Tuesday, January 8, 2013

ഡാ പ്രേക്ഷകാ .. (1)

അനിയാ എങ്ങോട്ടാ എത്ര തിരക്കിട്ട് ?


നിര്‍ത്തി അണ്ണാ നിങ്ങളുമായുള്ള സകല പരിപാടിയും നിര്‍ത്തി . സണ്ണി വെയിനേയും അഷിഖ് അബുവിനെയും തിരിച്ചറിയാത്ത നിങ്ങള്‍ ഒരു മലയാളി ആണോ ?

അനിയാ നീ ക്ഷമി ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും .അതിരിക്കട്ടു നീ എപ്പോള്‍ എങ്ങോട്ടാ വെച്ച് പിടിച്ചു ?

പ്രസ്സ് ക്ലബില്‍ നിന്ന് വരുന്ന വഴിയാ.വാര്‍ത്ത‍ ചൂടോടെ കാളകൂടത്തില്‍ എത്തിക്കണം .

എന്തോന്ന് വാര്‍ത്ത‍ അനിയാ ? ഇവിടെയും വല്ല ബസ്സും .....‌

അണ്ണാ അതൊക്കെ അങ്ങ് ഡല്‍ഹിയില്‍ എവിടെ ട്രെന്റ് വേറെയാ. പ്രേമബന്ധത്തില്‍ നിന്നു പിന്മാറുക, അല്ലെങ്കില്‍ പ്രേമാഭ്യര്‍ഥന നിരസിക്കുക തുടങ്ങിയ മാരക കുറ്റങ്ങളുടെ പേരില്‍ പെണ്‍പിള്ളേരുടെ വീട്ടില്‍ കേറി കയ്യില്‍ കിട്ടുന്നവനെ എല്ലാം വെട്ടുക തട്ടുക എന്നതല്ലേ നമ്മുടെ ഒരു കറണ്ട് ട്രെന്‍റ് (റിലേ പീഡനവും വാണിഭവും ഒന്നും ഇല്ല എന്നല്ല ബട്ട്‌ ട്രെന്‍റ് ഇതാണ്)

പിന്നെ ഇതിപ്പം എന്തോന്ന് ?

നമ്മുടെ ഫോര്‍ട്ട്‌ കൊച്ചി ഭാഗത്തെ പത്തിരുപതു റെസിഡന്റ്റ് അസോസിയേഷനുകള്‍ യോജിച്ചു ഒരു പത്ര സമ്മേളനം . സംഗതി സിമ്പിള്‍ .മലയാളത്തില്‍ അടുത്തിടെ ഇറങ്ങുന്ന സിനിമകളില്‍, പ്രത്യേകിച്ചു ന്യൂജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന സിനിമകളില്‍ കൊച്ചിക്കാരെ ഗുണ്ടകളും, ആഭാസന്‍മാരും, മഹാ വൃത്തികെട്ടവരായും  ആയി ചിത്രീകരിക്കുന്നു.ഇങ്ങനെയുള്ള സിനിമകള്‍ ഇവരെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ആയതിനാല്‍ മേലില്‍ ഇനി ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ഏതു ചിത്രവും ഈ പതിരുപതിനാല് സംഘടനകളുടെ നേതാക്കളെ കാണിച്ചു ബോധ്യപ്പെടുത്തി അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെ വേണം ഇറക്കാന്‍ എന്നതാണ് ഇവരുടെ അത്യാവശ്യം. ഇനി ഇവരുടെ കണ്ണ് വെട്ടിച്ചു വല്ല പടവും ഇറങ്ങി പോയാല്‍ അതിലെ നായകന്‍ നിര്‍ബന്ധമായും അടുത്ത സിനിമയില്‍ നല്ലവനായ ഒരു കൊച്ചിക്കാരനായി അഭിനയിച്ചിരിക്കണം. ഈ ആവശ്യം നടപ്പക്കിയില്ലങ്കില്‍ ഒരൊറ്റ ന്യൂ ജനറേഷന്‍ ചിത്രം ഈ കേരളത്തില്‍ ഇറങ്ങാന്‍ സമ്മതിക്കില്ല എന്ന് നേതാവ് ഊന്നി പറഞ്ഞു.മിക്കവാറും നമ്മുടെ അനൂപ്‌ മേനോന്‍ മുതല്‍  ഫഹദ് ഫാസില്‍  വരെയുള്ളവര്‍  തെണ്ടിയത് തന്നെ .കിടിലം തന്നെ അല്ലെ അണ്ണാ ?

ശരി നടക്കട്ടെ .

അതെന്തോന്നു അണ്ണാ ഒരു താല്പര്യം ഇല്ലാത്ത ലൈന്‍.അല്ല ഞാനൊന്നു ചോദിക്കട്ടെ ഈ കൊച്ചിയില്‍ മാത്രമേ അധോലോകം ഉള്ളോ ?

അല്ല അനിയാ കേരളം അങ്ങോളം ഇങ്ങോളം ഈ ലോകം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.  ലോകത്തെവിടെയും  പ്രതികരണ ശേഷി ഇല്ലാത്ത മന്ദബുദ്ധികള്‍ തിങ്ങി പാര്‍ക്കുന്നിടതെല്ലാം ഈ ലോകം പടര്‍ന്നു പന്തലിക്കുകയും ചെയ്യും. കൊച്ചി പോലെയുള്ള ഒരു സ്ഥലത്ത് അത് ഒരു തുറമുഖപട്ടണം ആയതിനാല്‍ സംഗതി കുറച്ചു കൂടി സ്ട്രോങ്ങ്‌ ആന്‍ഡ്‌ വെല്‍ ഓര്‍ഗനൈസഡ് ആയിരിക്കും എന്നേ ഉള്ളു .

അപ്പോള്‍ പിന്നെ എല്ലാ സിനിമയിലും എങ്ങനെ കൊച്ചിയെ കൊച്ചിക്കാരെ മോശമായി ചിത്രീകരിക്കുന്നത് ......


അതിനു എല്ലാ സിനിമയും എടുക്കുന്നത് ഒരാള്‍ അല്ലല്ലോ.ഓരോരുത്തര്‍ അവരവര്‍ക്ക് അറിയുന്ന സാഹചര്യങ്ങളും പരിചയമുള്ള വ്യക്തികളെയും അടിസ്ഥാനമാക്കിയാണ് കഥയെഴുതുന്നത്.ഈ അടുത്ത കാലത്ത് എന്ന ചിത്രം തിരുവനന്തപുരം പാശ്ചാത്തലമാക്കി ഉള്ളതല്ലേ .അതിലും അധോലോകം ഇല്ലേ . അതിനു കാരണം ആ സിനിമയുടെ കഥയെഴുതിയ ആള്‍ക്ക് പരിചയമുള്ള പാശ്ചാത്തലം തിരുവനന്തപുരം ആണ്  എന്നതാകണം . അതങ്ങനെ പാടില്ല എന്ന് പറയുന്നത് മോശമല്ലേ അനിയാ.പിന്നെ അങ്ങനെ കുറെ സിനിമകള്‍ വന്നു എന്ന് കരുതി എല്ലാ കൊച്ചിക്കാരും അങ്ങനെയാണ് എന്ന് ആരെങ്കിലും പറയും എന്ന് (നമ്മുടെ മന്ദബുദ്ധി പൊതുജനം പോലും) എനിക്ക് തോന്നുന്നില്ല . ബോംബെ പാശ്ചാത്തലമാക്കി എത്രയോ അധോലോക സിനിമകള്‍ വരുന്നു എന്ന് കരുതി ഈ ഐ റ്റി ബൂം ഇല്ലായിരുന്നു എങ്കില്‍ ഇന്നും മലയാളി പെട്ടിയും എടുത്തു  മുംബയ്ക്ക് വണ്ടി കേറിയേനെ.ശരിയല്ലേ ?

അല്ല മറ്റു സ്ഥലങ്ങളിലെ അധോലോകം .....?

അനിയാ നിന്നോട് കൊച്ചി മാത്രം കേന്ദ്രമാക്കിയെ അധോലോക ന്യൂ ജനറേഷന്‍ സിനിമകള്‍ എടുക്കാന്‍ പാടുള്ളൂ എന്ന് ആരെങ്കിലും പറഞ്ഞോ ഇല്ലല്ലോ . നീ പോയി കൊല്ലം, കിളിമാനൂര്‍ , ആറ്റിങ്ങല്‍ അധോലോകങ്ങള്‍ പാശ്ചാത്തലമാക്കി ന്യൂ ജനറേഷന്‍  പടം പിടിക്കെടെ. പക്ഷെ കാണുന്നവനെ കൊല്ലരുത് അത്രേയുള്ളൂ.
                                
ഇനി ഇതൊന്നും പോരെങ്കില്‍  ഇതൊക്കെ നോക്കാന്‍ സെന്‍സര്‍  ബോര്‍ഡ്‌  എന്നൊരു സാധനം നിലവിലുണ്ട്  (ഉണ്ടല്ലോ അല്ലെ?) . അവര്‍ കൃത്യമായ  നിയമങ്ങള്‍  അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് . ആ നിയമാവലി വാങ്ങി പഠിച്ചിട്ടു അതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍  അത് തിരുത്താന്‍  സര്‍ക്കാറിനോട്  ആവശ്യപ്പെടുക എന്നതല്ലേ ജനാധിപത്യപരമായ  മാര്‍ഗം?  ഇനി അതില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗരേഖകള്‍ സെന്‍സര്‍ ബോര്‍ഡ്‌ പാലിച്ചിട്ടില്ല എങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എതിരെ നടപടിക്കു ആവശ്യപ്പെടുക എന്നതല്ലേ ന്യായം?

അല്ല അതിപ്പോള്‍  ഈ  ഭരണകൂടവും സെന്‍സര്‍  ബോര്‍ഡും  എല്ലാം മറ്റുള്ളവരുടെ കയ്യിലല്ലേ?  അവന്മാര്‍ക്ക് പാവം കൊച്ചിക്കാരെ എങ്ങനെ  താറടിക്കണം  എന്നല്ലേ ചിന്തയുള്ളൂ.

അപ്പോള്‍ നിയമ വ്യവസ്ഥയോ? എപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന് ഒരുത്തന്‍ വന്നു ഒന്ന് രണ്ടു കൊല്ലം കള്ളപേരില്‍ കൊച്ചിയില്‍ താമസിച്ചു ഒരു അധോലോക സംഘം വളര്‍ത്തി എന്നുള്ള കഥ സിനിമയില്‍ കണ്ടാല്‍ കൊച്ചി മൊത്തം അങ്ങനാണ് എന്നാണ് പറയുന്നത് എന്ന് തോന്നി അങ്ങ് വൃണപ്പെടും എങ്കില്‍ സെന്‍സര്‍ നിയമങ്ങള്‍ പരിഷ്കരിക്കണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു കൂടെ ?


ഓ .... അതിനൊക്കെ ആര്‍ക്കു സമയം?. ഇതാവുമ്പോള്‍ എളുപ്പം കാര്യം നടക്കും എല്ലാവനും ഒരു പേടിയും വരും .


അനിയാ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഇതല്ലേ ഗുണ്ടായിസം അഥവാ ഫാസിസം? പിന്നെ ഈ ഒരു സഹിഷ്ണുതക്കുറവു എന്ന് നമ്മുടെ ചുറ്റും പലരീതിയില്‍ നമുക്ക് കാണാം.ജാതിയില്‍, രാഷ്ട്രീയത്തില്‍, തുടങ്ങി സിനിമയില്‍ , അതിന്‍റെ ആസ്വാദനത്തില്‍ വരെയുണ്ട് ഈ മനോഭാവം. ഭരണകൂടം എന്ന സംഗതി ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളാതെ കേവലം വിലകൂട്ടുന്ന യന്ത്രം മാത്രമായി അധപ്പതിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. പിന്നെ  വിഷം  നിരന്തരമായി  കുത്തി  വയ്ക്കുന്ന  നിന്‍റെ  അണലി  ഷാജിയെ  പോലുള്ള  ഓണ്‍  ലൈന്‍  സിംഹങ്ങള്‍  കൂടിയാകുമ്പോള്‍ തികഞ്ഞു .

അങ്ങനെ പറയല്ലേ .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിത്യജീവിതത്തിലെ നൈര്യന്തരങ്ങളിലെ അന്തരാളങ്ങളിലൂടെ അതിവായനയുടെ മഹാസാഗരത്തില്‍ ........


പ്ലീസെ അനിയാ ആകെക്കൂടെ ഉള്ളത് കുറച്ചു ക്ഷമയും സഹന ശക്തിയുമാണ് . നീ രണ്ടും ഇല്ലാതാക്കിയേ അടങ്ങുള്ളോ ...?

അല്ല അണ്ണാ ഒരു ചെറിയ സാമ്പിള്‍ .......

അനിയാ , ആയ കാലത്ത് പഠിക്കാന്‍ വിട്ടപ്പോള്‍ നാട്ടില്‍ ഗോലി  കളിച്ചും, പട്ടം പറത്തിയും  നടന്ന് , പട്ടാളത്തില്‍ ചേരുന്നതിനു പകരം    പ്രവാസികളായ ഒരു കൂട്ടം ടീമുകള്‍ ഉണ്ട് , നെറ്റും, ബ്ലോഗും , ഗൂഗിള്‍ ട്രാന്‍സിലേറ്ററും ഒക്കെ വന്നപ്പോള്‍ ലവനോക്കെ സ്വയം സാമൂഹ്യ പരിഷ്കര്‍ത്താക്കളും , വിമര്‍ശകരും ആണെന്ന് ഒരു തോന്നലും ഉണ്ടായി. അതിന്റെ എനക്കേടില്‍ നിന്നാണ് ഈ വിഷം കുത്തി വെയ്ക്കലിന്‍റെ തുടക്കം.ഇതിന്‍റെ ഒരു വലിയ വകഭേദം മാത്രമാണ് നീ നേരത്തെ പറഞ്ഞ ഈ കൊച്ചിക്കാരുടെ പ്രശ്നം

അങ്ങനെ പ്രവാസികളെ മാത്രം കുറ്റം പറയരുത് . നാട്ടിലും നല്ല കിടിലം വിമര്‍ശകര്‍ ഇല്ലേ ?

ഞാന്‍ നേരത്തെ പറഞ്ഞ  പ്രവാസി ടീമുകളെ പോലെ തലയില്‍ ആള്‍ താമസം ഇല്ലാത്ത, അല്ലെങ്കില്‍ മനസ്സില്‍ വീഷം സൂക്ഷിക്കുന്ന സൈസുകള്‍ വായനക്കാരായും  , ആരാധകരായും ഒക്കെ കിട്ടും എന്ന് മനസിലായപ്പോള്‍ ആണ് നാട്ടില്‍ അണലി ഷാജി തുടങ്ങിയ ഞാഞ്ഞൂലുകള്‍ക്ക് വിഷം വെച്ചത് 

അണ്ണാ അത് പിന്നെ ...അവര്‍ പറയുന്നതിലും ചില സത്യങ്ങള്‍ ഒക്കെ ഇല്ലേ ?

അനിയാ നീ ദേവാസുരം എന്ന സിനിമ കണ്ടിട്ടുണ്ടോ ?

പിന്നെ , ഉഗ്രന്‍ പടമല്ലേ ?

എന്നിട്ട് ആ സിനിമയെക്കുറിച്ച് നീ കഴിഞ്ഞയാഴ്ച ഫ്യൂഡല്‍  വ്യവസ്ഥിതിയില്‍ വാണരുളുന്ന മാടമ്പിയായ നായകനെ മലയാളിയുടെ മനസ്സില്‍ സിമന്‍റ്  ഇട്ടു ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ , ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നിനക്ക് മോര്‍ണിംഗ് സിക്ക്നസ്സും ഓക്കാനവും ഇപ്പോഴും വരാറുണ്ട് എന്ന് പ്രസംഗിക്കുന്നത് കേട്ടല്ലോ ?

അത് പിന്നെ അണ്ണാ , അണലി ഷാജി സാറിന്‍റെ 'നാന്‍ ഒരു സോമ്പേരി - ഗൊയ്യാ ക്ലാക്ലാവിസ്കി പറഞ്ഞത് ശരിയാണ് ' എന്ന സാമൂഹ്യ വിമര്‍ശന സര്‍ക്കാസ്റ്റിക്ക്   ലേഖനങ്ങളുടെ പ്രകാശനം ഉണ്ടായിരുന്നു .

പറഞ്ഞു വരുമ്പോള്‍ ചിനിമാ നിരൂബകന്‍ ആയ നിന്നോട് ദേവാസുരത്തെക്കുറിച്ച് പരാമര്‍ശിക്കാനും അതിനെ വിമര്‍ശിക്കാനും അണലിയും ടീമുകളും പറഞ്ഞു കാണും അല്ലെ ?

പ്രസംഗം വരെ എഴുതി തന്നു അണ്ണാ. 

 ദേവാസുരത്തില്‍  അണലിയും സ്റ്റീമും ഏറ്റവുമധികം കുറ്റം പറയുന്നത് ആ സിനിമയിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്‍ വസ്തുവിന് വില ചോദിച്ചു വരുന്ന പഴയ ഒരു തേങ്ങക്കള്ളന്‍റെ മകനെ ഓടിച്ചു വിടുന്ന ഒരു സീനാണ്

തന്നെ  തന്നെ . അണ്ണാ, അത് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ചൊറിഞ്ഞ് വരുന്നു

എങ്കി നീ വല്ല മുള്ള് മുരിക്കിലും വലിഞ്ഞു കേറ് . ആശ്വാസം കിട്ടും. ഡാ , തന്‍റെ  ഇല്ലാത്ത പിതൃത്വത്തിന്‍റെയും , തറവാടിത്തത്തിന്‍റെയും   മഹത്വത്തില്‍ അഹങ്കരിച്ചു നടക്കുന്ന ഒരു കഥാപാത്രം അങ്ങനെ ഒരു സീന്‍ വരുമ്പോള്‍ പിന്നെ എങ്ങനെ പ്രതികരിക്കണം ? "അല്ല ഇതാര് തേങ്ങാ കള്ളന്‍ സുബൈറിന്‍റെ  മോന്‍ ഇസ്മയിലോ ? വരണം , അകത്തു കയറി ചാരുകസേരയില്‍ തന്നെ ഇരിക്കണം. ഗള്‍ഫില്‍ പോയി കുറെ കാശുണ്ടാക്കി അല്ലെ? തെങ്ങിന്തോപ്പ് തത്കാലം ഞാന്‍ കൊടുക്കുന്നില്ല. പോലീസ് കേസ് തലയിലായി നിവര്‍ത്തിയില്ലത്ത ഘട്ടത്തില്‍ ഞാന്‍ അത് കുറഞ്ഞ വിലയ്ക്ക് നിങ്ങള്ക്ക് തന്നെ തരാം. കുടിക്കാന്‍ കാപ്പിയോ, ചായയോ, സുലൈമാനിയോ ? " എന്ന് ചോദിക്കണോ. ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് അതാകും കൂടുതല്‍ അരോചകമായി തോന്നുക

അല്ല അണ്ണാ , അങ്ങനെ ചുമ്മാ സിനിമ കണ്ടാല്‍ മാത്രം പോരാ . അതിലെ ഹിഡന്‍ അജണ്ടകളും നമ്മള്‍ കാണണം .


എന്തോന്ന് ഹിഡന്‍ അജണ്ട? കോടികള്‍ മുടക്കി സിനിമ എടുക്കുന്നവന് ഒന്നുകില്‍ പടം ഹിറ്റാക്കി രക്ഷപ്പെടണം അല്ലെങ്കില്‍ കറുപ്പ് വെളുപ്പിക്കണം ഈ രണ്ട് അജണ്ടകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ കാണു . ഹിഡന്‍ അജണ്ട ഉള്ളത് അണലി ഷാജി തുടങ്ങിയ ടീമുകള്‍ക്കാണ് . സവര്‍ണ്ണ വര്‍ഗ്ഗിയ ഫാസിസം, ന്യൂനപക്ഷ പീഡനം അല്ലെങ്കില്‍ ന്യുനപക്ഷ സര്‍വാധിപത്യം, സ്ത്രീ പക്ഷ ഉണ്ട  തുടങ്ങിയ കുറെ തേഞ്ഞു പഴകി അവനവനു  പോലും അര്‍ഥം അറിയാത്ത വാക്കുകളും എടുത്തു അവനൊക്കെ നിരൂപിക്കാന്‍ ഇറങ്ങിക്കൊള്ളും നമ്മുടെ ആള്  അല്ലെ പറഞ്ഞത് സിന്ദാബാദ് വിളിച്ചേക്കാം എന്ന് കരുതി അവനൊക്കെ ഒപ്പാരി പാടുന്ന സ്വന്തം തലയില്‍ ആള്‍ത്താമസം  ഇല്ലത്തവന്മാര്‍ ഇവനൊക്കെ വളവും ആകും 

അല്ല അണ്ണാ ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളെക്കുറിച്ച് അണലി സാര്‍ നടത്തിയ ചില  ഭൌതിക തലങ്ങള്‍ കടന്നു  അന്താരാളങ്ങളെ സ്പര്‍ശിച്ചു കളഞ്ഞു എന്ന് പരക്കെ അഭിപ്രായം ഉണ്ട് .

മുട്ട് കാല്‍ അവന്റെ അന്തരാളത്തില്‍ ആഞ്ഞു സ്പര്‍ശിച്ചാല്‍ തീരാവുന്ന കഴപ്പേ അണലിക്ക് ഉള്ളു.  എങ്കിലും ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ലവന് വരെ ഉള്ളത് കൊണ്ട് എന്റെ അഭിപ്രായം ഞാന്‍ പറയാം ഈ അടുത്ത കാലത്ത് എന്നാ സിനിമയെക്കുറിച്ച് അണലി നടത്തിയ ഏറ്റവും കിടിലം നിരീക്ഷണം അതിലെ ഒരു ബ്രാഹ്മണ കഥാപാത്രം നായകന് നിധി കിട്ടും എന്ന്   പ്രവചനം പോലെ   പറയുന്നതും ഒടുക്കം അത് സത്യമാകുന്നതിനെയും കുറിച്ചായിരുന്നു   ആയിരുന്നു . തീര്‍ത്തും മണ്ടനായ ഒരു കഥാപാത്രമായി അവതരിപ്പിക്കപ്പെട്ട ആ ബ്രാഹ്മണന്‍ അണലിയുടെ വിഷം നിറഞ്ഞ കണ്ണുകളില്‍ സവര്‍ണ്ണ മേധാവി. അനിയാ ഇതിനൊക്കെ പള്ളിവാസലില്‍ നിന്ന് ലൈന്‍ വലിച്ച് ഷോക്ക് കൊടുക്കണം എന്നല്ലാതെ എന്ത് പറയാന്‍ ?

അണ്ണാ നിങ്ങള്‍ കാട്ടിലോട്ട് കയറാതെ ഈ വിഷയത്തില്‍ ഞാന്‍ എന്ത് എഴുതണം എന്ന് പറ ?


അനിയ നീ എന്തെഴുതണം എന്ന് എന്നോടോ മറ്റ്  മറ്റ്  ആരോടെങ്കിലോടുമോ    ചോദിക്കുന്നതും,  നിന്‍റെ  ചിന്തയെ ഞങ്ങള്‍ മാസ്ക് ചെയ്യുന്നതുമാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശനം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വന്തം തല ഉപയോഗിച്ച് ചിന്തിക്ക് . ഒരു ഉദാഹരണം വേണേല്‍ പറയാം കേട്ടോണ്ട്‌ പോ .

പറയണം

പലേരി മാണിക്യം എന്ന സിനിമയില്‍ ബാര്‍ബര്‍ ആയ  ശ്രീനിവാസനെ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അടിക്കാടും മേക്കാടും വെട്ടത്തതിനു മമ്മൂട്ടിയുടെ കഥാപാത്രം തള്ളക്കു വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഈ സീനിനെ മനസ്സില്‍ വിഷമുള്ളവര്‍ക്ക്   ഫ്യൂഡല്‍ വ്യവസ്ഥ തിരിച്ചുവരണം എന്ന സംവിധായകന്‍ താടിയുടെ രഹസ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനം ആണെന്ന് കാണാം പ്രചരിപ്പിക്കാം . ആ വിഷം മനസ്സില്‍ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ആളുകള്‍ പീഡിപ്പിക്കപ്പെട്ട ഒരു കാലത്ത് നിന്നുമാണ് ഇന്നത്തെ ഭേദപ്പെട്ട  നിലയില്‍ (അന്നുമായി താരതമ്യം ചെയുമ്പോള്‍ ) നമ്മള്‍ എത്തിയത് എന്നും കാണാം . ഇതില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള സാമാന്യ ബുദ്ധി എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. ആതൂ ഉപയോഗിക്കണം എന്ന് മാത്രം

അപ്പോള്‍ ചുരുക്കത്തില്‍........

ഒരുമാതിരിപ്പെട്ട സകലവനും വിലകയറ്റം മുതല്‍  നൂറു പ്രശ്നങ്ങളില്‍ കിടന്നു നട്ടം തിരിയുന്ന ഈ കാലത്ത് ഓരോ സാധാരണ മനുഷ്യനും രാവിലെ കണ്ണ് തുറന്നാല്‍ തന്നെ ദിവസം മുഴുവന്‍ കാത്തിരിക്കുന്ന കുരിശുകളെ അതിജീവിച്ചു എങ്ങനെ ഒരു ദിവസം കൂടി തള്ളി നീക്കാം എന്ന് ചിന്തിക്കുന്നവര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.അല്ലാതെ ഇവനൊക്കെ രാവിലെ എഴുനേറ്റ പാടെ രണ്ടു പുതിയ അജണ്ടയുമായി ഇറങ്ങുകയാണ് എന്ന് നിങ്ങളെ ആര് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും , അത് വെള്ളയോ, പച്ചയോ , കാവിയോ, ചുവപ്പോ, ഖദറോ ആര് തന്നെ ആയാലും അവരൊന്നും  നമ്മുടെ ആരുടേയും മിത്രങ്ങള്‍ അല്ല മറിച്ചു ഈ സമൂഹത്തിന്‍റെ തന്നെ ശത്രുക്കള്‍ ആണ് എന്ന് നമ്മളൊക്കെ മനസിലാക്കുന്ന ദിവസം ഈ നാട് ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നായി മാറിയേക്കും എന്ന് ചുരുക്കം .

ജയ്‌ ഹിന്ദ്‌

7 comments:

  1. വിഷം വിഷം, സര്‍വത്ര വിഷം

    ReplyDelete
  2. എല്ലാം ഇപ്പോള്‍ ഇങ്ങനെ ഒക്കെയാ...

    ReplyDelete
  3. മുട്ട് കാല്‍ അവന്റെ അന്തരാളത്തില്‍ ആഞ്ഞു സ്പര്‍ശിച്ചാല്‍ തീരാവുന്ന കഴപ്പേ അണലിക്ക് ഉള്ളു. എങ്കിലും ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ലവന് വരെ ഉള്ളത് കൊണ്ട് എന്റെ അഭിപ്രായം ഞാന്‍ പറയാം തനിക്കും ആ ഒറ്റമൂലി തന്നെയാണ് വേണ്ടത്

    ReplyDelete
  4. എന്താണ് ഉദ്ദേശം..?? എന്തിനാ ഇങ്ങനെയൊരു എഴുത്ത്??

    ReplyDelete
    Replies
    1. ആരെങ്കിലും ഒക്കെ പറയണ്ടേ സാദിക്കേ ഇതൊക്കെ .പ്രത്യേകിച്ചു വിശേഷം ഒന്നും ഇല്ലെന്നറിയാം എന്നാലും .....

      Delete
  5. പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.

    അതേ സമയം, കൊറിയന്‍ സിനിമയുടെ റിവ്യൂ എഴുതിയാലും പങ്കജകസ്തൂരിയെയും രാംരാജിനെയും താടിയെയും തെറി പറയാന്‍ പകുതി സ്ഥലം മെനക്കെടുത്തുന്ന പ്രേക്ഷകന്‍ ആണല്ലോ ഇതെഴുതിയത് എന്നതിലെ വിരോധാഭാസവും ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല ... .

    ReplyDelete
  6. സണ്ണി വെയിനേയും അഷിഖ് അബുവിനെയും തിരിച്ചറിയാത്ത നിങ്ങള്‍ ഒരു മലയാളി ആണോ ?

    ഇതേ പോലുള്ള കിടിലം dialogues ഉള്ളത് കൊണ്ടാണ് ഇങ്ങോട്ട് വരുന്നത് :) :D

    ReplyDelete