Monday, September 16, 2013

ശ്രംഗാരവേലൻ (ഇവനൊന്നും ഇത്രയും കിട്ടിയാൽ പോര !!!)

അണ്ണോ .. എന്തോന്നിത് അനക്കമില്ലല്ലൊ ?

എന്തോന്ന് അനങ്ങാൻ അനിയാ ഒന്ന് കണ്ടതിന്റെ ക്ഷീണം മാറിയിയില്ല

അങ്ങനെ പറയരുത് . മായാമോഹിനി എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒരുമിക്കുന്ന ശ്രംഗാരവേലൻ എന്ന സിനിമ മലയാളത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ശനിയാഴ്ച ഇറങ്ങിയത്‌ അറിഞ്ഞില്ലയോ ?

അറിഞ്ഞു അനിയാ .. ഒന്ന് കണ്ടതിന്റെ ക്ഷീണം ഒന്ന് തീർന്നോട്ടെ എന്ന് വിചാരിച്ചു എന്നേ ഉള്ളു

അത് പറഞ്ഞാൽ എങ്ങനാ എഴാം വരവ് , ഡി കമ്പനി ... അങ്ങനെ കിടക്കുവല്ലിയോ ? എന്റെ വിദ്വേഷം ..കാളകൂടം ...

നീ എന്റെ പുക കണ്ടിട്ടേ നിർത്തു  അല്ലിയോ? ശരി . ഇന്നലെ കണ്ട ചിത്രം അത് തന്നെ ജനപ്രിയ നായകൻ ദിലീപിന് വേണ്ടി സിബി -ഉദയൻ ടീം ഒരുക്കുന്ന ജോസ് തോമസ്‌ സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ ദിലീപിനെ കൂടാതെ നായികയായി വേദിക എത്തുബോൾ കൂടെ  ലാൽ (താടി ),കലാഭവൻ ഷാജോണ്‍ , നെടുമുടി , ജോയ് മാത്യു (ഷട്ടർ  ഫെയിം ) , ബാബു നമ്പൂതിരി, പിന്നെ ഒരു ചെറിയ വേഷത്തിൽ മലയാളത്തിന്റെ ഡുണ്ടു മോൻ , ചിരിക്കുടുക്ക ബാബുരാജും എത്തുന്നു രാഹുൽ ദേവ് , ശരത് സക്സേന എന്നിവരും അതിഥി  താരങ്ങളായി എത്തുന്നു .ഷമ്മി തിലകൻ  നേരം എന്ന ചിത്രത്തിലെ ഊക്കൻ റ്റിൻറ്റു എന്ന  പോലീസുകാരനെ അവസാനഭാഗത്ത്‌  പുനരവതരിപ്പിക്കുന്നു 

ശരി അപ്പോൾ ഇവിടെയും നമ്മൾ വൻ താര നിര എന്ന് തന്നെ കാച്ചാം അല്ലേ ?

അതൊക്കെ നിന്റെ ഇഷ്ട്ടം പോലെ കാച്ചുകയോ കലക്കുകയോ എന്താണെന്നു വെച്ചാൽ ചെയ്തോ.ഒരു മൂന്നു മണിക്കൂർ കൊണ്ട് തികച്ചും ജീവിത ഗന്ധിയായ ഒരു കഥയാണ്  ഇത്തവണ  ശ്രീ സിബി ഉദയ് മാർ  പറയാൻ ശ്രമിക്കുന്നത് . പ്രസ്തുത ഗന്ധി  ഇപ്രകാരമാണ് . നെയ്ത്തുകാരുടെ ഒരു ഗ്രാമം . അവിടെ ഒരു നെയ്ത്തുകാരന്റെ  (ബാബു നമ്പൂതിരി ) മകനായ കണ്ണൻ (ദിലീപ് ) ഇയാൾ ഫാഷൻ ടെക്നോളജി  ഒക്കെ പഠിച്ചു വന്ന ആളാണ് .ഇയാളിൽ ആരോപിക്കപ്പെടുന്ന കുറ്റം (ബൈ ഡാഡി ) പഠനം  കഴിഞ്ഞു കുലത്തൊഴിൽ ചെയ്യാതെ പെട്ടന്ന് കാശുകാരൻ ആകാൻ ശ്രമിക്കുന്നു എന്നതാണ് .മലയാള ഹാസ്യ ചിത്രങ്ങളിൽ നായകന്  കോമഡി മാത്രം കാണിക്കുന്ന ഒരു സുഹൃത്ത്‌ വേണം എന്നതിനാൽ ആ ജോലി ഇത്തവണ കലഭവൻ ഷാജോണ്‍ ആണ് ചെയ്യുന്നത് .ഷാജോണ്‍  അത്രക്കങ്ങു ഏറ്റില്ല എങ്കിലോ എന്ന് തോന്നിയിട്ടാകണം ആകാശത്തു  നിന്നും യേശുദാസൻ എന്ന കോമഡി ഗുണ്ടയായി ലാലിനെ കെട്ടി ഇറക്കിയിട്ടുണ്ട് .ഇവർ   മൂന്നു പേരും ചേർന്ന്  നിരന്തരമായി കോമഡി കാണിച്ചു കൊണ്ട് കണ്ണനെ പെട്ടന്ന് സമ്പന്നൻ ആക്കാനുള്ള വഴികൾ  ആലോചിക്കുന്നു . അവസാനം അതീവ ബുദ്ധിപരമായി അവർ എത്തിച്ചേരുന്ന മാർഗം  ഒരു പണക്കാരിയെ (പണക്കാരന്റെ മകളെ പ്രേമിച്ചു കെട്ടുക എന്നതാണ് ) .നവീനമായ ഈ പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ്  കണ്ണന്  അച്ഛന്റെ ഒരാവശ്യത്തിന്  കുറച്ചു അകലെയുള്ള ഒരു കോവിലകം വരെ പോകേണ്ടി വരുന്നത് . അവിടുത്തെ  സമ്പന്നനായ കാരണവർ  (നെടുമുടി വേണു ) അയാളുടെ പണ്ട് പ്രേമിച്ചു കല്യാണം കഴിച്ചു ഇപ്പോൾ ജീവിചിരുപ്പില്ലാത്ത മകളുടെ (അഞ്ചു അരവിന്ദ്‌ ) മകൾ   ദേവു (വേദിക ) .

കണ്ണന്  ദേവുനെ കണ്ടപ്പോൾ തന്നെ പ്രേമം. അപ്പോൾ ആണ് ആ കൊച്ചിന് മറ്റൊരു കദന കഥ കൂടി ഉണ്ടെന്നു അറിയുന്നത് . ഈ ദേവുവിന്റെ അച്ഛൻ ഡി ജി പി (ജോയ് മാത്യു)  (കേട്ടാൽ പോലീസിൽ ആണെന്ന് തോന്നും അല്ല പുള്ളി മുംബയിലെ ഒരു സാധാരണ  അധോലോക രാജാവാണ് ). ഗാംഗ് വാറിന്റെ  ഭാഗമായി ശത്രുക്കൾ വേട്ടയാടുന്ന മകളെ സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു അയക്കാൻ വേണ്ടിയാണ് അദ്ദേഹം തന്റെ തിരക്ക് പിടിച്ച അധോലോക ജീവിതത്തിനു ഇടയിൽ ഇവിടെ എത്തിയത് (ഇടയ്ക്ക്  ഇടയ്ക്ക് അദ്ദേഹം ഒരു തോൾ സഞ്ചിയുമായി അധോലോകത്തേക്ക് പോകും ).എന്തെങ്കിലും അനക്കം കേട്ടാൽ ചാടി വീണു തുരു തുരാ ആകാശത്തേക്ക് വെടിവൈക്കാൻ  അദ്ദേഹം ഇഷ്ടം പോലെ ആളുകളെ നിർത്തിയിട്ടുണ്ട്  (അധോലോക  രാജാവല്ലേ  ആളിനാണോ ക്ഷാമം !!)

ഇടവേള കഴിയുമ്പോൾ പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . ഡി ജി പി സ്വന്തം കദന കഥ വെളിപ്പെടുത്തുന്നു (പണ്ട് ഡി ജി പി  ശരത് സക്സെനയു ടെ സംഘത്തിൽ പ്രവർത്തിച്ചു കഴിയവേ വെടിയേറ്റ അയാളെ ചികിത്സിക്കാൻ തട്ടി കൊണ്ട് വരുന്ന മെഡിക്കൽ വിദ്യാർഥിനികളിൽ ഒരാൾ ആയിരുന്നു   മാളുവിന്റെ അമ്മയും .ചികിത്സ കഴിഞ്ഞു ഫ്രീ ടൈമിൽ ശരത് പീഡനം നടത്താൻ ഒരുങ്ങുമ്പോൾ അവളെ രക്ഷിച്ചു പ്രേമിച്ചു കെട്ടിയതാണ് പാവം ഡി ജി പി . പ്രതികാര ദാഹിയായി വർഷങ്ങൾ കഴിഞ്ഞു  ( അതായിത്  കൊച്ച് ഉണ്ടായി  അത് വളർന്നു  ഈ പരുവം ആയി കഴിഞ്ഞു ) ശരത് വന്നു ഡി ജി പി യുടെ ഭാര്യയെ കൊല്ലുന്നു പകരം ഡി ജി പി ശരത്തിന്റെ മകളെ കാച്ചുന്നു . അതിനു പ്രതികാരം ചെയ്യാനായി  ഡി ജി പിയുടെ മകളെ ശരത്തിന്റെ ആൾക്കാർ കൊല്ലും എന്ന് ഭയന്നാണ് മകളെ മുംബയിൽ നിന്ന് എവിടെ കൊണ്ടുവന്നതും അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചതും.

പിന്നെ അങ്ങോട്ട്‌  വളരെ സ്പീഡിൽ ആണ് കഥയുടെ പോക്ക് . എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുത് . കോമഡി പോരാത്തത് കൊണ്ട് മാളുനെ കിഡ് നാപ്പ് ചെയ്യാൻ കിഡ് നപ്പിംഗ് വിദഗ്ധനായ മഹാലിംഗം (ബാബുരാജ് ) രംഗത്ത് വരുന്നു .(പിന്നെയും ഭയങ്കര കോമഡി ) ലാൽ എന്ന യേശുദാസ ഗുണ്ട അപ്പൻ നമ്പൂതിരി ആയി മണി ചിത്രത്താഴു ഗെറ്റ് അപ്പിൽ എത്തുന്നു (അവിടെയും കോമഡി ) ഇതൊന്നും പോരാത്തതിനു ഷമ്മി തിലകൻ  ഊക്കൻ റ്റിൻറ്റു ആയി വന്നു ബാക്കിയുള്ള കോമഡിയും  കാണിക്കുന്നു . രാഹുൽ ദേവ് എന്ന മുംബൈ കൊലയാളി നായികക്കു നേരെ ടെ ലിസ് സ്കോപിക് തോക്ക് കൊണ്ട് ഇടയ്ക്കിടെ വേടി  വയ്ക്കുന്നു (സാഗർ ജാക്കിയിൽ പർവതം  പോലെ ഇരിക്കുന്ന ലാലേട്ടന് ഇട്ടു  ഇയാൾ   വേടി  വെച്ചിട്ട്  കൊണ്ടില്ല പിന്നെയാ കമ്പ് പോലത്തെ ഈ കൊച്ചിനിട്ടു !!!).അവസാനം വില്ലനെ ഡി ജി പിയെ കൊണ്ട് വേടി  വെച്ച് കൊല്ലിച്ചിട്ടു  ജയിലേക്ക് പറഞ്ഞയിച്ചു എല്ലാവരും സുഖമായി ജീവിക്കുന്നു 

  അപ്പോൾ കൂറ പടം എന്ന് ധൈര്യമായി കാച്ചാം  അല്ലേ

കൂറ എന്നതിനേക്കാൾ ബോറടിപ്പിക്കുന്ന പടം എന്നതാണ് ഈ സിനിമക്ക് ചേരുക . മേല്പ്പറഞ്ഞ കഥ ഒരു മൂന്നു മണിക്കുറിൽ പറഞ്ഞു തീർക്കുന്നത് ഒന്ന് ഓർത്ത്‌ നോക്കിക്കേ പിന്നെ ദിലീപിന്റെ ചിത്രങ്ങൾ കൂറ എന്നാരേലും ഒന്നു  പറഞ്ഞു കിട്ടിയാൽ പിന്നെ മലയാളി അതിനു ഇടിച്ചു കേറും എന്നതല്ലേ സത്യം ?

ഈ സിനിമയുടെ മുഖ്യ  വില്ലൻ എന്നത് തിരക്കഥയാണ് .മായാമോഹിനി എന്ന ചിത്രത്തെ  അഥവാ ചിത്രം നേടിയ വിജയത്തെ കവച്ചു വയ്ക്കണം എന്ന വാശി ആകണം ഈ പടത്തെ ഈ പരുവത്തിൽ ആക്കിയത്

അപ്പോൾ അഭിനയമോ ?

സത്യത്തിൽ നമ്മുടെ ഡി ജി പി ജോയ് മാത്യു  ഒഴികെ ബാക്കി എല്ലാരും അവരവരോട് പറഞ്ഞത് വൃത്തിയായി ചെയ്തിട്ടുണ്ട് (അശ്ലീലം എങ്കിൽ അശ്ലീലം ) .ഡി ജി പി ഇന്നും നരേന്ദ്ര പ്രസാദിന്റെ മോശപ്പെട്ട ഒരു കോപ്പി ആയി തുടരുന്നു എന്നതാണ് കഷ്ട്ടം .നായികാ നായകന്മാരെ കുറിച്ച് പ്രത്യേകിച്ചു ഒന്നും പറയാനില്ല .ലാലിനെയും ബിജു  മേനോനെയും പോലുള്ള താരങ്ങളെ  ഒക്കെ കോമഡിക്ക്  ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു പുസ്തകം ആരേലും ഇറക്കിയില്ല എങ്കിൽ മലയാളി  ഭാവിയിൽ ഇവരൊക്കെ കുതിരവട്ടം പപ്പു മോഡൽ ഹാസ്യം കാണിക്കുന്നത് കണ്ടു  സന്തോഷിക്കേണ്ടി  വന്നേക്കാം.ഒരു നല്ല സപ്പോർ ട്ടിംഗ് കാസ്റ്റ്നു പകരം ആകാശത്തു നിന്ന് കെട്ടിയിറക്കിയ താരങ്ങളുടെ ഒറ്റപ്പെട്ട കോമഡി കൂടെ ആകുമ്പോൾ ദുരന്തം പൂർത്തിയാകുന്നു  

അപ്പോൾ ചുരുക്കത്തിൽ

കേറുന്നവരെ ബോറടിപ്പിച്ചു  പച്ചക്ക് കൊല്ലുന്ന മറ്റൊരു മലയാള കലാസൃഷ്ട്ടി

11 comments:

  1. എത്ര ക്കൂറയാണെങ്കിലും, തിയേറ്ററില്‍ ആലനക്കമുണ്ട് മയാമോഹിനിയെപ്പോലെ ഇതും അങ്ങ് ഹിറ്റ് ആയിക്കോളും...നമ്മുടെ ഒക്കെ ഒരു കഷ്ട്ടം...

    ReplyDelete
  2. ഞാൻ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ പേടിക്കുന്നത് നെടുമുടി വേണുവിന്റെ തമ്പുരാൻ വേഷങ്ങളാണ്. എത്രയോ കാലമായി ഇതുതന്നെ കാണുന്നു. ഇയാൾക്ക് മടുക്കില്ലേ?

    ReplyDelete
    Replies
    1. ഇതു കേട്ടാൽ തോന്നും ആ നടൻ പൊയി തമ്പുരാൻ വേഷം ചോദിച്ചു വാങ്ങുന്നതാണ് എന്ന് . ഇയാൾ അല്ല എതു നടൻ എതു വേഷം ചെയ്താലും ഒരു നല്ല സിനിമ ആയാൽ മതി എന്നാണ്എന്റെ അഭിപ്രായം . പിന്നെ ഒത്തിരി നല്ല നടൻമാരെ നമ്മുടെ മലയാള സിനിമ ടൈപ്പ് കാസ്റ്റ് ചെയ്യ്തു നശിച്ചിട്ടുണ്ട് ബാലൻ കെ നായർ , ടി . ജി രവി ,നെല്ലികോട് ഭാസ്കരൻ , ജഗതി ശ്രീകുമാർ അങ്ങനെ എത്രയോ പേർ

      Delete
    2. സുരേഷ് ഗോപിയെ മറന്നോ...??
      പോലീസാവാന്‍ വേണ്ടി മാത്രം ജനിച്ചവന്‍...

      Delete
    3. നെടുമുടി വേണു ചെയ്യുന്നതിലല്ല കുഴപ്പം. വാസ്തവം പറഞ്ഞാൽ കൊടുക്കുന്ന വേഷം അദ്ദേഹം വൃത്തിയായി കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ യഥാർത്ഥജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം സ്റ്റീരിയോടൈപ്പുകൾ ആവർത്തിക്കുന്നു എന്നതാണ് ദുഃഖകരം. സത്യത്തിൽ ഇങ്ങനെയുള്ള തമ്പുരാക്കന്മാർ സിനിമയിൽ മാത്രമേ ഉള്ളൂ. യഥാർത്ഥത്തിലുള്ള രാജകുടുംബാംഗങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ ഇവിടെയോ ഇവിടെയോ നോക്കിയാൽ മതി. കേരളത്തിലെ മറ്റേതൊരു സമുദായത്തെയും പോലെ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസരിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് ജീവിക്കുന്നവരാണ് അവരും. എന്നാൽ മലയാളസിനിമ നമ്മെ കാണിച്ചുതരുന്ന ചിത്രം മറ്റൊന്നാണ്. മലയാളസിനിമയിലെ ഒരു ടിപ്പിക്കൽ കോവിലകത്ത് പ്രധാനമായും നാലുതരം കഥാപാത്രങ്ങളാണ് ഉള്ളത്.

      1) തമ്പുരാൻ / തമ്പുരാട്ടി: ഇവർ നന്മയുടെയും വാൽസല്യത്തിന്റെയും മൂർത്തീമത് ഭാവമായിരിക്കും. ആർക്കും എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്ന ഇവർ ആധുനികലോകവുമായി യാതൊരു ബന്ധവുമില്ലാത്തവർ ആയിരിക്കും.
      2) ബന്ധുക്കൾ: ഇവരുടെ ഒരേയൊരു ലക്ഷ്യം കോവിലകത്തെ കണക്കില്ലാത്ത സ്വത്തായിരിക്കും.
      3) അനന്തരാവകാശി: മിക്കവാറും നായകനോ നായികയോ ആയിരിക്കും ഈ അനന്തരാവകാശി. കോവിലകത്തെ മുഴുവൻ സ്വത്തിനും അവകാശി ഈ കഥാപാത്രം ആയിരിക്കും.
      4) ആശ്രിതർ: ഇവർ ജന്മനാ മുതിർന്നവരാണ്. അതുകൊണ്ട് എല്ലാവരെയും "കുഞ്ഞേ" എന്നേ വിളിക്കൂ. യാതൊരുവിധ അവകാശബോധവുമില്ലാത്ത വീട്ടുജോലിക്കാരായ ഇവർ ജന്മനാ മണ്ടന്മാരും തല്ലുകൊള്ളുന്നവരും ഉപ്പും ചോറും തിന്ന് വളർന്നവരും ആയിരിക്കും.

      Delete
    4. അങ്ങനെ നോക്കിയാൽ മലയാള സിനിമയിൽ എത്ര ക്ലീഷേകൾ ഉണ്ട് ? എഴുതിയാൽ തീരാത്ത അത്ര കാണും . ഇവയൊക്കെ ഒരു കാലഘട്ടത്തിൽ പ്രസക്തവും ഇന്ന് തികച്ചും അപ്രസ്കതവുമാണ് എന്നതല്ലേ സത്യം . പെട്ടന്ന് ഓര്മ്മ വരുന്ന ഒരു ഉദാഹരണം പ്രസ്ഥാനത്തിന് വേണ്ടു പ്രവർത്തിച്ചു ഒന്നുമാകാതെ പോയ എന്നാൽ സകലരും ബഹുമാനിക്കുന്ന തൊഴിലാളി നേതാവ് .കാലഹരണപ്പെട്ട ഇതു പോലെയുള്ള എത്രയോ ഉദാഹരണങ്ങളെ നമുക്ക് മലയാള സിനിമയിൽ കാണാം .( പലരും പോസ്റ്റ്‌ തന്നെ എഴുതിയിട്ടുണ്ടാകണം )

      Delete
  3. സാഗർ ജാക്കിയിൽ പർവതം പോലെ ഇരിക്കുന്ന ലാലേട്ടന് ഇട്ടു ഇയാൾ വേടി വെച്ചിട്ട് കൊണ്ടില്ല പിന്നെയാ കമ്പ് പോലത്തെ ഈ കൊച്ചിനിട്ടു :)

    ReplyDelete
  4. ********ലാലിനെയും ബിജു മേനോനെയും പോലുള്ള താരങ്ങളെ ഒക്കെ കോമഡിക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു പുസ്തകം ആരേലും ഇറക്കിയില്ല എങ്കിൽ മലയാളി ഭാവിയിൽ ഇവരൊക്കെ കുതിരവട്ടം പപ്പു മോഡൽ ഹാസ്യം കാണിക്കുന്നത് കണ്ടു സന്തോഷിക്കേണ്ടി വന്നേക്കാം.*******

    പപ്പുവിന്റെ തമാശ അത്രക്കു മോശമാണോ...

    ReplyDelete
    Replies
    1. ഒരിക്കലും കരുതുന്നില്ല . പക്ഷെ ജയൻ പപ്പു കാണിക്കുന്നത് പോലെ കോമഡി കാണിച്ചാൽ അത് അരോചകം ആകും എന്ന് മാത്രം

      Delete
  5. അങ്ങിനെ ദിലീപിന്റെ ഒരു പടം കൂതറയാണ് എന്ന് പ്രേക്ഷകന്‍ പറഞ്ഞു..തൃപ്തിയായി ഉണ്ണിയേട്ടാ....തൃപ്തിയായി...........

    ReplyDelete
  6. ഇന്നത്തെ അവസ്ഥയിൽ മിനിമം ഗ്യാരണ്ടിയുള്ള ഒരേയൊരു നായകനടൻ ദിലീപാണ്. അതായത് ദിലീപിന്റെ ഏതു കൂതറ പടം ഇറങ്ങിയാലും പടത്തിന് ആളുകേറും എന്ന് ഉറപ്പാണ്. മോഹൻലാലിനോ മമ്മൂട്ടിയ്ക്കോ പോലും ആ ഗ്യാരണ്ടി ഇന്ന് ഇല്ല. (ഈ പറഞ്ഞതിനർത്ഥം ദിലീപ് മഹാനടനാണ് എന്നല്ല. എന്നാൽ തന്നിൽ നിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു മനസിലാക്കി കൃത്യമായി അത് ഡെലിവർ ചെയ്യാൻ ദിലീപിന് കഴിയുന്നുണ്ട്. അത്ര തന്നെ.)

    ReplyDelete