Sunday, May 26, 2013

Up & Down (മുകളിൽ ഒരാളുണ്ട് !)

അണ്ണന്  മലയാള സിനിമയോട് സ്നേഹമുണ്ടോ ഇല്ലയോ ?

അറിയത്തില്ല അനിയാ ... എന്താ ഇപ്പോ ചോദിയ്ക്കാൻ

 അണ്ണൻ     ഇന്നലെ ഇറങ്ങിയ Up &  Down (മുകളിൽ  ഒരാളുണ്ട് ) എന്ന സിനിമയുടെ  പരസ്യം കണ്ടായിരുന്നോ എന്നാ ഞാൻ ചോദിച്ചത് ?

പരസ്യമോ ? എന്തുവാടെ അത് ?

നിങ്ങൾ മലയാള സിനിമയെ സ്നേഹിക്കുന്നവർ ആണെങ്കിൽ ഈ സിനിമയുടെ ക്ലൈമാക്സ്‌   ആരോടും പറയരുതു എന്നതാണ് സംഗതി .

അനിയാ ഈ ഒരൊറ്റ വാചകത്തിൽ നിന്ന് തന്നെ ഈ ചിത്രത്തിനെ പറ്റിയുള്ള ആത്മവിശ്വാസക്കുറവു മനസ്സിലാക്കാവുന്നതേയുള്ളു .ചിത്രം മര്യാദക്ക് എടുക്കുകയും അതിന്റെ ക്ലൈമാക്സ്‌  വെളിപ്പെടുത്തുന്നത്  ആ സിനിമയുടെ ആസ്വാദനത്തിനു തടസ്സം ആകും എന്ന് തോന്നിയാൽ ആരും അത് പറഞ്ഞു നടക്കും എന്ന് എനിക്ക് തോന്നുന്നില്ല . പെട്ടന്ന് തോന്നുന്ന ഉദാഹരണം മുംബൈ പോലീസ് , മണിച്ചിത്രത്താഴു മുതലായവയാണ് . പിന്നെ പറഞ്ഞു വരുമ്പോൾ നമ്മുടെ പതമരാജൻ വരെ തന്റെ കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ സമാനമായ ഒരു അഭ്യർഥന നടത്തിയിട്ടുണ്ട് എന്നാണ് ഓർമ്മ ..

അണ്ണാ ചരിത്രം അവിടെ നില്ക്കട്ടെ . ടി കെ രാജീവ്കുമാർ കുമാർ  സംവിധാനം ചെയ്ത ,എം ജയചന്ദ്രൻ സംഗീതം നല്കിയ ,ജോമോൻ തോമസ്‌ ചായാഗ്രഹണം നിർവഹിച്ച,ഇന്ദു ഗോപൻ സംഭാഷണം എഴുതിയ , ഇന്ദ്രജിത്ത് , പ്രതാപ്‌ പോത്തൻ , ബൈജു , നന്ദു , മേഘ്ന രാജ് , രമ്യ നമ്പീശൻ , ഗണേഷ് കുമാർ ,വിജയകുമാർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയെ പറ്റി  രണ്ടു വാക്ക് ....

നഗരത്തിലെ ഒരു ഉപരിവർഗ ഫ്ലാറ്റ് സമുച്ചയം . അവിടത്തെ ലിഫ്റ്റ്‌ പ്രവർത്തിപ്പിക്കുന്ന പഴയ പട്ടാളക്കാരനും ഒരു കാലു നഷ്ട്ടപെട്ടവനും ആയ തമ്പുരാൻ (ഇന്ദ്രജിത്ത് ), അവിടെ ആരെയൊക്കെയോ കാണാൻ പലപ്പോഴും രാത്രികളിൽ എത്തുന്ന അപഥ സഞ്ചാരിണി ആയ മേഘ്ന രാജ് അവതരിപ്പിക്കുന്ന കഥാപാത്രം, ആ ഫ്ലാറ്റിന്റെ ഉടമയായ  സാം ക്രിസ്ടി  (ബൈജു) , അയാളുടെ ഭാര്യ നിർത്തകി ആയിരുന്ന പ്രസന്ന (രമ്യ നമ്പീശൻ ) .മൈക്കാട്ടു പണി (കെട്ടിടം പണി ) യിൽ നിന്നും ബിൽഡർ ആയി ഉയർന്ന ക്രിസ്ടിയുടെ ജീവചരിത്രം എഴുതിയ, ആ സമുച്ചയത്തിൽ തന്നെ താമസിക്കുന്ന  സാഹിത്യകാരൻ  (പ്രതാപ്‌ പോത്തൻ ), ന്യൂ  ജനറേഷൻ  ഐ റ്റി ദമ്പതികൾ , ഭാര്യ അമേരിക്കയിൽ ഉള്ള മധ്യവയസ്കൻ  ചെറിയാച്ചൻ (നന്ദു )  , ആ ഫ്ലാറ്റ് സമുച്ചയത്തിന്റെ വാർഷികം ഉത്ഘാടനം ചെയാൻ എത്തുന്ന സിറ്റി കമ്മിഷണർ (ഗണേശ്  കുമാർ ). ഇയാൾ ആ ഫ്ലാറ്റുകളിലെ ഉടമ അടക്കം പലരുടെയും സുഹൃത്താണ്‌ .ആ ദിവസം ഉത്ഘാടന ചടങ്ങിനെത്തുന്ന സിറ്റി കമ്മിഷണർ അടക്കം അവിടുത്തെ ഈ പറഞ്ഞ ആളുകൾ ഒരുമിച്ചു അവിടുത്തെ ലിഫ്റ്റിൽ കുടുങ്ങി പോകുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ  ലിഫ്റ്റിനു മുകളിൽ  നിന്നും   മേഘനാ രാജിന്റെ ശവശരീരം കൂടി കിട്ടുന്നതോടെ കഥ കൂടുതൽ സങ്കീർണം ആയി മാറുന്നു .........

അണ്ണാ മലയാള സിനിമയോട് ...സ്നേഹം ..മറക്കല്ലേ ..

ഇല്ലെടാ അത് ഈ ഭയങ്കര ക്ലൈമാക്സ്‌ പറഞ്ഞാൽ  എന്തേലും സംഭവിക്കും എന്ന് കരുതിയിട്ടല്ല.ഒരു ലിഫ്റ്റിൽ അകപ്പെടുന്ന ഒരു കൂട്ടം ആളുകളും അതിൽ ഒരാൾ വില്ലൻ ആണെന്നും അതാരെന്നു അവസാനം വെളിപ്പെടുന്നതും 2010 ൽ  ഇറങ്ങിയ ഹോളിവൂഡ്‌  ചിത്രം ഡെവിൾ (Devil)  ലാണെന്ന് തോന്നുന്നു അവസാനം കാണുന്നത് .പക്ഷെ ഒരു ത്രെഡ് എന്ന നിലയിൽ  ഒത്തിരി സാദ്ധ്യതകൾ ഉണ്ടായിരുന്ന ഒരു പ്രമേയം തിരകഥ എഴുതി വന്നപ്പോൾ എങ്ങും എത്താത്തെ വരുന്ന കാഴ്ചയാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്‌ .ഒരു എസ് എൻ  സ്വാമി നിലവാരത്തിൽ ഉള്ള ഒരു ക്ലൈമാക്സ്‌ ലും  മെച്ചപ്പെട്ടത്  ഈ ചിത്രം അർഹിച്ചിരുന്നു എന്ന് തോന്നുന്നു

എന്ന് വെച്ചാൽ .. ഒന്ന് വിശദമാക്കാമോ

പിന്നെന്താ സി ബി ഐ ഡയറി ക്കുറിപ്പ്‌  രണ്ടാം ഭാഗം  മുതൽ ഗ്രാൻഡ്‌ മാസ്റ്റർ വരെ (ഗ്രാൻഡ്‌ മാസ്റ്റർ എസ് എൻ  സ്വാമി അല്ല എന്നറിയാം ) മലയാള സിനിമ പിന്തുടർന്ന് വരുന്ന പരമ്പരാഗത രീതിയാണ്‌ ഉദ്ദേശിച്ചത്   ഇവിടെ  ഉദ്ദേശിച്ചത് .വഴിയെ പോയ ഒരാൾ ആണ് കൊലപാതകം ചെയ്തത് എന്നും അതിനൊരു തട്ടികൂട്ടു  കാരണം പറഞ്ഞു നമ്മളെ ഞെട്ടികുകയും ചെയ്യുന്ന രീതി (ഉദാഹരണമായി കൊട്ടിഘോഷിക്കപ്പെട്ട ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിലെ ക്ലൈമാക്സ്‌ നോക്കു . അതിന്റെ  അവസാനം ആ സിനിമയിൽ അഭിനയിച്ച നായകൻ ഒഴികെയുള്ള ഏതു പുരുഷകഥാപാത്രം ആണ് സിദ്ദിക്കിന്റെ അഞാതനായ അനിയൻ എന്ന് പറഞ്ഞു മുന്നോട്ടു വന്നാൽ    ഈ ചിത്രത്തിന് എന്ത് മാറ്റം വരാനാണ് ?) .

ശരി ബാക്കിയോ ?

രമ്യ നമ്പീശൻ പാടിയ രാവിൻ ചെരുവിൽ  എന്ന ഗാനം നന്നായിട്ടുണ്ട് . പക്ഷെ സിനിമയുടെ അവസാനം കാണിക്കുന്നതിന് പകരം പ്രസ്തുത ഗാനം തുടക്കത്തിൽ റ്റൈറ്റിലുകളോടൊപ്പം കണ്ചിരുന്നെകിൽ നന്നായേനെ എന്ന് തോന്നി .ഒത്തിരി നിഗൂഡതകളോടെ അവതരിപ്പിക്കുന്ന മേഘ്ന രാജിന്റെ കഥാപാത്രം അവസാനം വെറും ഒരു സാധാരണ കഥാപാത്രമായി മാറുന്നു. ന്യൂ  ജനറേഷൻ ഐ റ്റി ദമ്പതികൾ കൈ കാര്യം ചെയ്യുന്ന വേഷത്തെ കുറിച്ച് കുറച്ചധികം ബോധവാൻ / വതി ആണോ എന്നൊരു സംശയം ! അഭിനേതാക്കളിൽ ഏറ്റവും നന്നായത്  ഇന്ദ്രജിത്തും , മേഘ്ന രാജും , നന്ദുവും ആണെന്ന് എനിക്ക് തോന്നുന്നു  .പ്രതാപ്‌ പോത്തൻ എല്ലാ സിനിമകളിലും ഒരു പോലെ ഇരിക്കുന്നു എന്ന് എനിക്ക് തോന്നുന്നത് എന്ത് കൊണ്ടാണെന്ന് ഇനിയും മനസിലായിട്ടില്ല.ഗണേഷും , രമ്യയും , ബിജുവും അവരവരുടെ ഡയലോഗ് പറയുന്നു ഇന്നലത്തെ വേറൊന്നുമില്ല (പൊതുവെ ബൈജു , മണിയൻ പിള്ള രാജു തുടങ്ങിയവർ  ചെറിയ വേഷം ആണെങ്കിലും നന്നകാറുണ്ട് എന്നാണ്  എനിക്ക് തോന്നിയിട്ടുള്ളത് .ഈ അടുത്തകാലത്ത്‌ പോലുള്ള ചിത്രങ്ങളിൽ ഉള്ളത് പോലെയുള്ള ഒരു ഉപയോഗപ്പെടുതലിനു പോലും ശ്രമിച്ചിട്ടില്ല എന്നത് കഷ്ടമായി പോയി  ) .സംഭാഷണം പലയിടത്തും രസകരമാകുന്നു

അപ്പോൾ ചുരുക്കത്തിൽ

പരാജയപ്പെട്ട ഒരു പരീക്ഷണം എന്ന് ഒറ്റ വരിയിൽ  പറയാവുന്ന ഒരു ചിത്രം 

Saturday, May 18, 2013

നേരം (മലയാളി കഥാപാത്രങ്ങൾ ഉള്ള ഒരു തമിഴ് ചിത്രം !!)

അനിയാ അത്ഭുദം !!!

എന്ത് പറ്റി  അണ്ണാ മലയാളി സ്വന്തം തല കൊണ്ട് ചിന്തിക്കാൻ തീരുമാനിച്ചോ ?

ചുമ്മാ തമാശ പറയതെടെ കഴിഞ്ഞ ശനിയാഴ്ച കണ്ട ഈ സംഭവത്തെ പറ്റി അന്ന് തന്നെ എഴുതണം എന്ന് കരുതിയതാണ് ടൈം കിട്ടിയില്ല .

ഏതു  പടം അണ്ണാ?  നമ്മുടെ കാളകൂടം കറിയാച്ചൻ ഒന്നും പറഞ്ഞില്ലല്ലോ .

എടാ നേരം എന്നൊരു സിനിമ കാണാൻ പോയതാ ശനിയാഴിച്ച .പുതിയ പിള്ളേരുടെ പടമായത് കൊണ്ട് വലിയ തള്ള്  പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം (സുപ്പർ താരങ്ങളുടെ പടങ്ങൾക്ക് പോലും നടന്നു കേറാവുന്ന  കാലം !!) അവിടെ ചെന്നപ്പോൾ ദാണ്ടേ ഒടുക്കത്തെ ജനം . കമ്പ്ലീറ്റ് യൂത്ത് . ശരിക്കും അതിശയം തോന്നി . ഇങ്ങനെ ആളെ  കൂട്ടാനുള്ള ഘടകങ്ങൾ ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല എന്നതാണ് സത്യം  . ഈ ചിത്രത്തിന്റെ മാർക്കറ്റിംഗ്  ശരിക്കും മലയാള സിനിമ പഠന  വിധേയം അക്കേണ്ടതാണ് എന്ന് തോന്നുന്നു . (ഈ ചിത്രത്തെ പറ്റി എല്ലാവർക്കും അറിയുന്ന എന്തെങ്കിലും എനിക്ക് അറിയാത്തതാണോ എന്നറിയില്ല )

അല്ല ഈ ഘടകം എന്ന് പറഞ്ഞത് .... പടം നല്ലതാണെങ്കിൽ അത് തന്നെ ഒരു ഘടകമല്ലേ ...

അനിയാ ഞാൻ പറഞ്ഞത് നിന്റെ ഒക്കെ ഭാഷയിൽ സ്ഥിരമായി  പറഞ്ഞാൽ  വാനോളം ഉയർന്നു നില്കുന്ന ആ സംഗതി ഉണ്ടല്ലോ. അതിനുള്ള  ഒന്നും ഈ ചിത്രത്തിൽ ഇല്ല എന്നാണ് .സംവിധാനം അൽഫോണ്‍സ്  പുത്രൻ , ക്യാമറ ആനന്ദ് ചന്ദ്രൻ ,കഥ - തിരകഥ അൽഫോണ്‍സ്  പുത്രൻ മോഹ്സിൻ കാസിം , അഭിനതാക്കൾ നവീൻ പോളി , നസ്രിയ , ഷമ്മി തിലകൻ , മനോജ്‌ കെ ജയൻ , ലാലു അലക്സ്‌ , സിംഹ (തമിഴ് ), പിന്നെ ബാക്കി പുതുമുഖങ്ങളും ആണ് .ഇതിലെവിടെയാ അനിയാ ഈ മലയാളിക്ക് വാനോളം ഉയർത്താനുള്ളത് ?

അത് നില്ക്കട്ടെ  കഴിഞ്ഞ ആഴ്ച ഇറങ്ങിയ പടത്തെ പറ്റി  ഇന്നു ....

കുറച്ചു തിരക്കായി പോയി അനിയ നീ ക്ഷമി .. മേലിൽ ഇങ്ങനെ ഉണ്ടാകാതെ നോക്കാം .പച്ചരി വാങ്ങിക്കണ്ടേ !!

ഇനി പടത്തെ പറ്റി .. മലയാള സിനിമയിൽ കുറേ  കാലത്തിനു ശേഷം ആണെന്ന് തോന്നുന്നു മലയാളത്തിലും തമിഴിലും ആയി ഒരു സിനിമ വരുന്നത് . ഇതിനു മുൻപ് സമാനമായ പരീക്ഷണങ്ങൾ രണ്ടു ഭാഷയിലെയും മുൻനിര താരങ്ങളെ തുല്യമായി എടുത്തു സിനിമ നിർമ്മിച്ച്‌  അതതു ഭാഷകളിലെ താരങ്ങള്ക്കു അതാതു നാട്ടിൽ പ്രാധാന്യം കൊടുത്തു പോസ്റ്റർ അടിക്കുന്ന പോലുള്ള  പരിപാടിയാണ് കാലാപാനി , കൌരവർ , സൂര്യപുത്രി  മുതൽ ഉറുമി വരെ ഉദാഹരണങ്ങൾ നിരവധി .എന്നാൽ ഈ സിനിമ വ്യത്യസ്തം ആകുന്നത്‌  ഇതു ഒരു തമിഴ് സിനിമയാണ് എന്നിടത്താണ് . (എന്ന് കരുതി പേടിക്കണ്ട ഏതു കോലു കൊണ്ട് അളന്നാലും മലയാള സിനിമക്ക് മുകളിൽ  ആണ് ഇന്നു  തമിഴ് സിനിമ ) എന്ന് കരുതി സംഗതി ഈ സുര്യയിൽ ഒക്കെ കാണിക്കുന്ന പോലെ മലയാളം സംസാരിക്കുന്ന ഡബ്ബിംഗ് ചിത്രമാവുന്നില്ല നേരം .സിനിമയുടെ പശ്ചാത്തലം ചെന്നൈ ആകുമ്പോൾ പ്രധാന കഥാപത്രങ്ങൾ എല്ലാം അവിടെ താമസിക്കുന്ന മലയാളികൾ ആക്കിയാണ് നേരത്തെ പറഞ്ഞ ബാലൻസ് സാധിക്കുന്നത്‌ . ഈ ഐഡിയയിൽ അല്ല അത് നല്ല രീതിയിൽ പ്രാവർത്തികം ആക്കി എന്നിടത്താണ് ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ മികവു .

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ചെന്നയിലെ മലയാളി ആയ  സോഫ്റ്റ്‌വെയർ തൊഴിലാളി ആയ മാത്യുവിൽ (നവീൻ പോളി ) നിന്നാണ് കാമുകിയായ ജീനയും (നസ്രിയ ) വിദേശ കമ്പനിയിലെ ജോലിയും ഒക്കെയായി കഴിയുന്ന ഇയാളുടെ ജീവിതം വഴിമാറുന്നത്‌  അപ്രതീക്ഷിതമായ്  ജോലി നഷ്ടമാവുന്നതോടെയാണ് .മറ്റൊരു ജോലി കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതോടെ കാമുകിയുമായി ഉറപ്പിച്ച വിവാഹം മുതൽ പെങ്ങളുടെ കല്യാണത്തിന് കടം വാങ്ങിയ ബ്ലേഡുകാരൻ തമിഴൻ വട്ടി (പലിശ )  രാജ (സിംഹ) വരെ ഇയാളുടെ ജീവിതത്തിൽ  പ്രശ്നങ്ങൾ  ആകുന്നു .അങ്ങനെ നില്ക്കുന്ന  ഉള്ള മാത്യുവിന്റെ ഒരു ദിവസം ആണ് ഈ സിനിമയുടെ പശ്ചാത്തലം.ഈ ദിവസമാണ് വട്ടി രാജയ്ക്ക് പണം കൊടുക്കേണ്ട അവസാന അവധി , ഇതേ ദിവസമാണ് മാത്യു വിനു വേറെ ജോലി കിട്ടാത്തത് കൊണ്ട് ജീനയുടെ വീട്ടുകാർ വേറെ കല്യാണം  ആലോചിക്കുന്നതും ജീന വീട് വിട്ടു ഇറങ്ങുന്നതും പിന്നീടു ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങൾ അതിലൂടെ ഒരു ദിവസം അഞ്ചു മണി ക്കുള്ളിൽ തീരുന്ന സംഭവങ്ങൾ ഇതാണ് ഈ സിനിമയുടെ ഉള്ളടക്കം .മാത്യു എന്ന ചെറുപ്പക്കാരന്റെ പ്രധാനപ്പെട്ട ഈ ദിവസം മാറി മാറി അരങ്ങേറുന്ന സ്വാഭാവികമായ  ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ട് മുൻപോട്ടു പോകുന്ന   ഈ സിനിമക്ക് നേരം എന്ന പേര് തികച്ചും അന്വർഥം ആണെന്ന് കൂടി പറഞ്ഞോട്ടെ.

അല്ല അണ്ണാ  അഭിനയം ....

നവീൻ പോളി എന്ന നടനു  തന്റെ ഏറ്റവും നല്ല  ചിത്രമായി ഇതിനെ കാണാം .നസ്രിയക്ക്‌ നല്ലൊരു ഭാവി ഞാൻ കാണുന്നു . സീനിയർ നടന്മാരായ ലാലു അലക്സ്‌ , ഷമ്മി തിലകൻ , മനോജ്‌ കെ ജയൻ ആരും മോശമാക്കിയിട്ടില്ല .(ഉള്ളതിൽ അല്പ്പമെങ്കിലും മോശം മനോജ്‌ കെ ജയനാണ് . അത് കുറെയൊക്കെ ആ റോളിന്റെ ആണ് എന്നാണ് എനിക്ക് തോന്നിയത് .തകർത്തത്  ഷമ്മി തിലകന്റെ ഊക്കൻ റ്റിന്റൂ എന്ന പോലീസ്സ്കാരനാണ് ) .പിന്നെ ഈ ചിത്രം കാണുമ്പോൾ പ്രസക്തമായ ചോദ്യം .......


അത് ഞാൻ പറയാം .ഈ ചിത്രം തമിഴിൽ എത്തുമ്പോൾ മലയാളി കഥാപത്രങ്ങൾ തമിഴ് പറയുന്നു .അതെന്തിന് ? ഇവരെ മലയാളികൾ ആയി തന്നെ നിർത്തി കൂടായിരുന്നോ എന്നതല്ലേ ? എനിക്കും തോന്നി .

അനിയാ നിരൂപകാ , നീ ചോദിക്കുന്നത് സംഗതി ഒരൽപം ഡബ്ബ് ചെയ്തു ( അതായിത്  വോയിസ്‌ ഓവറും മറ്റും മാത്രം) തമിഴിൽ ആക്കിയാൽ മതി എന്നല്ലേ ?.മിടുക്കൻ . അനിയാ  ഒന്ന് റിവേര്സ് ൽ  ചിന്തിച്ചാൽ ഈ സിനിമയിലെ എല്ലാ ഘടകങ്ങളും കേരളത്തിലും പ്രസക്തമാണ് . സോഫ്റ്റ്‌വെയർ , ജോലി പോകൽ , കല്യാണം മുടങ്ങൾ ,ബ്ലേഡ് മാഫിയ  അങ്ങനെ എല്ലാം ഉണ്ടായിട്ടും എന്ത് കൊണ്ട്  മലയാളത്തിൽ എങ്ങനെ ഒരു സിനിമ ഉണ്ടാകുന്നില്ല (  ) എന്ന ചിന്ത അല്ലെ കൂടുതൽ പ്രസക്തം ? എവിടെ ഇവിടെ  നമ്മൾ ഇപ്പോളും ഫഹദ് ഫാസിലിന്റെ നിക്കറും അനൂപ്‌ മേനോന്റെ എല്ലാമറിയുന്ന ഭാവത്തിലും , സകല തോണിയിലും ചവിട്ടി  നില്ക്കുന്ന രഞ്ജിത് പടപ്പുകളിലും ഒക്കെ സമാധാനം കണ്ടെത്തുകയല്ലേ ?

അല്ല അപ്പോൾ ചുരുക്കത്തിൽ ....

മലയാളം സംസാരിക്കുന്ന നല്ലൊരു തമിഴ് സിനിമ . കാണികളെ ബോർ അടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല മനസ്സിൽ നന്മ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു  ക്ലീൻ ചിത്രം

Wednesday, May 8, 2013

ഭാര്യ അത്ര പോര (സിനിമയും !!!)

അണ്ണനെ കുറിച്ചൊരു പരാതി  കിട്ടിയിട്ടുണ്ട് ....

ആണോ അനിയാ ? എന്താ സംഗതി ? പഴയ സംഗതികൾ തന്നേടെ ?

അല്ല അണ്ണാ ഇതു സംഗതി മലയാള സിനിമ പോലെപുതുമ ഉള്ളതാണ് . അണ്ണൻ കുടുംബ പ്രേക്ഷക വായനക്കാരെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്നാണ് പരാതി അല്ലെങ്കിൽ മലയള കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ച വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന് ശേഷം അതെ ടീം ഒരുമിക്കുന്ന ഭാര്യ അത്ര പോര എന്ന സിനിമയെ കുറിച്ച് ഒരു വാക്ക് എഴുതിയോ ?  കുടുംബ സദസുകളുടെ പ്രിയങ്കരനായ ജയറാം, ഒരു ബ്രേക്കിനു ശേഷം മടങ്ങി വരുന്ന ഗോപിക, സംവിധായകൻ അക്കു  അക് ബർ , അതേ കഥാകൃത്ത്‌ ഗിരിഷ് കുമാർ ഇവരെല്ലാം ഒന്നിക്കുമ്പോൾ മലയാളിയുടെ പ്രതീക്ഷകൾ ......

പിന്നെയും വാനോളം ഉയരുന്നു അല്ലെ? അനിയാ ഈ സംഗതി സ്ഥിരമായി ആകാശത്തു  തന്നെയാണോ ? മലയാള സിനിമയിൽ ദിലീപ് പച്ച പിടിച്ചതോടെ കഷ്ടത്തിൽ ആയ നടനാണ്‌ ജയറാം അദ്ദേഹം ഏതാണ്ട് പുറത്തായ അവസരത്തിൽ ലൈഫ് കൊടുത്ത ചിത്രമാണ് വെറുതെ ഒരു ഭാര്യ .കേരളത്തിലെ അപ്രസക്തമായി കൊണ്ടിരിക്കുന്ന പഴയ  മധ്യ വർഗ കുടുംബത്തിലെ കഥ ആയിരുന്നെങ്കിലും സമകാലീന പ്രസക്തിയുള്ള കുറേ  കാര്യങ്ങൾ വൃത്തിയായി ഒരു കുടുംബ പശ്ചാത്തലത്തിൽ  പറഞ്ഞു എന്നത് കൊണ്ടും കൂടെ ഇറങ്ങിയ പരുന്തു - മാടമ്പി മാരുടെ ഉപദ്രവം കൊണ്ടും മലയാളികള് ഈ ചിത്രത്തെ ഏറ്റെടുത്തു . മുടക്കിയ കാശും ലഭിച്ച കാശും ആണ് മനദന്ധം എങ്കിൽ  ആ വർഷത്തെ ഏറ്റവും വലിയ വിജയം ഈ ചിത്രം ആയിരുന്നു

അണ്ണാ കാട് കേറുന്നു .... ഈ ചിത്രം

അനിയാ വെറുതെ ഒരു ഭാര്യക്ക്‌ ശേഷം ഭര്യ അത്ര പോര എന്ന ചിത്രത്തിൽ എത്തുമ്പോൾ കൂടുതൽ സമകാലീനമായ കാര്യങ്ങൾ പറയാൻ ഈ ചിത്രത്തിന്റെ പിന്നണിക്കാർ ശ്രമിച്ചിട്ടുണ്ട് .മലയാളിയുടെ ദേശീയ വിനോദമായ മദ്യപാനം, മുതിർന്നവരും കുട്ടികളും ഒരു പോലെ അകപ്പെടുന്ന സൈബർ ചതിക്കുഴികൾ അങ്ങനെ പലതും . പക്ഷെ വെറുതെ ഒരു ഭാര്യയിലെ സുഗുണനും ബിന്ദുവിലും നിന്ന് ഈ ചിത്രത്തിലെ സത്യശീലനും പ്രിയയിലും എത്തുമ്പോൾ എവിടെയൊക്കെയോ ആദ്യത്തെ സത്യസന്ധത കാണുന്നില്ല എന്നതാണ് സത്യം .ഉദാഹരണമായി സത്യശീലനെ നോക്കാം ഒരു സ്കൂൾ അധ്യാപകനായ ഇയാൾ ജോലി സമയത്ത് തികഞ്ഞ മര്യാദക്കാരനാണ്  മാത്രമല്ല മറ്റേതു മലയാള  സുപ്പർ താരത്തെയും പോലെ കിടിലമായ അധ്യാപകനുമാണ് (അല്ല പിന്നെ ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ ???) മദ്യപാനം അയാളുടെ ഔദ്യോദിക ജീവിതത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല (ലാലേട്ടന് സ്പിരിറ്റിൽ ബാധിച്ചില്ലേൽ ജയറാമിന് എന്നാത്തിനാ  ബാധിക്കുന്നേ ?).ഭാര്യ  പ്രിയ (ഗോപിക)  ബാങ്ക് ഉദ്യോഗസ്ഥയാണ് .ഉദ്യോഗസ്ഥ ആണെങ്കിലും ലോകപരിചയമില്ലാത്ത പഴയ ബിന്ദുവിൽ നിന്നും ഒട്ടും വ്യത്യസ്ത അല്ല പ്രിയയും . ഒരു സെമി നാട്ടിൻപുറം വീട്ടമ്മയായ ബിന്ദു ജെനുവിനായ കഥാപാത്രമാകുമ്പോൾ അതെ സ്വഭാവം നഗരത്തിലെ ഉദ്യോഗസ്ഥയായ ഭാര്യയിലേക്ക് പറിച്ചു നടുമ്പോൾ സത്യശീലനുള്ള അതേ  കിത്രിമത്വം നമുക്ക്  പ്രിയയിലും കാണാൻ കഴിയും.

രാവിലെ ക്ലാസ്സിൽ വന്നു ഉഗ്രനായി പഠിപ്പിച്ചു കഴിഞ്ഞാൽ വൈകുന്നേരം ആയാൽ  സത്യശീലൻ മദ്യപിക്കാൻ പോകും , താഴ്ന്ന നിലവാരത്തിൽ ഉള്ള ആളുകളുടെ കൂടെ ഇരുന്നു ചീട്ടു  കളിക്കും . ഇതിനെല്ലാം പുറമേ സത്യശീലന്റെ ജീവിതത്തിലേക്ക് കുറേഅടി പൊളി ചെറുപ്പക്കാർ കടന്നു വരുന്നു അവരുടെ ജീവിതം  പകർത്താൻ ശ്രമിക്കുക കൂടി ചെയ്യുമ്പോൾ അയാളുടെ ജീവിതം കൂടുതൽ  മാറി മറിയുന്നു   .

കൂട്ടത്തിൽ പറഞ്ഞോട്ടെ പല നിലവാരത്തിൽ ഉള്ള  കുറെയധികം കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ പോയിട്ടുള്ള ആളാണ് ഞാൻ .ഒരിടത്തു  പോലും ഓഫീസ്  സമയത്ത്, പുറത്തു കുട്ടികൾ  പഠിച്ചു കൊണ്ടിരിക്കുമ്പോൾ  പ്രധാന മുറിയിൽ ചിപ്സും പെപ്സിയും ആയി ചീട്ടു കളിച്ചിരിക്കുന്ന സ്ഥാപന ഉടമയെ കണ്ടിട്ടില്ല എന്നതാണ് സത്യം. പ്രവർത്തന സമയം കഴിഞ്ഞു ആണ്  ആ രംഗം കാണിച്ചിരുന്നുന്നത് എങ്കിൽ ഒരു സ്വാഭാവികത വന്നേനെ . ഈ ചെറിയ ഒരു രംഗത്തിൽ ഉള്ള അശ്രദ്ധ അഥവാ ലാഘവ ബുദ്ധി  ചിത്രത്തിൽ ഉടനീളം നമുക്ക് കാണാം എന്നിടത്താണ് ഈ ചിത്രം പിന്നെ പരാജയപ്പെടുന്നത് .ഇതിൽ പറയുന്ന പ്രശ്നങ്ങൾ മിക്കതും സമകാലീനവും പ്രസ്കത്തവുമാണ് . എന്നാൽ ഒരുമാതിരി പടച്ചു വെച്ചിരിക്കുന്നത് കൊണ്ട് അവയൊന്നും കാണുന്നവരുടെ മനസ്സിൽ  തട്ടുമോ എന്ന് സംശയമാണ്.

തിരകഥാക്രിത്തിനു ഉണ്ടെന്നു ഞാൻ കരുതുന്ന ചില ധാരണകൾ ഇവയാണ്

1) പുതിയ തലമുറയിലെ ആണ്‍ -പെണ്‍കുട്ടികൾ തോളിൽ കൈയിട്ടു നടക്കും ,ആദ്യമായി പരിചയപ്പെട്ടാൽ രഹസ്യമായി കൈയ്യിൽ ചൊറിയും , ഒരുമിച്ചു മദ്യ പാർട്ടികളിൽ നൃത്തം ചെയ്യും ,കെട്ടിപിടിക്കും , ഓണ്‍ ലൈനിൽ പെണ്‍കുട്ടികളെ വശീകരിക്കും . അവരോക്കെയയായി  'പലതും ' നടന്നതായി അവകാശപ്പെടും .പക്ഷെ അതെല്ലാം അവരുടെ തുറന്ന പെരുമാറ്റത്തിന്റെ മാത്രം ഭാഗമാണ് .ശരിക്കും അവരൊക്കെ ഇന്നത്തെ സമൂഹത്തിന്റെ അളവ് കോലനുസരിച്ചു തികഞ്ഞ വിശുദ്ധർ ആണ് .

2) നാട്ടിൽ നടക്കുന്ന ഒരു പീഡന കേസുകളിലും പുതിയ തലമുറയിലെ പിള്ളേർ ഉണ്ടാകാറില്ല .സകലതും നാല്പ്പത് കഴിഞ്ഞ മധ്യവയസ്കന്മാരാണ്  (?)

3) മറ്റു സ്ത്രീകളോട് ഉള്ള താല്പര്യം ഏറ്റവും കൂടുതൽ അധ്യാപകർക്കാണ് . പിന്നെ അവരെല്ലാം ഇതങ്ങു അടക്കി പിടിക്കുന്നു എന്ന് മാത്രം .


(ഇതൊന്നും ഞാൻ പറയുന്നതല്ല ഈ ചിത്രത്തിലൂടെ വിളിച്ചു പറയുന്നതാണ് )

ശരി അഭിനയമോ ?

ജയറാം പതിവ് പോലെ സ്വസിദ്ധമായ ശൈലിയിൽ (നല്ലതായാലും ചീത്തയായാലും ) അഭിനയിക്കുന്നു.നാല്പ്പത്  വയസ്സായി എന്ന് കാണിക്കാൻ ആകണം സൈഡിൽ ഒരൽപം നരപ്പിച്ചിട്ടുണ്ട്  .ഗോപിക ഗുണവും ഇല്ല ദോഷവും ഇല്ല എന്ന അവസ്ഥയിലാണ്

അപ്പോൾ ചുരുക്കത്തിൽ ..

മര്യാദക്ക് എടുത്തിരുന്നെങ്കിൽ വെറുതെ ഒരു ഭാര്യക്ക്‌ മുകളിൽ  നിൽക്കുമായിരുന്ന ചിത്രം .പഴയ ടീം വീണ്ടും ഒരുമിക്കുന്നു എന്ന ഒറ്റ കാര്യം മാത്രം കൊണ്ട് വിജയിച്ചോളും എന്നാ ധാരണയിൽ  തികഞ്ഞ അലക്ഷ്യതയോടെ എടുത്ത ചിത്രം 

Sunday, May 5, 2013

ഹോട്ടൽ കാർലിഫോണിയ (ട്രിവാൻഡ്രം ലോഡ്ജ് 2)

എന്തുവാടെ ഈ കുത്തിയിരുന്ന് എഴുതുന്നെ?

കാളകൂടത്തിൽ എന്റെ ചിത്രവിദ്വേഷത്തിൽ ഇടാൻ  പുതിയ സാധനം "അനൂപ്‌ മേനോൻ മലയാള സിനിമക്ക്  ചെയ്ത ദ്രോഹങ്ങൾ " എങ്ങനെയുണ്ട് ?

അനിയാ എല്ലാമറിയുന്ന ഒരു ഭാവം സ്ഥായിയായി മുഖത്തുണ്ട്‌ എന്നല്ലാതെ എന്ത് ദ്രൊഹമാണെടാ  ആ മനുഷ്യൻ ചെയ്തത് ?

 എന്ത് ദ്രോഹം എന്നോ ? നല്ല മാന്യമായി പോയിരുന്ന മലയാള സിനിമയെ  സിനിമയെ വെറും അലവലാതി ആക്കിയത് അങ്ങേരല്ലേ ?

ആണോ ?

പിന്നെ അല്ലാതെ ? അങ്ങേരുടെ ട്രിവാൻഡ്രം  ലോഡ്ജ് പോലുള്ള സാധനങ്ങൾ  അണ്ണൻ കണ്ടില്ലേ ?

അനിയാ  ബ്യൂട്ടിഫുൾ , ട്രിവാൻഡ്രം  ലോഡ്ജ് എന്നീ  ചിത്രങ്ങളുടെ പേരിലല്ലേ ഈ ബഹളം ? സത്യത്തിൽ  പേജ് 3 , ലൈഫ് ഇൻ എ മെട്രോ പോലുള്ള ചിത്രങ്ങളിൽ കാണിക്കുന്ന മുംബൈയെ കൊച്ചിയിൽ എത്തിക്കുക്ക മാത്രമല്ലേ ഒരു തിരകഥകൃത്ത്  എന്ന നിലയിൽ ശ്രീ  അനൂപ്‌ മേനോൻ ചെയ്തുള്ളൂ  . മധു ഭാണ്ടാകറും , അനുരാഗ്  കഷ്യപും ഒക്കെ ചെയ്‌താൽ  കിടിലം പാവം അനൂപ്‌ മേനോണ്‍ ചെയ്താൽ മോശം . അത് തന്നെ അല്ലേടെ  സംഗതി ?നേരത്തെ പറഞ്ഞ സംഗതികളുടെ കൂടെ ഇന്നത്തെ സാധാരണ മലയാളിയുടെ സ്ഥിരം സ്വകാര്യ  ദുഖമായ " സകലവനും നടക്കുന്നുണ്ട് .എനിക്ക്  മാത്രം ഒന്നും നടക്കുന്നില്ല " എന്ന സ്ഥായിയായ  സങ്കടം കൂടി ചേർത്താണ്  ഇവിടെ കച്ചവടം നടത്തുന്നത് എന്ന് മാത്രം .

അണ്ണാ ശരി പക്ഷെ ഈ സിനിമയിലെ അശ്ലീലം എന്നൊക്കെ പറഞ്ഞാൽ . കുടുംബത്തോട് ഒത്തു ഇരുന്നു കാണുക എന്നൊക്കെ ഉള്ളത് നടക്കുമോ ?

അനിയ അത് ശരി പക്ഷെ  ഒരു സംശയം നീയൊക്കെ ഈ പറഞ്ഞ കുടുംബത്തിന്റെ മുൻപിൽ ഇരുന്നു ദിനപ്പത്രം വായിക്കാറില്ലേ ? അതിൽ ഒക്കെ ഉള്ളതിൽ കൂടുതൽ എന്താടാ ഈ ചിത്രത്തിൽ ഉള്ളത് ? അപ്പോൾ നമ്മുടെ നാട്ടിൽ ദൈനംദിന കാര്യങ്ങൾ എങ്ങനെ ഒക്കെ ആയതിനു ആര് എന്ത് പഴച്ചു ?

എന്റെ അഭിപ്രായത്തിൽ ട്രിവാൻഡ്രം  ലോഡ്ജ് എന്ന ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ രംഗം കോര സാറിനെ ധ്വനി "ഒന്ന് കൂടാൻ" ക്ഷണിക്കുന്ന ഭാഗമാണ്  . ഒരു സാധാരണ മലയാളിയുടെ അവസ്ഥയാണ്‌ ഈ രംഗത്ത്‌ കാണുന്നത് .  ഈ കലാപരിപാടി ഒരു കൊമ്പറ്റിഷൻ ഐറ്റം ആക്കി മാറ്റുകയും അതിൽ താൻ മോശമാണോ എന്ന കോംപ്ലക്സ് വളരുകയും ചെയ്യുന്നതിന്റെ ഭാഗമാണ്  ഈ കൂട്ട പീഡനങ്ങളിലും പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥയിലും എത്തി നില്ക്കുന്നത്  എന്ന് ഞാൻ കരുതുന്നു . പങ്കാളിയുടെ കന്യകാത്വത്തിൽ ഇത്രയധികം പ്രസക്തി ഉണ്ടാകുന്നതു പോലും താരതമ്യത്തിൽ പിന്നിൽ ആവില്ലല്ലോ എന്ന ആശ്വാസത്തിൽ നിന്ന് ഉണ്ടാകുന്നതല്ലേ എന്ന് ചിന്തിക്കണം

അണ്ണൻ എങ്ങനെ മനശാസ്ത്രഞൻ കളിക്കാതെ ഈ സിനിമയിലേക്ക് വരാമോ ?

ശരി അതൊക്കെ വിട്  ഇപ്പോൾ  വന്നത് അനൂപ്‌ മേനോൻ -ജയസൂര്യ ടീം അഭിനയിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയെ  പറ്റി  പറയാൻ ആണല്ലോ  .ഈ ചിത്രത്തിൽ ഇവരെ കൂടാതെ ധ്വനി , അപർണ്ണ , മരിയ (നോട്ട്  ബുക്ക്‌ ഫെയിം ),പി ബാലചന്ദ്രൻ , സൈജു  കുറുപ്പ് ,ശങ്കർ , നന്ദു , തെസ്നിഖാൻ , ബാബു നമ്പൂതിരി, സുധീഷ്‌  തുടങ്ങിയവർ  അഭിനയിക്കുന്നു .സംവിധാനം നമുക്ക് പാർക്കാൻ   എടുത്ത അജി ജോണ്‍ .ജയരാജ് ഫിലിംസ്  ഒരുക്കുന്ന ഈ ചിത്രം ജോസ് മോൻ സൈമണ്‍ നിർമ്മിക്കുന്നു.

കൊച്ചി നഗരം .അവിടെ  വിമാനത്താവളം .നിയന്ത്രിക്കുന്ന എയർ പോർട്ട്‌ ജിമ്മി  (ജയസൂര്യ ) യുണ്ട് . പത്തു പന്ത്രണ്ടു സിനിമ പൊട്ടി റിലീസ് ചെയ്യാനിരിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്ന സുപ്പർ സ്റ്റാർ പ്രേം ശങ്കർ (അനൂപ്‌ മേനോണ്‍ ) ഉണ്ട് . പുറത്തിറങ്ങാത്ത ആ സിനിമയുടെ സി ഡി ദുബായിൽ നിന്ന്  കൊണ്ടുവരുന്ന ക്യാരിയർ ആയി എത്തിക്കാൻ വരുന്ന  റഫീഖ് (സൈജു കുറുപ്പ് ) ഉണ്ട് .5 ജി അഴിമതിയിൽ അയ്യായിരം കോടി വെട്ടിച്ച,കേരള സന്ദർശനത്തിനായി എത്തുന്ന ,കേന്ദ്രൻ കരണ്‍ സിംഗിന്റെ മകൻ തരുണ്‍ സിംഗ് (വീണ്ടും സൈജു കുറുപ്പ് ).അയാളെ തട്ടി ക്കൊണ്ട്  പോകാൻ  പ്ലാൻ ചെയ്യുന്ന തൊഴിൽരഹിതരായ തീവ്രവാദ തൊഴിലാളികൾ  ഉണ്ട്  (നന്ദുവും സംഘവും ), തരുണ്‍ സിംഗിനെ കുരുക്കാൻ തയ്യാറെടുക്കുന്ന പോലീസെ ഉദ്യോഗസ്ഥനും (മണിക്കുട്ടൻ ) സംഘവും. ഒരു ബ്രേക്ക്‌ നു ശ്രമിക്കുന്ന സീരിയല നടി സ്വപ്നയുണ്ട് (ധ്വനി ) അവളെ പ്രാപിക്കാൻ കാശിറക്കി ബോംബയിൽ നിന്നും  എത്തുന്ന ബോംബയിലെ (കൂ ) തറ വ്യവസായി (ശങ്കർ ) ഉണ്ട് .പ്രേം ശങ്കറിന്റെ അടിയുറച്ച ആരാധകനായ ഓട്ടോ തൊഴിലാളി (സുധീഷ് ) ഉണ്ട് . ബോംബയിലെ  പാപ്പരാസി പ്രവർത്തനം നിർത്തി മലയാളത്തിലെ ഒരു വമ്പൻ  മാധ്യമ ഓഫർ സ്വീകരിച്ചു കേരളത്തിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുന്ന, ഒരു വൻ സ്കുപ്പ് തേടുന്ന  ശശിപ്പിള്ള (പി ബാലചന്ദ്രൻ ). സുപ്പർസ്റ്റാർ സഫർ ഖാന്റെ ബീജം അമ്പതു ലക്ഷം കൊടുത്തു വാങ്ങി കിത്രിമ ബീജ സംങ്കലനത്തിലൂടെ ഗർഭം ധരിക്കാൻ കാത്തിരിക്കുന്ന സമ്പന്ന കുമാരി (മരിയ).സംഗതിയുമായി വരുന്ന സഫർഖാന്റെ ബോഡി ഗാർഡ്.ഗൾഫിൽ നിന്ന്  വരുന്ന മകൻ റഫീഖിനേ കാത്തിരിക്കുന്ന ഉമ്മയുണ്ട് (സുകുമാരി ).മന്ദ ബുദ്ധിയും വായിനോക്കിയും ആയ സിറ്റി കമ്മീഷണർ അങ്ങനെ  ഒത്തിരി പേരുണ്ട് ഈ നഗരത്തിൽ ഉള്ളവരും വരുന്നവരും .

ശരി അതിനു ....

അനിയാ . അടിസ്ഥാന പരമായി ഈ ചിത്രം പഴയ പ്രിയദർശൻ ചിത്രങ്ങളിലെ ആള് മാറി പോകുന്ന സംഗതി തന്നെയാണ് . സംഗതി അനൂപ്‌ മേനോൻ ഫോർമാറ്റിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം .ആദ്യത്തെ ഒരു അഞ്ചു മിനിട്ട് രംഗം കണ്ണും കണ്ണും എന്ന പാട്ട് കാണിച്ചു ചിരിപ്പിക്കുക എന്നതല്ലാതെ വേറെ എന്താണ് ഉദേശിച്ചത്‌ എന്ന് മനസിലായില്ല .ശങ്കറിന്റെ കോമഡി കണ്ടു ജീവിതത്തിൽ ആദ്യമായി ചിരിച്ചു പോയത്  ഈ ചിത്രത്തിലാണ്!!!ശങ്കർ മാത്രമല്ല ഈ ചിത്രത്തിൽ അഭിനയിക്കുന്ന ആരും മോശമായിട്ടില്ല എന്നതാണ് സത്യം . തീവ്രവാദ തൊഴിലാളികൾ പോലും ചിരിപ്പിക്കുന്നു .സംഭാഷണം ആണ് ഈ ചിത്രത്തിലെ ഹൈ ലൈറ്റ്  എന്നാണ് എനിക്ക് തോന്നിയത് .പിന്നെ കഴിഞ്ഞ ചിത്രത്തിലെ സത്യ സന്ധത ഇതിലും അത് പോലെ നില നിർത്തിയിട്ടുണ്ട് . നിങ്ങൾക്ക്  ട്രിവാൻഡ്രം  ലോഡ്ജ് ഇഷ്ടപ്പെട്ടു എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെടും എന്ന് ചുരുക്കം .ഒരു വിജയിച്ച ചിത്രത്തിന്റെ ചുവടു പിടിച്ചു അടുത്ത ചിത്രം എടുക്കുമ്പോൾ കഴിഞ്ഞ ചിത്രത്തിന്റെ ഫീൽ നിലനിർത്തി കൊണ്ട് തന്നെ വേറൊരു കഥ പറയുന്നത് എങ്ങനെ എന്ന്  നമ്മുടെ സംവിധായകർക്ക് കണ്ടു പഠിക്കാവുന്നതാണ്  (സായിപ്പൻമാരാണ്  ഈ രംഗത്ത്‌ കാലൻമാർ . പെട്ടന്ന് ഓർമ്മ  വരുന്ന ഉദാഹരണം Die Hard സീരീസ് ആണ് ).കഴിഞ്ഞ ചിത്രത്തിലെ കുറവുകൾ പരിഹരിക്കാൻ ഈ ടീം നടത്തിയ ശ്രമങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നതും കഷ്ടമാണ് . ഉദാഹരണമായി ട്രിവാൻഡ്രം  ലോഡ്ജ്  എന്നാ ചിത്രത്തിൽ അനൂപ്‌ മേനോണ്‍ മുഴച്ചു നില്ക്കുന്ന ഒരു കഥാപാത്രമായി വരുമ്പോൾ ഈ ചിത്രത്തിൽ അദ്ദേഹത്തെ ഒതുക്കി നിർത്തിയിരിക്കുന്നു . കഥയില്ലയിമ്മ എന്ന പ്രശ്നവും ഈ ചിത്രത്തിൽ കുറെ ഒക്കെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് (ഭയങ്കര കഥയാണ് എന്നല്ല )

അപ്പോൾ ചുരുക്കത്തിൽ

നേരത്തെ പറഞ്ഞത് തന്നെ ട്രിവാൻഡ്രം  ലോഡ്ജ്   എന്ന ചിത്രം ഇഷ്ടപ്പെട്ട ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെട്ടെക്കാം . എനിക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു എന്നതിനാൽ  (കുറവുകൾ ഇല്ലെന്നല്ല )  ഈ ചിത്രവും ബോർ അടിക്കാതെ കാണാൻ കഴിഞ്ഞു

Friday, May 3, 2013

മുംബൈ പോലീസ് (തകർപ്പൻ !!!! !!!)



റോസാൻ  അന്ദ്രുസ് ....

അതാര് അണ്ണാ ...  ? ഓ  നമ്മുടെ റോഷൻ ആൻദ്രൂസ് ....  അങ്ങേർക്കു  എന്ത് പറ്റി ?. റോഷൻ എന്നൊക്കെ എഴുതാൻ അറിയില്ല പറയുന്നത് കഷ്ടമാണ് അണ്ണാ .

Rossan എന്ന്  ഇങ്ങനെയെ വായിക്കാൻ എനിക്കറിയു ....  (അപ്പോൾ  സംവിധയകൻ ജോഷിയുടെ പേര് എങ്ങനെ വായിക്കും എന്ന് ചോദിക്കരുത് ഞാൻ തോറ്റു !!!)

ശരി അത് പറഞ്ഞു വഴക്കിടണ്ട .അങ്ങേരുടെ  മുംബൈ പോലീസ് ഇറങ്ങിയല്ലോ അതായിരിക്കും അല്ലേ  പ്രതിപാദന  വിഷയം ? പറഞ്ഞെ സംഗതി എപ്പിടി ? ഞങ്ങൾ പ്രതീക്ഷ വാനോളം ഉയർത്തി നില്ക്കുക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി .

പ്രിത്വിരാജിനോടും ജയസൂര്യയോടും ഒക്കെ പോകാൻ പറ  റോഷൻ സാറിനെ പോലുള്ള പ്രതിഭാശാലിയായ ഒരു സംവിധയകൻ എടുക്കുന്ന പടം ആകുമ്പോൾ....  .പോരാത്തതിനു  തിരകഥ ബോബി - സഞ്ജയ്‌ ജോടിയും . വേറെ എന്ത് വേണമെന്നാ ?

നിനക്ക് ഇതേ ടീം എടുത്തു മറിച്ച കാസനോവ കണ്ടിട്ടും പ്രതീക്ഷയോ ? നീയൊന്നും നന്നാകില്ലേടെ ഒരിക്കലും ? കാസനോവ പരാജയപ്പെട്ടത് ആ ചിത്രത്തിന്റെ വിധിയാണെന്ന് ഈയിടെ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടു (എന്നാണാവോ ഇവരൊക്കെ സിനിമ കാണാൻ കേറുന്നവരുടെ വിധിയാണെന്ന് പറയുന്നത് !!!). ലാൽ ജോസ് സാർ ഈയിടെ ഞെളിഞ്ഞു ഇരുന്നു പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ ഇമ്മാനുവൽ എന്ന സീരിയൽ ചിത്രം ഇഷ്ടപെട്ടില്ലെങ്കിൽ അത് കാണുന്നവരുടെ മനസ്സിൽ നന്മ ഇല്ലാത്തത് കൊണ്ട് മാത്രം ആണെന്ന് . ഇതൊക്കെ പറയുന്നവരുടെ തൊലിക്കട്ടിക്ക് ഏതെങ്കിലും ഒരു ദേശീയ പുരസ്‌കാരം കൊടുക്കേണ്ട സമയം എന്നേ കഴിഞ്ഞു

അണ്ണാ പ്ലീസ്‌ കാട് കേറല്ലേ .ഈ  പടം അത് മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ പിന്നെ  പ്രതിഭാശാലിയായ ഒരു സംവിധായകനും .

ആകെ എടുത്ത നാലു പടങ്ങളിൽ ആദ്യത്തത് നല്ലൊരു വിഷയത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും  മറ്റും പച്ചയിൽ പോയി അടുത്തത്  അങ്ങേർ ഇതു വരെ  എടുത്തതിൽ ഏറ്റവും നല്ലത്  പിന്നെ യഥാക്രമം  ബോറൻ , പരമ ബോറൻ വിഭാഗങ്ങളിൽ പെട്ട രണ്ടു ചിത്രങ്ങൾ . ഇതു തന്നെയല്ലേ അനിയ നീ ഈ പറഞ്ഞ പ്രതിഭാശാലി ?

അതവിടെ നിൽക്കട്ടെ  ഇനി ഈ സിനിമയെ പറ്റി . സംഗീതം ഗോപി സുന്ദർ ക്യാമറ ജി ദിവാകർ നിഷാദ് ഹനീഫ നിർമ്മിക്കുന്ന  ഈ ചിത്രത്തിൽ പ്രിത്വിരാജ് , ജയസൂര്യ , റെഹ് മാൻ , അപർണ്ണ നായർ , ഹിമ , കുഞ്ചൻ  തുടങ്ങിയവർ അണി നിരക്കുന്നു

ആന്റണി മോസ്സസ് (പ്രിത്വിരാജ് ) , ആര്യൻ ജോണ്‍ ജേക്കബ്‌  (ജയസൂര്യ ), ഫർഹാൻ (റെഹ്മാൻ) എന്നീ  പോലീസ്  ഉദ്യോഗസ്ഥർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .മുംബൈ പോലീസ് എന്നാണ് മാധ്യമങ്ങൾ ഈ സംഘത്തെ വിളിക്കുന്നത്‌ . ചിത്രം തുടങ്ങുന്നത് ഒരു രാത്രി കാർ  ഓടിച്ചു വരുന്ന ആന്റണി മോസ്സസിലാണ് .സുഹൃത്ത്‌ ഫർഹാനെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സോൾവ്‌ ചെയ്തു എന്നും കുറ്റവാളിയെ കണ്ടെത്തി എന്ന് പറയുന്ന ആന്റണിയുടെ വാഹനം ഒരപകടത്തിൽ പെടുന്നു .അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ആന്റണിക്ക് ഓർമ്മകൾ പൂർണമായും നഷ്ട്ടപ്പെടുന്നു . തിരിച്ചെത്തുന്ന അയാൾ സുഹൃത്തിന്റെ നിർബന്ധത്താൽ അന്വേഷണം വീണ്ടും ഏറ്റെടുക്കുന്നു. തന്റെ സുഹൃത്ത്‌ ആരാണെന്നോ ശത്രു ആരാണെന്നോ അറിയാതെ, താൻ  പോലും ആരാണ് എന്നറിയാതെ ,  വീണ്ടും ഒരിക്കൽ കൂടി താൻ പൂർത്തിയാക്കിയ അന്വേഷണം വീണ്ടും ആരംഭിക്കുന്നു . ഇതാണ് അനിയാ ചുരുക്കത്തിൽ പറഞ്ഞാൽ  സംഗതി .

കൊള്ളാമല്ലോ .... ഒരു പുതുമയൊക്കെ  ഉണ്ട് .. പക്ഷെ ഇതു സായിപ്പിന്റെ  ബോണ്ണ്‍  ഐഡന്റിറ്റി അടിച്ചു മാറ്റിയതല്ലേ ?

അനിയാ ആർക്കെങ്കിലും ഓർമ നഷ്ട്ടപെട്ടാൽ ഒടൻ കേറി പിടിച്ചോണം ആ പടത്തിൽ . അങ്ങനെ ആണെങ്കിൽ ഇന്നലെയും മൂന്നാം പിറയും  ഒക്കെ അത് അടിച്ചു മാറ്റിയതാണ് എന്ന് പറയുമല്ലോ നീ ?

നിങ്ങൾ അങ്ങനെ മിടുക്കൻ  ആകാൻ വരട്ടെ . മുകളില കൊടുത്തിരിക്കുന്ന പോസ്റ്റർ കണ്ടാൽ  അറിയില്ലേ കഥ . കൊലപാതകം , അന്വേഷണം പ്രിത്വിരാജ് , കൊന്നത് ജയസൂര്യ , അവസാന നിമിഷം വരെ ചുമ്മാ സംശയിക്കാൻ റെഹ്മാൻ ഇതല്ലേ സംഗതി ?

അനിയ നീ എവിടെ ഇരിക്കെണ്ടവനേ  അല്ല . പറ്റുമെങ്കിൽ നമ്മുടെ ഉണ്ണികൃഷ്ണൻ സാറിന്റെ അസിസ്റ്റന്റ്‌ പണി കിട്ടുമോ എന്ന് നോക്ക് (പറഞ്ഞു വരുമ്പോൾ അങ്ങേരും ത്രില്ലർ ഉണ്ടാക്കിയതാണല്ലോ ) .ന്നിനക്കൊക്കെ  നല്ല ഭാവിയാ അവിടെ . അനിയാ  ഇവിടെ അന്വേഷിക്കുന്നത് ജയസൂര്യയുടെ കൊലപാതകമാണ് .

ഓ .. അത് ശരി  പടമെങ്ങനെ?

ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ സിനിമ. റോഷൻ ആൻദ്രുസ്  എന്ന സംവിധായകനും ബോബി - സഞ്ജയ്‌ ജോടിക്കും അഭിമാനിക്കാവുന്ന ഒരു ചിത്രം.പ്രിത്വിരാജും , ജയസൂര്യയും , റെഹ്മാനും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി .പ്രത്യേകിച്ചും  പ്രിത്വിരാജ് എന്ന നടനു  എന്നും  അഭിമാനിക്കാവുന്ന വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ ആന്റണി മോസ്സസ് എന്നാണ് എന്റെ അഭിപ്രായം.പശ്ചാത്തലസംഗീതം മൊത്തത്തിൽ ചിത്രത്തിന്റെ മൂഡുമായി ചേർന്ന് പോകുന്നതാണ്    .പിന്നെ ഒരു  സംഗതി ....

പറയു പറയു .. മൊത്തത്തിൽ പടം അത്ര പോര അല്ലേ ?

എഴുനേറ്റു  പോടാ അവിടുന്ന് . സംഗതി എന്താണെന്നു വെച്ചാൽ  ആദ്യം കുറെ പേരുടെ പേരെഴുതി നന്ദി  പറയുന്നുണ്ട് . അക്കുട്ടത്തിൽ സുപ്പർ താരം മമ്മുട്ടിയെ വിട്ടു കളഞ്ഞത് മോശമായി പോയി .  ഒരു ചിത്രം  കാണാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ്‌ മറ്റാരെക്കാളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് .

അതെന്താ ?

ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ പ്രിത്വിരാജിന്റെയും  ആര്യുയുടെയും പേരായിരുന്നു പറഞ്ഞു കേട്ടത് . പിന്നെ നമ്മുടെ മഹത്തായ കാസനോവ നീണ്ടു പോയപ്പോൾ ഡേറ്റ് ക്ലാഷ് ആയി എന്ന പേരിൽ പ്രിത്വിരാജ് ഒഴിവാക്കപ്പെട്ടു എന്നും മമ്മൂട്ടി പ്രസ്തുത ചിത്രം ചെയ്യുന്നു എന്നുമാണ് പിന്നീടു കേട്ടത് . പിന്നെ എപ്പോഴോ എപ്പോൾ കാണുന്ന ടീം ഉൾപ്പെട്ട താരനിരയോടെ ചിത്രീകരണം ആരംഭിച്ചു .ശ്രീ മമ്മൂട്ടിയോ മോഹൻലാലോ  ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിൽ ഈ ചിത്രത്തിൽ എന്തൊക്കെ കുത്തി കെട്ടലുകൾ വേണ്ടി വരുമായിരുന്നു എന്നും അവസാനം പുറത്തു വരുന്ന ചിത്രം ഇതു പരുവത്തിൽ ആയിരിക്കും  എന്നാലോചിക്കുമ്പോൾ ശരിക്കും നന്ദി തോന്നുന്നു . നന്ദിയുണ്ട് ഇക്കാ ഒരായിരം നന്ദി .

കുറ്റാന്വേഷണം എന്നല്ലേ പറഞ്ഞേ . ക്ലൈമാക്സ്‌ എങ്ങനെ ?

ഈ ചിത്രത്തിന്റെ ഹൈലൈറ്റ്   അതിന്റെ ക്ലൈമാക്സ്‌ ആണെന്നാണ് എന്റെ എളിയ അഭിപ്രായം . ക്ലൈമാക്സിൽ നായകനോടൊപ്പം കണ്ടിരിക്കുന്നവരും ഞെട്ടുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നായിരിക്കും ഈ ചിത്രം 

അപ്പോൾ ചുരുക്കത്തിൽ .......

കുറ്റാന്വേഷണ / ത്രില്ലർ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം . ഇ പ്പോൾ ഇറങ്ങുന്ന മറ്റു പടങ്ങളുടെ നിലവാരം കൂടെ കണക്കിലെടുത്തൽ ഏതൊരു മലയാളിക്കും ആസ്വദിക്കാവുന്ന ചിത്രം