടത്തെ ഐ റ്റി കമ്പനി അവിടെ ജോലിക്ക് ചേരുന്ന ക്ലീന്‍ ഷേവ്  ഫ്രെഷര്‍ പയ്യന്‍. നവീന്‍ പോളി മുതല്‍ താഴോട്ട് ആരുമാകാം .ബോസ്സ്,  നമ്മുടെ ശ്വേത  മേനോന്‍ പ്രസവ അവധിയില്‍ ആയതിനാല്‍ മംത മതി എന്ന് വെക്കാം.നായിക  നിര്‍ബന്ധമായും വിവാഹ മോചനം കഴിഞ്ഞത് ആയിരിക്കണം . ബംഗ്ലൂറിലെ ജീവിതവും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊച്ചിയില്‍ പുതിയൊരു അടിച്ചു  പൊളി   ജീവിതം ലക്‌ഷ്യം വെച്ച് വരുന്നവള്‍ ആയിരിക്കണം. അതിനു വേണ്ടി നായികയും കൊച്ചിയിലെ കൂട്ടുകാരിയുമായി  ഫോണിലോ നേരിട്ടോ ഉള്ള ഒരു സംഭാഷണ രംഗം .അതില്‍ മലയാളി പുരുഷന്‍മാരുടെ സകല തോട്ടിത്തരങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടണം. ഒപ്പം സ്വന്തം ജീവിത വീക്ഷണവും.പയ്യന്‍  വെറും ആക്രാന്തം ചുറ്റും ഉള്ളവനെല്ലാം നടക്കുന്നു എനിക്ക് മാത്രം നടക്കുന്നില്ല എന്ന ലൈന്‍. കമ്പനി ചെയര്‍മാന്‍ അനൂപ്‌ മേനോന്‍ .പുള്ളി ഇടയ്ക്കിടെ നമ്മുടെ ലാലേട്ടന്‍ മോഡല്‍ തത്വജ്ഞാനം വിളമ്പി തരും. പിന്നെ  ഫഹദ്  ഫാസില്‍  മോഡല്‍ നിക്കര്‍ ഒന്ന് (സോറി രണ്ടു. ഒരെണ്ണം നായികക്കും ഇരിക്കട്ടെ ) . പിന്നെ കോഫി മഗ് , ലാപ്പ് ടോപ്പ് (സ്മാര്‍ട്ട്‌ ഫോണോ ടാബ്ലറ്റോ ആയാല്‍  ഉത്തമം ), ബ്ലൂ ടൂത്ത് ഹെഡ് ഫോണ്‍, മദ്യകുപ്പി , (നായികക്ക് വേണമെങ്കില്‍ സിഗറെട്ടും  ആകാം ) ഇവയെല്ലാം പാകത്തിന് .ഇടവേള കഴിഞ്ഞു ഇവര്‍ രണ്ടു പേരും നാട്ടിലെക്കൊന്നുമല്ല മറിച്ചു ഒരു ഓവര്‍സീസ് assignment ന്‍റെ  ഭാഗമായി  വിദേശത്തേക്ക്  ആണ് പോകേണ്ടത് .അവിടെ വെച്ച് ഒന്നും നടക്കരുത് .പക്ഷെ ഇപ്പം നടക്കും എന്നൊരു ഫീല്‍ കൊടുത്തു കൊണ്ടിരിക്കണം.അനൂപ്‌ മേനോന്‍ ഒഴികെ ഈ സിനിമയിലുള്ള സകല കഥാപാത്രങ്ങളും ലൈംഗിക ബന്ധങ്ങളെ (അതും അവിഹിതം ഓര്‍ ആഗ്രഹം  ഒണ്‍ലി ) കുറിച്ച് മാത്രമേ സംസാരിക്കാവു. പിന്നെ  ഒരു രണ്ടു മണികൂര്‍ കഴിയുമ്പോള്‍  ഇതുമായി വലിയ ബന്ധം ഒന്നുമില്ലാത്തഎന്തെങ്കിലുംപറഞ്ഞു  കഥ നിര്‍ത്തുക.ഇവിടെ വേണമെങ്കില്‍ പയ്യനെ ഗേ ആണെന്ന് കാണിച്ചു ഒരു ട്വിസ്റ്റ്‌ കൂടെ കൊടുക്കാം  . എന്നിട്ട് സംവിധാനം വി കെ പ്രശാന്ത് എന്ന് എഴുതി കാണിക്ക കൂടി ചെയ്താല്‍ അണ്ണാ ഈ പടം ഓടുന്ന ഓട്ടം ചില്ലറ വല്ലതും  ആയിരിക്കുമോ ? സംഗതി മുട്ടന്‍ ന്യൂ
ജനറെഷന്‍  ആയില്ലേ ..വിവരം വേണം  അണ്ണാ  വിവരം

അനിയാ നിന്നെ നമിച്ചു . ഇത്ര  കഴിവുള്ള നിന്നോട് സംസാരിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല.നീ ഇങ്ങനെ  റിവ്യൂ എഴുതി നശിക്കേണ്ടവനേ  അല്ല .എളുപ്പം പോയി ഒരു സിനിമ സംവിധാനം ചെയ്യെടാ . ഇപ്പോളുള്ള സംവിധായകരെകാളും  ദ്രോഹം നീ എങ്ങനെ വിചാരിച്ചാലും ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല

Note : ഒരു കാര്യം പറയാന്‍ വിട്ടു ഇതു എഴുതി ക്കഴിഞ്ഞപ്പോള്‍  ആണ് ശ്രീനിയെ കണ്ടത് .ആശാന്‍ ആദ്യ ദിവസം ആദ്യ ഷോ ക്ക് ഈ ചിത്രം കണ്ട ആളാണ്‌ .തിരുവനതപുരം ശ്രീകുമാര്‍ തീയറ്ററില്‍ ഈ സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോള്‍ ഇടവേളക്കു എഴുതി കാണിച്ചു അത്രെ അടുത്ത പടം ഈ തീയറ്ററില്‍ 101 wedding എന്ന ചിത്രം എന്ന് . ആ സിനിമയുടെ പോസ്റ്ററുകള്‍ പോലും ഒട്ടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഉടനെ പ്രതീക്ഷിക്കാവുന്നതും ആണ് . അപ്പോള്‍ ഇവര്‍ക്കൊക്കെ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതു പൊളിയാണ്  എന്നും ആധിക ദിവസം ഓടില്ല എന്നും അറിയാമായിരുന്നോ ? ആ ....ആര്‍ക്കറിയാം ?????